മംഗളൂരു: പെൺകുട്ടിക്കൊപ്പം ഡോക്ടറുടെ നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ നക്ഷത്രവേശ്യാലയം നടത്തിപ്പുകാരനും സംഘവും കുടുങ്ങി. സോമേശ്വർ സ്വദേശി നാരായണ ശാലിയൻ, ഉള്ളാൾ സ്വദേശികളായ മുഹമ്മദ് രഞ്ജി, സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടുപേരെയും പെൺകുട്ടിയെയും ഇനിയും പിടികൂടാനുണ്ട്.

പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം ഡോക്ടറിൽനിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു. വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർ കദ്രി പരാതി നൽകിയത്. പണം നൽകാമെന്നുപറഞ്ഞ് വിളിച്ചു രുത്തിയ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. സിവിൽ വേഷത്തിൽ കാത്തുനിന്ന പൊലീസുകാരെ ബ്ലാക് മെയിൽ സംഘത്തിന് തിരിച്ചറിയാനായില്ല. ഇതു കൊണ്ട് തന്നെ രക്ഷപ്പെടാനുമായില്ല. കേസിലുൾപ്പെട്ട മറ്റുരണ്ടുപേരെയും പെൺകുട്ടിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

പൊലീസ് പറയുന്നതിങ്ങനെ: മംഗളൂരു നഗരത്തിലെ അൻപത്തിയഞ്ചുകാരനായ പ്രമുഖ ഡോക്ടർക്ക് പതിവായി യുവതികളെ എത്തിച്ചുകൊടുത്തിരുന്നത് ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് നക്ഷത്രവേശ്യാലയം നടത്തിവന്ന മുഹമ്മദ് രഞ്ജിയായിരുന്നു. ഡോക്ടറുടെ ഈ ദൗർബല്യം വർങ്ങളായി അറിയാവുന്ന ഇയാൾ മറ്റു നാലുപേർക്കും പെൺകുട്ടിക്കുമൊപ്പം ചേർന്ന് പണം തട്ടാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

പെൺകുട്ടിക്കൊപ്പം മെയ്‌ രണ്ടിന് നഗരത്തിലെ മല്ലിക്കട്ടെ ബസ് സ്റ്റാൻഡിലെത്തിയ മുഹമ്മദ്, ഡോക്ടറെ അവിടേക്ക് വിളിച്ചുവരുത്തി. ഇരുവരും പെൺകുട്ടിയെ കാറിൽ കയറ്റിപ്പോകവെ നേരത്തേ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് സാദിഖും നാരായണ ശാലിയയും സുഹൃത്തുക്കളായ മറ്റു രണ്ടുപേരും ചേർന്ന് മല്ലിക്കട്ടെ സർക്കിളിൽ കാർ തടഞ്ഞു. തങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണെന്നറിയിച്ച ഇവർ കാർ സോമേശ്വറിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പെൺകുട്ടിക്കൊപ്പം ഡോക്ടറുടെ നഗ്‌നചിത്രങ്ങളെടുത്തു.

ഈ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 14 ലക്ഷം തട്ടി. കൈയിൽ പണം കറൻസിയായി ഇല്ലാതിരുന്ന ഡോക്ടറെ നിർബന്ധിച്ച് ബാങ്കിൽ കൂട്ടിക്കൊണ്ടുപോയി തുക അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നെയും ഭീഷണി തുടർന്നപ്പോഴാണ് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്.