തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. മദ്യപിച്ച് ബഹളംവച്ച യുവാവിനെ സഹോദരൻ തന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ്. ചേർപ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ കെ ജെ സാബുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 19ന് അർദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തു.

ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് സാബുവിന്റെ മൊഴി. ഇവരുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

വ്യാഴാഴ്ച രാവിലെ പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസി മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടർന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി. ഇയാൾ പ്രദേശവാസികളായ മറ്റുള്ളവരെ വിവരമറിയിച്ചു. എന്നാൽ അവരോടൊപ്പം മടങ്ങിയെത്തിയപ്പോൾ നേരത്തേ മാറിക്കിടന്നിരുന്ന മണ്ണ് തിരികെ മൂടിയിട്ടതായാണ് കണ്ടത്.

സംശയം തോന്നിയ നാട്ടുകാർ മണ്ണ് മാറ്റി നോക്കിയപ്പോൾ മണ്ണിനടിയിൽ ഹോളോ ബ്രിക്സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി. കട്ടകൾ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യിൽ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടർന്ന് നാട്ടുകാർ ചേർപ്പ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിട്ടതാണെന്ന സൂചനയെ തുടർന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാബുവിനെ സഹോദരൻ സാബു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.