തിരുവനന്തപുരം: വാർത്ത മുടക്കി സമരം ചെയ്ത ജീവനക്കാരെ മംഗളം ടിവിയുടെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ നിന്ന് പൊലീസിനെ ഉപയോഗിച്ച് ഇറക്കിവിട്ടു.

ഏതാനം മാസങ്ങളായി ശമ്പളം ലഭിക്കാത്ത 15 ഓളം ജീവനക്കാരാണ് വ്യാഴാഴ്ച വാർത്ത മുടക്കിക്കൊണ്ട് സമരം ചെയ്തത്. വാർത്തൾ എയർ ചെയ്യുന്ന പിസിആറിലേയും എംസിആറിലേയും ഓഡിയോ വിഭാഗത്തിലേയും ജീവനക്കാരാണ് സമരം ചെയ്തത്. പല തവണ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ജീവനക്കാരുമായി സംയമന ചർച്ചയ്ക്ക് എത്തിയെങ്കിലും എന്ന് ശമ്പളം നൽകാമെന്ന ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് ജോലിയിൽ തിരിച്ച് കയറാതിരുന്നതെന്നാണ് സമരം ചെയ്ത ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം.

സമരം ചെയ്ത ജീവനക്കാരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാരെത്തിയാണ് അഞ്ചുമണിയോടെ ചാനലിന്റെ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ഇറക്കിവിട്ടത്. ഒരു കൂട്ടം ചാനൽ ജീവനക്കാർ സമരം ചെയ്ത് വാർത്തകൾ തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു പൊലീസിന് ചാനൽ മാനേജ്മെന്റ് നൽകിയ പരാതി. സമരം ചെയ്ത ജീവനക്കാരോട് സ്വമേധയാ പിരിഞ്ഞ് പോകാനും മാനേജ്മന്റ് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, പതിഞ്ചോളം ജീവനക്കാർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ കേസ് എടുത്തിട്ടില്ലെന്ന് തമ്പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ശമ്പളം ലഭിക്കാത്ത വിഷയത്തെ തുടർന്നാണ് സമരം. നിലവിൽ ലേബർ കോടതിയിൽ തീർക്കേണ്ട വിഷയമാണ്. അതിനാലാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. സമരത്തെതുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും തമ്പാനൂർ സ്റ്റേഷൻ അറിയിച്ചു.

ഇതോടെ രാത്രിയിൽ വകുപ്പ് മേധാവികളെ ഉപയോഗിച്ച് വെള്ളിയാഴ്ചത്തേക്ക് വേണ്ടി വാർത്തകൾ റെക്കോർഡ് ചെയ്ത് വെച്ചു. വാർത്ത വിഭാഗത്തിലെ ജീവനക്കാരെ പകുതിയായി ചുരുക്കിക്കൊണ്ട് നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമമെന്നാണ് ലഭ്യമായ സൂചന. വാർത്താധിഷ്ടിത പരിപാടികൾ പ്രോഗ്രാംസ് വിഭാഗത്തിലെ ജീവനക്കാരെ ഉപയോഗിച്ച് കൊണ്ട്് തയ്യാറാക്കി ചെലവ് പരമാവധികുറയ്ക്കാനും ശ്രമം നടക്കുന്നുണ്ട്.

അടുത്ത കാലത്തായി മംഗളത്തിലെ ഏതാനം ജീവനക്കാർ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ലീവിൽ പ്രവേശിച്ച് മറ്റ് ജോലിക്ക് പോയിരുന്നു. അവസാനം നിവൃത്തിയില്ലാതെ ഇവർ ജോലി തന്നെ അവസാനിപ്പിച്ച് മറ്റ് ചാനലുകലിലേക്ക് കുടിയേറിയിട്ടുണ്ട്.