- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണാറശാല ഉത്സവത്തിന് നവംബർ രണ്ടന് തുടക്കമാവും; ആയില്യം നാലിന്
ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ വർഷം നവംബർ 2 തിങ്കളാഴ്ചയാണ് ആയില്യം ഉത്സവത്തിന് തുടക്കമാകുന്നത്. നവംബർ 4 ബുധനാഴ്ചയാണ് ആയില്യം. മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന മണ്ണാറശാല ഇല്ലത്തെ ഏറ്റവും പ്രായം ചെന്ന വനിതയാണ് പ്രധാനപ്പെട്ട ആയില്യം ചടങ്ങുകൾക്ക് നേത
ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ വർഷം നവംബർ 2 തിങ്കളാഴ്ചയാണ് ആയില്യം ഉത്സവത്തിന് തുടക്കമാകുന്നത്. നവംബർ 4 ബുധനാഴ്ചയാണ് ആയില്യം.
മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന മണ്ണാറശാല ഇല്ലത്തെ ഏറ്റവും പ്രായം ചെന്ന വനിതയാണ് പ്രധാനപ്പെട്ട ആയില്യം ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. നാഗരാജാവിനെ അമ്മ ക്ഷേത്രസമീപത്തുള്ള മണ്ണാറശാല ഇല്ലത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ആയില്യം എഴുന്നള്ളത്താണ് ആയില്യം ഉൽസവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്ന്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിനു വരുന്ന ഭക്തജനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തികരണഘട്ടത്തിലാണെന്ന് മണ്ണാറശാല ഇല്ലത്തെ കാരണവരായ എം. വി. സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു.
പുണർതം നാളായ നവംബർ 2-ന് നടക്കുന്ന മഹാദീപക്കാഴ്ചയാണ് ഉത്സവത്തിന്റെ പ്രാരംഭചടങ്ങുകളിലൊന്ന്. അന്നു വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് നാലാമത് ശ്രീ നാഗരാജ പുരസ്‌കാരം പ്രശസ്ത മോഹനിയാട്ടം നർത്തകിയായ കലാമണ്ഡലം ക്ഷേമാവതിക്ക് സമ്മാനിക്കും. തുടർന്ന് ഡോ. ജാനകി രംഗരാജന്റെ നൃത്തപരിപാടി അരങ്ങേറും.
പൂയം നാളായ നവംബർ 3-ന് 11 മണി മുതൽ 2 വരെ ക്ഷേത്രസമീപത്ത് കെട്ടിയുയർത്തുന്ന പന്തലിൽ വച്ച് അന്നദാനം നടക്കും. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണിക്കിനാളുകളാണ് അന്നദാനത്തിൽ സംബന്ധിച്ചു വരുന്നത്. 9.30 മുതൽ 12.30 വരെ സർപ്പയക്ഷിക്കും നാഗരാജാവിനുമായി മണ്ണാറശാല അമ്മ ഉച്ചപ്പൂജ നടത്തും. ആയില്യം ഉത്സവത്തിന്റെ മറ്റൊരു പ്രധാന ചടങ്ങാണിത്. വൈകീട്ട് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ 60 മേളവിദഗ്ദ്ധർ അണിനിരക്കുന്ന ചെണ്ടമേളം നടക്കും. തുടർന്ന് അഭിഷേക് രഘുരാമന്റെ ശാസ്ത്രീയ സംഗീത കച്ചേരി, കലാമണ്ഡലം ഗോപി ആശാൻ അവതരിപ്പിക്കുന്ന കഥകളി എന്നിവയും അരങ്ങേറും.
പുലർച്ചെ 3.30-നുള്ള നിർമ്മാല്യദർശനത്തോടെയാണ് നവംബർ 4-ന് ആയില്യംദിന ചടങ്ങുകൾ ആരംഭിക്കുക. ആറു മണിക്ക് ആരംഭിക്കുന്ന ആയില്യത്തിന്റെ സവിശേഷ പൂജകൾ, നാഗക്കളം ചടങ്ങുകൾ എന്നിവയ്ക്ക് മണ്ണാറശാല ഇല്ലത്തെ കാരണവരായ നമ്പൂതിരി നേതൃത്വം നൽകും. 8 മണി മുതൽ 12.30 വരെ അമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. തുടർന്ന് അന്നദാനം നടക്കും. ഓട്ടൻതുള്ളൽ, ശാസ്ത്രീയസംഗീതക്കച്ചേരി തുടങ്ങിയ പരിപാടികളുമുണ്ടാകും.
ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെയാണ് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് നടക്കുക. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും അമ്മ ഇല്ലത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വൈകീട്ട് ഇല്ലത്തെ കാരണവരായ നമ്പൂതിരി ഇല്ലത്തു നടത്തുന്ന തട്ടിൽ നൂറും പാലും എന്ന ചടങ്ങോടെ ആയില്യം ഉത്സവത്തിന് സമാപനമാകും.
രണ്ട് ലക്ഷത്തോളം ഭക്തജനങ്ങളെയാണ് ഇത്തവണത്തെ ആയില്യം ഉത്സവത്തിന് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രാധികൃതർ പറഞ്ഞു. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ക്ഷേത്രത്തിലെത്തിച്ചേരാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അവർ അറിയിച്ചു. ഹരിപ്പാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. പെട്ടെന്നുള്ള ജനത്തിരക്ക് മുന്നിൽക്കണ്ടുള്ള സംവിധാനങ്ങളും തയ്യാറായിരിക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നടപ്പാക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്നും അധികൃതർ ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു.
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ആയില്യംനാളായ നവംബർ 4-ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.