ഹരിപ്പാട്: നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ വരുന്ന ഭക്തർക്ക് സായൂജ്യം നൽകി മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് സമാപ്തിയായി.

ഇന്നലെ പുലർച്ചെ 3.30-ന് നിർമ്മാല്യദർശനത്തോടെയാണ് ആയില്യംദിന ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 6 മണി മുതൽ ആയില്യത്തിന്റെ സവിശേഷ പൂജകൾക്ക് മണ്ണാറശാല ഇല്ലത്തെ കാരണവർ നേതൃത്വം നൽകി. എട്ടു മണി മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം ഭക്തജനങ്ങൾക്ക് ദർശനം നൽകി. തുടർന്ന് നിവേദ്യത്തിന് ശേഷം 10 മണി മുതൽ പ്രസാദമൂട്ട് നടന്നു. ഉച്ചപൂജയ്ക്ക് ശേഷം നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ കുടുംബകാരണവർ ആയില്യം പൂജയ്ക്കുള്ള നാഗപത്മക്കളം വരച്ചതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ശ്രീകോവിലിൽ പ്രവേശിച്ചു.

എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങി. തുടർന്ന് അമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സർപ്പയക്ഷിയമ്മയുടെയും കാരണവ•ാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി എഴുന്നള്ളത്ത് ആരംഭിച്ചു. പഞ്ചവാദ്യം, നാഗസ്വരം, തകിൽ, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്. എഴുന്നള്ളത്ത് ഇല്ലത്തെത്തിച്ചേർന്നതോടെ അമ്മയുടെ പതിവ് പൂജകൾ നടന്നു. തുടർന്ന് ആയില്യം പൂജയും. അതിന് ശേഷം അമ്മയുടെ അനുമതി വാങ്ങി കുടുംബകാരണവർ തട്ടി•േൽ നൂറുംപാലും നടത്തിയതോടെ ഈ വർഷത്തെ ആയില്യം ഉത്സവത്തിന് സമാപനമായി.

ആയില്യം ദിനത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, കായംകുളം ബാബു തുടങ്ങിയവർ പങ്കെടുത്ത ഭക്തിഗാനമാധുരിയും അരങ്ങേറി.