ന്യൂഡൽഹി: ഭർത്താവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഉത്തരേന്ത്യൻ വിശ്വാസപ്രകാരം ഭാര്യ അനുഷ്ഠിക്കുന്ന വ്രതമാണ് കർവ ചൗത്ത്. ജലപാനം പോലും ഇല്ലാതെ നടത്തുന്ന ഉപവാസ വ്രതമാണ് ഇത്. ഈ വ്രതം അനുഷ്ഠിക്കാൻ വിസമ്മതിച്ച ഭാര്യയെ കുത്തിയ ശേഷം ഡൽഹിയിൽ യുവാവ് സ്വയം ജീവനൊടുക്കി.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ ഇന്നലെയാണ് സംഭവം. ദമ്പതികളുടെ വഴക്കും തുടർന്ന് ആത്മഹത്യയുമെല്ലാം അരങ്ങേറിയത് ഇവരുടെ നാലുവർഷം പ്രായമുള്ള മകളുടെ മുന്നിൽവച്ചാണ്. ജസ്വിന്തർ സിങ് എന്ന മുപ്പത്തിരണ്ടുകാരനാണ് ഭാര്യയെ കുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കുറച്ചു മാസമായി ജസ്വന്ത് ഭാര്യ ക്കും കുഞ്ഞിനും ഒപ്പമല്ല താമസം. ഇരുവരും ഡിവോഴ്‌സ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. മകളെ കാണാൻ കോടതിയുടെ അനുമതി പ്രകാരം ജസ്വിന്തർ വാരാന്ത്യങ്ങളിൽ ഭാര്യയുടെ വീട്ടിൽ പോകാറുണ്ട്.

ഭാര്യയും രണ്ട് സഹോദരങ്ങളും ആണ് ഇവിടെ താമസം. ഇന്നലെ വീട്ടിലെത്തിയ ജസ്വന്ത് ഭാര്യയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും ടെറസ്സിലേക്ക് വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞും കൂടെ പോയി. സംസാരം വഴക്കായി മാറുകയും സ്ത്രീ പ്രാണരക്ഷാർത്ഥം നിലവിളിക്കുകയും ചെയ്തപ്പോഴാണ് യുവാവ് അവരെ ആക്രമിച്ചെന്ന് മറ്റുള്ളവർ അറിയുന്നത്.

കുത്തേറ്റ സ്ത്രീ താഴേക്ക് ഓടി വരികയും ചെയ്തു. നിലവിളികേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും നാലാം നിലയിലെ ടെറസ്സിൽ നിന്ന് ജസ്വിന്തർ സിങ് താഴേക്ക് ചാടുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ചാട്ടത്തിൽ നിലത്തിടിച്ച് തല തകർന്ന ജസ്വിന്തർ തൽക്ഷണം മരിച്ചു. താഴേക്ക് ഓടിയെത്തിയ യുവതിയും ഇതുകണ്ട് ബോധരഹിതയായി. താഴേക്കു ചാടുമ്പോൾ ഒരു കാറിന് മുകളിലേക്ക് വീണ ജസ്വന്ത് പിന്നീട് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. അഞ്ചുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.