- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം: കൂൾബാർ മാനേജറായ പടന്ന സ്വദേശി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി;വാൻ കത്തിച്ചതിൽ കേസെടുത്ത് പൊലീസ്
കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കൂൾബാർ മാനേജർ അറസ്റ്റിൽ. കാസർകോട് പടന്ന സ്വദേശി അഹമ്മദിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇയാൾ മൂന്നാം പ്രതിയാണ്.
സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അഹമ്മദിന്റെ അറസ്റ്റോടെ കേസിൽ മൂന്ന് പേർ പിടിയിലായി. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്.മരിച്ച വിദ്യാർത്ഥിനി ദേവനന്ദക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തിൽ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. നേപ്പാൾ, മംഗളൂരു സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. കൂൾബാറിന്റെ മറ്റൊരു മാനേജിങ് പാർട്നറായ അഹമ്മദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഡിയൽ കൂൾബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കടയിൽ നിന്ന് ശേഖരിച്ച വെള്ളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ മരിച്ചിരുന്നു.
ദേവനന്ദയുൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവർമ കഴിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് വിദ്യാർത്ഥികളടക്കമുള്ളവർ ഷവർമ കഴിച്ചതെന്ന് പൊലീസ് അറിയിച്ചു.അന്വേഷണത്തിൽ ഇറച്ചി ഉൾപ്പെടെ സൂക്ഷിക്കുന്ന ഫ്രീസറിൽ വൃത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ് 52 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. പരിയാരത്ത് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അതിനിടെ, ഐഡിയൽ കൂൾബാറിന്റെ വാൻ കത്തിച്ചതിന് പൊലീസ് കേസെടുത്തു.
സംസ്ഥാനത്ത് ഷവർമ്മ നിർമ്മാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. പലപ്പോഴും ഷവർമയ്ക്കുപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവർമയിൽ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവുമെന്നും മന്ത്രി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ