ഒറ്റപ്പാലം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കാർ ഇടിപ്പിച്ചു കയറ്റിയപ്പോൾ ബോണറ്റിലേക്ക് വീണു പോയ യുവാവുമായി രണ്ട് മണിക്കൂർ അപകടകരമാം വിധത്തിൽ വണ്ടിയോടിച്ചതായാണ് പരാതി. ഒറ്റപ്പാലത്താണ് സംഭവം.

സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ ഉസ്മാൻ എന്നയാൾ തനിക്ക് നേരെ കാറിടിച്ച് കയറ്റുകയായിരുന്നുവെന്ന് പെരിന്തൽമണ്ണ സ്വദേശി ഫൈസലാണ് പരാതി നൽകിയത്. ഒറ്റപ്പാലം പൊലീസിലാണ് പരാതി നൽകിയത്.

ചുനങ്ങാട് സ്വദേശി ഉസ്മാനും പെരിന്തൽമണ്ണ സ്വദേശി ഫൈസലും തമ്മിൽ 78000 രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഉസ്മാന്റെ സ്ഥാപനത്തിലേക്ക് സാധനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇടപാട് നടന്നത്. പലതവണ പണം ചോദിച്ചിട്ടും ഉസ്മാൻ തിരികെ നൽകിയില്ല. തുടർന്ന് പണം ആവശ്യപ്പെട്ട് ഫൈസലും സുഹൃത്തുക്കളും പെരിന്തൽമണ്ണയിൽ നിന്ന് ഒറ്റപ്പാലത്തിനടുത്തുള്ള ഉസ്മാന്റെ വീടിന് സമീപത്തെത്തുകയായിരുന്നു.

വീടിന് സമീപത്ത് കാത്തുനിന്ന് ഉസ്മാൻ വരുന്നത് കണ്ടപ്പോൾ കൈ നീട്ടി കാർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താതെ ഫൈസലിനു നേരെ കാർ ഇടിച്ചുകയറ്റുകയായിരുന്നു. ബോണറ്റിലേക്ക് മറിഞ്ഞുവീണ ഇയാൾ വൈപ്പറിൽ അള്ളിപ്പിടിച്ചാണ് നിന്നത്. ബോണറ്റിൽ യുവാവ് വീണു കിടക്കുമ്പോഴും കാർ കുതിച്ചു പായുന്നതിന്റെസിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടകരമായ യാത്രയ്‌ക്കൊടുവിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ് വാഹനം നിർത്തിയതെന്ന് ഫൈസൽ പറഞ്ഞു.

ഫൈസലിന് നേരിയ പരിക്കുകളുണ്ട്. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തന്നെ കൊലപ്പെടുത്താനായിരുന്നു ഉസ്മാന്റെ ശ്രമമെന്ന് ഫൈസൽ പ്രതികരിച്ചു. ബസ്സിന്റേയും മറ്റ് വാഹനങ്ങളുടേയും അടുത്തെത്തി കാർ വെട്ടിക്കാൻ ശ്രമിച്ചു. പലതവണ ബ്രേക്ക് പിടിച്ച് താഴെയിടാൻ ശ്രമിച്ചു, തന്നെ കൊല്ലുമെന്ന് ഉസ്മാൻ ആക്രോശിച്ചിരുന്നുവെന്നും ഫൈസൽ പറഞ്ഞു.

സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് ഉസ്മാനെ കസ്റ്റഡിയിലെടുത്തു. ഉസ്മാന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ പൊലീസ് മോട്ടോർവാഹന വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. മുഹമ്മദ് ഫാസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വണ്ടി തടഞ്ഞ് പണം തിരികെ ചോദിച്ചപ്പോഴാണ് വാഹനം മുന്നോട്ടെടുത്തത്. ബോണറ്റിൽ കുടുങ്ങിപ്പോയ മുഹമ്മദ് ഫാസിലുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് സമീപം വരെ വാഹനം സഞ്ചരിച്ചു.