- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറന്ന ജയിലിലെ നല്ല കർഷകൻ; ശാന്ത പ്രകൃതക്കാരൻ; 31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ചനഷ്ടമാകുകയും 500 പേർ ചികിത്സതേടുകയും ചെയ്ത മദ്യദുരന്തക്കേസിലെ പ്രതി നല്ല കുട്ടിയായയെന്ന് പിണറായി സർക്കാർ; മണിച്ചനെ മോചിപ്പിക്കാൻ ഗവർണ്ണർക്ക് ശുപാർശ; കല്ലുവാതുക്കൽ മദ്യദുരന്തം വീണ്ടും ചർച്ചകളിൽ
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനെ ജയിൽമോചിതനാക്കാൻ സർക്കാർ. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണംപറഞ്ഞാണിത്. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം.
മന്ത്രിസഭയുടെ ശുപാർശ അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് കൂട്ടമോചനം നൽകാനുള്ള നീക്കമെന്നാണ് റിപ്പോർട്ട്. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗവർണ്ണർ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം സുപ്രീംകോടതിയേയും സർക്കാർ അറിയിക്കും.
തുറന്ന ജയിലിലെ നല്ല കർഷകനാണ് മണിച്ചൻ എന്ന് സർക്കാർ പറയുന്നത്. പൂജപ്പുര സെൻട്രൻ ജയിലിലായിരുന്ന മണിച്ചൻ ശാന്തപ്രകൃതക്കാരനായതിനാൽ നെട്ടുകാൽത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലിൽ മികച്ച കർഷകനായാണ് അറിയപ്പെടുന്നതെന്നും സർക്കാർ പറയുന്നത്. മാസപ്പടി വിവാദത്തിൽ അടക്കം മണിച്ചൻ കേസ് ചെന്നു പെട്ടിരുന്നു. ചില സിപിഎം നേതാക്കളുടെ പേരും ഡയറിയിൽ ഉണ്ടായിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറി എം സത്യനേശന് സ്ഥാനവും നഷ്ടമായി. അങ്ങനെ രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്ത കേസിലെ പ്രതിയാണ് മണിച്ചൻ.
31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ചനഷ്ടമാകുകയും 500 പേർ ചികിത്സതേടുകയും ചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാൽ രാജ്ഭവൻ മണിച്ചന്റെ ജയിൽമോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കാണുന്നത്. മൂന്നാഴ്ചയായിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. നൽകാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിലെ കേസും നിർണ്ണായകമാകും. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു.
കഴിഞ്ഞയാഴ്ച മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ സംസ്ഥാനസർക്കാർ ചില വിവരങ്ങൾ കോടതിയിൽ നൽകാൻ ശ്രമിച്ചു. മോചനക്കാര്യമായിരുന്നു ഇതിൽ എന്നാണ് സൂചന. എന്നാൽ, മുദ്രവെച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ നിർദ്ദേശിച്ചു.
വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ് കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.
2000 ഒക്ടോബർ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിർമ്മാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമ്മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൽ ആൾക്കഹോൾ കലർത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ൽ മരിച്ചു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സിപിഎം. നേതാക്കൾക്കും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ