തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി, മൂന്നു തവണ എംപി, മൊറാർജി ദേശായി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയുമായ രവീന്ദ്രവർമയുടെ വിധവ മംഗളവർമയുടെ ചിത തൈക്കാട് ശ്മശാനത്തിൽ എരിയുമ്പോൾ, സുഖസൗകര്യങ്ങളുടെ ശീതളിമയിൽ യൗവനവും ദാമ്പത്യവും രാജകീയമായി അനുഭവിച്ച് ഒടുവിൽ ആരുമില്ലാത്ത അനാഥത്വവും പേറിയുള്ള നരകജീവിതത്തിന് അവസാനമാകുകയായിരുന്നു. ഡൽഹിയിലെ മന്ത്രിമന്ദിരങ്ങളിൽ ജീവിക്കുമ്പോൾ ഒരിക്കലും മംഗളവർമ വിചാരിച്ചിട്ടുണ്ടാവില്ല തന്റെ അവസാനം ഇത്രത്തോളം ദയനീയമാകുമെന്ന്. മക്കളും ബന്ധുക്കളും നേതാക്കളും കൈയൊഴിഞ്ഞ ആരാലും ഓർമിക്കപ്പെടാതെ, സ്‌നേഹിക്കപ്പെടാതെ, മംഗള വർമ കടന്നു പോകുമ്പോൾ തലമുറകൾക്ക് ഒരു ഓർമപ്പെടുത്തൽ നീക്കിവച്ചാണ് ഈ മടക്കയാത്ര. ഇങ്ങനെ ഒരു നാൾ നിങ്ങളിലേക്കും എത്തുമെന്ന ഓർമപ്പെടുത്തൽ.

നെയ്യാറ്റിൻകര കവളാകുളത്തെ ഹാപ്പി ഹോം അനാഥാലയത്തിലേക്ക് മംഗളവർമ എത്തുന്നത് മൂന്നു വർഷം മുമ്പാണ്. മക്കളോ, ബന്ധുക്കളോ, നേതാക്കളോ അല്ല ഇവരെ ഇവിടെ എത്തിച്ചത്. തികഞ്ഞ ഗാന്ധിയനും കേന്ദ്രമന്ത്രിയും പലതവണ എംപി.യുമായി ഒരു മനുഷ്യന്റെ ഭാര്യ അനുഭവിക്കുന്ന നരകജീവിതം കണ്ട് എൽഡേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റായ വി.കെ.എൻ പണിക്കരാണ് മംഗളവർമയെ അനാഥാലയത്തിലാക്കിയത്.

സ്വാതന്ത്യസമരത്തിന് ശേഷം ജനിച്ച ആയിരക്കണക്കിന് പേർ സ്വാതന്ത്യസമരത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ വാങ്ങുമ്പോൾ, രവീന്ദ്രവർമയെന്ന മന്ത്രിയുടെ പേരിലോ, സ്വാതന്ത്യസമരത്തിന്റെ പേരിലോ ഒരു സഹായവും സർക്കാരിൽ നിന്ന് ഇവരെ തേടിയെത്തിയില്ല. മംഗളവർമയെന്ന അമ്മയെ മക്കളും മറന്നതോടെ അനാഥാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ആ ജിവിതം ഒതുക്കി നിർത്തി. അഞ്ചുമാസം മുമ്പാണ് കാൻസർ ബാധിതയാണെന്ന് അറിയുന്നത്. ചികിത്സാ ചെലവുകളെല്ലാം ഹാപ്പി ഹോമാണ് വഹിച്ചത്. മംഗള വർമ അനാഥാലയത്തിൽ ജീവിക്കുന്നുവെന്ന വാർത്തയെ തുടർന്ന് മന്ത്രി എം.കെ.മുനീർ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനം പ്രഖ്യാപനമായി തന്നെ ഒതുങ്ങി.

ഒരു മുൻ കേന്ദ്രമന്ത്രിയുടെ വിധവ എന്നതു മാത്രമായിരുന്നില്ല മംഗളവർമയുടെ കുടുംബ പശ്ചാത്തലം. മാവേലിക്കര രാജകുടുംബാഗംവും കേരളപാണിനി എ.ആർ.രാജരാജവർമയുടെ കൊച്ചുമകനുമായിരുന്നു മംഗള വർമയുടെ ഭർത്താവ് രവീന്ദ്രവർമ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അമ്മാവന്റെ മകൻ എൻ.കെ.കൃഷ്ണപിള്ള അച്ഛനും നെയ്യാറ്റിൻകര മാധവി മന്ദിരത്തിൽ മുന്മന്ത്രി ജി.രാമചന്ദ്രന്റെ സഹോദരി പത്മാവതി തങ്കച്ചി അമ്മയുമാണ്. മംഗളവർമയുടെ സഹോദരി സരസ്വതി ഗാന്ധി ഗാന്ധിജിയുടെ പൗത്രൻ കാന്തിലാൽ ഗാന്ധിയുടെ ഭാര്യയുമായിരുന്നു. ഭാരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒരു പാട് പേരുടെ ബന്ധുത്വം അവകാശപ്പെടാനുണ്ടെങ്കിലും ആരും തുണയില്ലാതെ, തണലില്ലാതെ, ആരുടെയെക്കെയോ കനിവിൽ അവസാനകാലം ജീവിച്ചു തീർക്കാനായിരുന്നു വിധി.

മംഗളവർമയുടെ പതിനേഴാമത്തെ വയസിലാണ് രവീന്ദ്രവർമയെ വിവാഹം കഴിക്കുന്നത്. ഇരുപത് വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. എങ്കിലും നല്ല സൗഹൃദം ഇരുവരും പുലർത്തിയിരുന്നു. വിഹാഹമോചനത്തിനു ശേഷം അമ്മാവനോടൊപ്പമായിരുന്നു ഡൽഹിയിലായിരുന്നു. അമ്മാവൻ ഡോ.ജി രാമചന്ദ്രന്റെ ഭാര്യ കേന്ദ്രമന്ത്രി സൗന്ദരം ആയിരുന്നു. പിന്നീട് ബറോഡയിൽ ഉപരിപഠനത്തിനു പോയി. രവീന്ദ്രവർമ-മംഗളവർമ ദമ്പതികൾക്ക് രണ്ടു ആൺമക്കളായിരുന്നു. ഗൗതം വർമയും ഹർഷവർധനനും. ജർമ്മനിയിൽ കുടുംബസമേതം താമസിച്ചിരുന്ന ഗൗതം വർമ അടുത്തിടെ മരിച്ചു. ഹർഷവർധനും കുടുംബവും ഡൽഹിയിലാണ് താമസം.

2006ലാണ് ഭർത്താവ് രവീന്ദ്രവർമ അന്തരിച്ചത്. മംഗളവർമയുമായുള്ള ബന്ധം വേർപെടുത്തി മറ്റൊരു വിവാഹം കഴിച്ചതോടെ രവീന്ദ്രവർമ വഹിച്ചിരുന്ന പദവികളിൽ നിന്നും ലഭിച്ച ആനുകൂല്യങ്ങളെല്ലാം രണ്ടാം ഭാര്യയ്ക്കാണ് ലഭിച്ചത്. എന്നാൽ ഒന്നിനും അവകാശം സ്ഥാപിക്കാനോ, ആനുകൂല്യങ്ങൾ പിടിച്ചു വാങ്ങാനോ മംഗള വർമ ശ്രമിച്ചിരുന്നില്ല. പിന്നീടുള്ള കാലം അദ്ധ്യാപികയായിട്ടാണ് മംഗളവർമ ജീവിച്ചത്.

രവീന്ദ്രവർമയുടെ മരണത്തോടെയാണ് മംഗളവർമ തീർത്തും ഒറ്റപ്പെട്ടത്. അദ്ദേഹത്തിന്റെ മരണശേഷം തിരുവനന്തപുരത്ത് ബന്ധുവീടുകളിലായിരുന്നു താമസം. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് മക്കളും ബന്ധുക്കളും പോയതോടെ മംഗള വർമ തീർത്തും ഒറ്റയ്ക്കായി. ആരും നോക്കാനില്ലാത്ത മംഗളവർമയുടെ വിവരം അറിഞ്ഞാണ് എൽഡേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് അനാഥാലയത്തിൽ ആക്കിയത്. 1969ലെ കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിനു ശേഷം പാർട്ടിയ ഒന്നിപ്പിക്കാൻ മുൻനിരയിലുണ്ടായിരുന്ന രവീന്ദ്രവർമയെുടെ ഭാര്യയെ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കളും തിരിച്ചറിഞ്ഞില്ല. അറിഞ്ഞവരാകാട്ടെ കണ്ട ഭാവവും നടിച്ചില്ല.

ദുഃഖങ്ങളിൽ നിന്ന് സുഖങ്ങളിലേക്കുള്ള യാത്ര മനുഷ്യനെ ഒരിക്കലും വേദനിപ്പിക്കാറില്ല. എന്നാൽ ആഭിജാത്യത്തിന്റെ പ്രശസ്തിയുടെ സുഖസൗകര്യങ്ങളുടെ കൊട്ടാരക്കെട്ടിൽ നിന്ന് ഒറ്റപ്പെടലിന്റെ തീരവേദനയിലേക്ക് എടുത്തെറിയപ്പെട്ട മംഗളവർമ, തന്റെ വെളുപ്പും കറുപ്പും നിറഞ്ഞ തന്റെ സ്മരണകളെ അക്ഷരങ്ങളായി പകർത്തുകയും ചെയ്തു. ' ബ്ലീഡിങ് ഹർട്ട്, വെറ്റ് മെമ്മറീസ് ' എന്ന പേരിട്ട പുസ്തകം പേരു പോലെ തന്നെ മംഗളവർമയുടെ മുറിവേറ്റ ഹൃദയത്തിലെ നനഞ്ഞ ഓർമകളാണ്.

തൈക്കാട് ശ്മശാനത്തിലെ തീനാളങ്ങളോട് മുറിവേറ്റ ഹൃദയം ലയിച്ചപ്പോൾ, മക്കൾക്കും ബന്ധുക്കൾക്കും നേതാക്കൾക്കും മംഗളവർമ ബാക്കിവയ്ക്കുന്നത് നനഞ്ഞ ഓർമകളിലെ ചൂടേറിയ അനുഭവങ്ങളാണ്.