ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇതരജാതിക്കാരനുമായുള്ള പ്രണയത്തിന്റെ പേരിൽ പത്തൊൻപതുകാരിയായ മകളെ കഴുത്തറുത്തുകൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡി(42)നെയാണ് അറസ്റ്റ് ചെയ്തത്. ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനുമായുള്ള മകളുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച അർധരാത്രി വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മകളെ ഈർച്ചവാൾ കൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകം നടന്നത് വീട്ടിലെ മറ്റുള്ളവരൊന്നും അറിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാവിലെയാണ് മനോജ് റാത്തോഡിന്റെ മൂത്തമകൾ രുചി റാത്തോഡിനെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മുകൾനിലയിൽനിന്നും മകൾ താഴേക്ക് വരാത്തത് തിരക്കിയ അമ്മയോട് മനോജ് റാത്താഡ് തന്നെ കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ അമ്മ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി പ്രതിയെ പിടികൂടുകയും ചെയ്തു.

മനോജ്-നഗീന ദമ്പതിമാരുടെ നാല് മക്കളിൽ മൂത്തയാളാണ് കൊല്ലപ്പെട്ട രുചി റാത്തോഡ്. കഴിഞ്ഞ ഒരുവർഷമായി ഏട്ടാ സ്വദേശിയായ സുധീർ കുമാർ(21) എന്നയാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇതരജാതിക്കാരനായ യുവാവുമായുള്ള പ്രണയത്തെ മനോജ് എതിർത്തു. എന്നാൽ പിതാവിന്റെ എതിർപ്പ് മറികടന്ന് പെൺകുട്ടി യുവാവുമായുള്ള ബന്ധം തുടർന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി.

പ്രണയം തുടർന്നാൽ രണ്ടുപേരെയും കൊല്ലുമെന്ന് മകളെയും കാമുകനെയും മനോജ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സുധീറിനെ വിവാഹം കഴിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മനോജ് വീട്ടിലെത്തിയപ്പോൾ മകൾക്കൊപ്പം കാമുകനെയും കണ്ടു. തുടർന്നാണ് കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും രുചി റാത്തോഡ് മുകൾനിലയിൽനിന്ന് താഴേക്ക് വരാതിരുന്നതോടെയാണ് അമ്മ നഗീനയ്ക്ക് സംശയം തോന്നിയത്. തുടർന്ന് മകളെ വിളിക്കാൻ നഗീന ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് മകളെ കൊലപ്പെടുത്തിയെന്ന് പ്രതി ഭാര്യയോട് വെളിപ്പെടുത്തിയത്.

'എന്റെ മകൾ എപ്പോൾ കൊല്ലപ്പെട്ടെന്ന് എനിക്കറിയില്ല. വീടിന്റെ ഒന്നാംനിലയിലാണ് അവളുടെ മുറി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും അവൾ താഴേക്ക് വന്നില്ല. അതോടെ ഞാൻ ഭർത്താവിനോട് മകളെ വിളിക്കാൻ പറഞ്ഞു. അപ്പോളാണ് മകളെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞത്. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു'- നഗീന മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകൾ നിരപരാധിയാണെന്നും ഭർത്താവിന്റെ ബുദ്ധിയില്ലായ്മ തങ്ങളുടെ കുടുംബത്തെ തകർത്തുകളഞ്ഞെന്നും അവർ പറഞ്ഞു.

പ്രതിയായ മനോജ് റാത്തോഡ് വള നിർമ്മാണ യൂണിറ്റിലെ ജോലിക്കാരനാണെന്ന് ഫിറോസാബാദ് നോർത്ത് എസ്.എച്ച്.ഒ. നരേന്ദ്രകുമാർ ശർമ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ കാമുകനിൽനിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എസ്.എച്ച്.ഒ. അറിയിച്ചു.