ന്യൂഡൽഹി: ഡൽഹിയിൽ പൊതുനിരത്തിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് ഇരുപത്തൊന്നുകാരനെ അടിച്ചുകൊന്നു. ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സംഭവം. മൂന്നു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കുകിഴക്കൻ ഡൽഹിയിലെ ഹാർഷ് വിഹാറിലാണ് സന്ദീപ് എന്ന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് റാസ, സെബു, മുകീം എന്നീ മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മൂവരും 20-21 വയസ്സു പ്രായമുള്ളവരാണ്.

പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. നിസാരതർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സന്ദീപും പ്രതികളും പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സന്ദീപിനെ വടികൊണ്ടും കല്ല് ഉപയോഗിച്ചും ഇവർ ആക്രമിച്ചു. കൊലപാതക കുറ്റം ചുമത്തി പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകത്തിനു മുമ്പും ഇവർ തമ്മിൽ തർക്കമുണ്ടായിട്ടുള്ളതായി പൊലീസ് കണ്ടൈത്തിയിട്ടുണ്ട്.