ന്യൂഡൽഹി: ആൾക്കൂട്ടം നോക്കി നിൽക്കെ 22കാരിയെ യുവാവ് തെരുവിലിട്ട് കുത്തിക്കൊന്നു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ രക്തം വാർന്നൊഴുകിയാണ് യുവതി മരണപ്പെട്ടത്. യുവതിയെ വഴിയാത്രക്കാർ സമയത്തിന് ആശുപത്രിയിലെത്തിക്കാതെ പൊലീസിനെ കാത്തു നിൽക്കുകയായിരുന്നു. കിഴക്കൻ ഡൽഹിയിലെ ഷഹ്ദാറയിൽ വ്യാഴാഴ്‌ച്ചയാണ് സംഭവം.ആൾക്കൂട്ടം നോക്കി നിൽക്കെയാണ് യുവതിയെ യുവാവ് കത്തി കൊണ്ട് കുത്തുന്നത്.

ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനൊടുവിലാണ് പ്രതി യുവതിയെ കത്തി കൊണ്ട് കുത്തുന്നത്. ഒന്നിലേറെ തവണ കുത്തേൽപിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രക്തം വാർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാഴ്ചക്കാർ യുവതിയെ ആശുപത്രിയിലാക്കാതെ പൊലീസിന് വേണ്ടി കാത്തിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

'ദൃക്സാക്ഷികൾ സംഭവസ്ഥലത്ത് പൊലീസെത്താൻ വേണ്ടി കാത്തു നിന്നു. അതിന് ശേഷമാണ് അവരെ ആശുപത്രിയിലാക്കുന്നത്. ഒരു പാട് സമയം അങ്ങനെ നഷ്ടപ്പെട്ടു. ഒന്നിലധികം കുത്തേറ്റതിനാൽ രക്തം ഒരുപാട് നഷ്ടപ്പെട്ട് ആശുപത്രിയിൽ വച്ചാണ് യുവതി മരിക്കുന്നത്,' പൊലീസുദ്യോഗസഥൻ പറയുന്നു.

വാഹന മോഷണക്കേസിൽ വരെ മുമ്പ് പ്രതിയായിട്ടുള്ളയാളാണ് ആക്രമിയെന്നും പ്രതി ആദിലാണെന്ന് തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു.
ആദിലും യുവതിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അവരുടെ ബന്ധം വഷളായി. കൊലപാതകത്തിലേക്ക് ആദിലിനെ നയിച്ച കാരണം ഇയാളെ പിടികൂടിയാലെ അറിയാൻ കഴിയൂ എന്നും പൊലീസും അറിയിച്ചു. ഫ്രാങ്ക്ഫ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എയർഹോസ്റ്റസ് ആവാൻ പരിശീലനം നേടുന്ന വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.