'മരിക്കുന്നതിന് മുമ്പ് എനിക്കൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‌ബോൾ താരത്തെ നേരിട്ടുകാണണം' - പാഡിലോലർ എന്ന 73-കാരന്റെ ആഗ്രഹം അതായിരുന്നു. ജീവിതകാലം മുഴുവൻ താൻ ആരാധിച്ച ക്ലബ്ബിലെ ഒരു താരത്തെയെങ്കിലും നേരിട്ട് കണ്ടശേഷം കണ്ണടയ്ക്കുക എന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

തന്റെ അവസാനത്തെ ആഗ്രഹം മകളോടും പേരക്കുട്ടികളോടും പറയുമ്പോഴും അത് സാധിക്കുമെന്ന് പാഡി ലോലർ കരുതിയിരുന്നില്ല. മുത്തച്ഛന്റെ ആഗ്രഹത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പേരക്കുട്ടി കെയ്‌ലി ലോലറും അത് സത്യമാകും എന്ന് കരിതിയില്ല. എന്നാൽ മാഞ്ചസ്റ്ററിലെ വിതൻഷോയിലുള്ള വീട്ടിലേക്ക് അവരെത്തി.

ഒരാളെ കാണണം എന്നാണ് പാഡി ലോലർ ആഗ്രഹിച്ചത്. എന്നാൽ, പാഡി ലോവറെ കാണാൻ നാല് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെത്തി. ആഷ്‌ലി യങ്, ജെസി ലിംഗാർഡ്, മാർക്കസ് റാഷ്‌ഫോർഡ്, തിമോത്തി ഫോസു മെൻസ എന്നിവർ. നാലുപേരും പാഡി ലോലറിന്റെ മരണക്കിടയ്ക്ക് ചുറ്റുംനിന്ന് അദ്ദേഹത്തെ സന്തോഷിപ്പിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്റെ ആഗ്രഹത്തിലായിരുന്നു പാഡി ലോലർ ആ നിമിഷങ്ങളിൽ. താരങ്ങൾ പോയി മുക്കാൽ മണിക്കൂറിനകം ആ വയോധികൻ ലോകത്തോട് വിടപറയുകയും ചെയ്തു. ജീവിതകാലമത്രയും ആരാധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങൾ തന്നെ കാണാനെത്തുന്നതിലും അപ്പുറം മറ്റൊന്നും സാധിക്കാനില്ലെന്ന ചാരിതാർഥ്യത്തോടെ അദ്ദേഹം കണ്ണടച്ചു.

പാഡി ലോലറുടെ ആഗ്രഹത്തെക്കുറിച്ച് പേരക്കുട്ടി കെയ്‌ലി ലോലറാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ലിംഗാർഡിന്റെ കസിൻ റോബർട്ട് കിൽസോ ഈ പോസ്റ്റ് കണ്ടു. ലോലറുടെ ആഗ്രഹത്തെക്കുറിച്ച് തന്റെ കസിനോട് കിൽസോ പറഞ്ഞു. ഇതറിഞ്ഞപ്പോൾ മറ്റു മൂന്നു താരങ്ങൾകൂടി ലിംഗാർഡിനൊപ്പം ചേരുകയായിരുന്നു.

ആഡംബര കാറുകളിൽ അവർ ലോലറുടെ വീട്ടിലേക്കെത്തി. അരമണിക്കൂറോളം അവിടെ ചെലവിട്ടു. കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ക്ലബ് ടി ഷർട്ടുകളിൽ ഒപ്പിട്ടുനൽകിയും അവർ സമയം ചെലവിട്ടു. പ്രോസ്‌റ്റേറ്റ് കാൻസർ ബാധയെത്തുടർന്ന് നാലുവർഷമായി മരണക്കിടക്കയിലായിരുന്നു ലോലർ.