പമ്പ: ശബരിമല ദർശനത്തിനു യുവതികളുമായെത്തിയ തമിഴ്‌നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടന 'മനിതി' പമ്പയിലെ പ്രതിഷേധത്തെത്തുടർന്നു പിന്തിരിഞ്ഞോടിയ ശേഷവും നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം. തമിഴ്‌നാട്ടിലേക്കുള്ള വഴി മുഴുവൻ പ്രതിഷേധക്കാർ മനിതിക്കാരെ കാത്തു നിന്നു. മധുരയിലും അക്രമം ഉണ്ടായി എന്നാണ് സൂചന. പ്രതിഷേധത്തെ തുടർന്ന് ശബരിമല ദർശനം നടത്താതെ മടങ്ങിയ മനിതി സംഘത്തിന് നേരെ പലയിടത്തും ആക്രമണം ഉണ്ടായി. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. തേനി-മധുര ദേശീയ പാതയിലായിരുന്നു ആദ്യ ആക്രണം. പോകുന്ന വഴിയിൽ എല്ലാം ഇത് തുടർന്നു. പ്രതിഷേധത്തെ തുടർന്ന് രാവിലെ മനിതി കൂട്ടായ്മയിലെ 11 യുവതികൾക്ക് ശബരിമല ദർശനം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇവർ തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.

നേരത്തെ മനിതികളുടെ നേതാവ് സെൽവിയുടെ അയ്യപ്പ ഭക്തയെന്ന അവകാശ വാദം നുണയാണെന്ന് തെളിഞ്ഞിരുന്നു. ഇവർ സക്കീർ നായിക്കിനു പിന്തുണയർപ്പിക്കുന്ന പോസ്റ്ററുകൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരുന്നു. മാത്രമല്ല ജെല്ലിക്കെട്ടിനു വേണ്ടി സുപ്രീം കോടതി വിധിക്കെതിരെ ഇവർ പ്രതിഷേധിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. തമിഴ് ആക്ടിവിസ്റ്റ് സംഘമാണ് ശബരിമലയിൽ എത്തിയതെന്ന് ഇപ്പോൾ പിണറായി സർക്കാരും സമ്മതിക്കുന്നുണ്ട്. തമിഴ് പത്രങ്ങളിലും ഇന്നത്തെ പ്രധാന വാർത്തയാണ് ശബരിമലയിലെ സംഭവങ്ങൾ. മനിതിയുടെ ഓട്ടം അവരും ആഘോഷമാക്കി.

തേനി-മധുര ദേശീയ പാതയിലുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. ഇതേതുടർന്ന് തമിഴ്‌നാട് പൊലീസ് സംഘത്തിന് കർശന സുരക്ഷ ഏർപ്പെടുത്തി. നേരത്തെ ഇവർ മടങ്ങുന്നതിനിടെ ഇടുക്കി പാറക്കടവിൽ വെച്ച് ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ മാറ്റിയാണ് പൊലീസ് ഇവരുടെ വാഹനം കടത്തിവിട്ടത്. ഇതിനിടെ മനിതി സംഘത്തിലെ മൂന്ന് പേർ പത്തനംതിട്ടയിലെത്തി. ശെൽവിയുടെ സംഘത്തോടൊപ്പം ചേരാനായി ഇവർ ചെന്നൈയിൽ നിന്നാണ് എത്തിയത്. നേരത്തെ വന്ന സംഘം മടങ്ങിയതോടെ ഇവരും ചെന്നൈയിലേക്ക് മടങ്ങി. വൈകീട്ട് ആറ് മണിയോടെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ വന്നിറങ്ങിയ ഇവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം തങ്ങിയ ശേഷം സംഘത്തെ പൊലീസ് നാട്ടിലേക്ക് മടക്കി വിടുകയായിരുന്നു. ഇവർക്ക് തമിഴ്‌നാട്ടിലും കനത്ത ആക്രമണം പലയിടത്തും നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ തമിഴ് നാട് പൊലീസിനോട് യുവതികൾ സുരക്ഷ അഭ്യർത്ഥിച്ചിട്ടുണ്ട്.

സുരക്ഷ നൽകാതെ പൊലീസ് തിരിച്ചയച്ചതാണെന്നും വീണ്ടും വരുമെന്നും പറഞ്ഞാണു മനിതി സംഘത്തിലെ 11 പേർ മടങ്ങിയത്. മല കയറാൻ ഉറപ്പിച്ചു യുവതികളും കയറ്റില്ലെന്ന് പ്രഖ്യാപിച്ചു മറ്റു തീർത്ഥാടകരും മുഖത്തോടു മുഖം നിന്നതോടെ സംഘർഷം 7 മണിക്കൂറിലേറെ നീണ്ടു. പക്ഷേ ഭക്തരുടെ എതിർപ്പ് അതിരൂക്ഷമായിരുന്നു. ശരണം വിളി പ്രതിഷേധം നടത്തിയ നാമജപക്കാരെ അറസ്റ്റ് ചെയ്ത് യുവതികളുമായി മല കയറിയ പൊലീസ് പോലും അക്ഷരാർത്ഥത്തിൽ ഞെട്ടി. പതിനായിരക്കണക്കിന് ഭക്തരാണ് പ്രതിഷേധവുമായി ഓടിയെത്തിയത്. പേടിച്ച് വിരണ്ട് ഓടിയൊളിച്ച യുവതികൾ വലിയ എതിർപ്പൊന്നും കൂടാതെ തിരിച്ചു മടങ്ങിയെന്നതാണ് വസ്തുത. ശബരിമലയിൽ ആർ എസ് എസുകാർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞിരുന്ന സർക്കാരിനും ഇന്നലത്തെ സംഭവങ്ങൾ തിരിച്ചടിയായി. യഥാർത്ഥ ഭക്തരും യുവതി പ്രവേശനത്തെ എതിർക്കുന്നുവെന്നതിന്റെ നേർ സാക്ഷ്യമായിരുന്നു കണ്ടത്.

ചെന്നൈ, മധുര എന്നിവിടങ്ങളിൽനിന്നുള്ള സ്ത്രീകൾ പൊലീസ് സംരക്ഷണത്തിൽ ഇന്നലെ പുലർച്ചെ 4.30നാണു പമ്പയിലെത്തിയത്. ഒരാളൊഴികെ എല്ലാവരും 50 വയസ്സിൽ താഴെ പ്രായമുള്ളവർ. പമ്പ ഗണപതി ക്ഷേത്രത്തിൽ പണമടച്ചെങ്കിലും പരികർമികൾ കെട്ടുമുറുക്കി നൽകിയില്ല. തുടർന്ന് 6 പേർ സ്വയം കെട്ടുമുറുക്കി ശബരിമലയിലേക്കു നീങ്ങി. മറ്റുള്ളവർ പിന്തുണയുമായി ഒപ്പം നിന്നു. ദേഹപരിശോധനകേന്ദ്രം പിന്നിട്ടപ്പോൾ തന്നെ പ്രതിഷേധം തുടങ്ങി. മലയിറങ്ങുകയായിരുന്ന തീർത്ഥാടകർ വഴിയിൽ കുത്തിയിരുന്നതോടെ അഭിമുഖമായി യുവതികളും നിലത്തിരുന്നു. പൊലീസ് പലതവണ അനുനയിപ്പിച്ചു തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും യുവതികൾ വഴങ്ങിയില്ല.

പുലർച്ചെ 5.30നു തുടങ്ങിയ പ്രതിഷേധം നാലര മണിക്കൂർ പിന്നിട്ടപ്പോൾ, നിരോധനാജ്ഞ ഓർമിപ്പിച്ച് പൊലീസ് മൈക്ക് അനൗൺസ്‌മെന്റ് നടത്തി. അതിന് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി. മലയിറങ്ങുന്ന തീർത്ഥാടകരെ ചെളിക്കുഴിയിലും മല കയറാനെത്തിയവരെ പമ്പ ഗാർഡ് റൂമിനു സമീപവും തടഞ്ഞിരുന്നു. തുടർന്ന് യുവതികൾ വീണ്ടും മുന്നോട്ടുനീങ്ങി. അപ്പോഴാണ് കടലിരമ്പും പോലെ വിശ്വാസികൾ യുവതികൾക്ക് നേരെ ഓടിയടുത്തത്. മുകളിൽ തീർത്ഥാടരെ തടഞ്ഞുനിർത്തിയിരുന്ന പൊലീസുകാർ പെട്ടെന്നുമാറി. ഇതോടെ യുവതികൾ പിന്തിരിഞ്ഞോടുകയുമായിരുന്നു. യുവതികളെ പൊലീസ് വാഹനത്തിൽ പമ്പ സ്റ്റേഷനിലെത്തിച്ചു. സാഹചര്യം ബോധ്യപ്പെട്ടതിനാൽ യുവതികൾ മടങ്ങുകയാണെന്നാണു പമ്പ സ്‌പെഷൽ ഓഫിസർ ജി. കാർത്തികേയൻ പറഞ്ഞത്. വൈകിട്ടു മനിതി സംഘത്തിലെ തന്നെ മറ്റു 3 പേർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പോയി സംരക്ഷണം ആവശ്യപ്പെട്ടു. പൊലീസ് സ്ഥിതി വിശദീകരിച്ചതോടെ ഇവരും മടങ്ങി.

യുവതികളെ തടഞ്ഞതിന്റെ പേരിൽ 2 പൊലീസ് കേസുകൾ. പമ്പ ദേഹപരിശോധനകേന്ദ്രത്തിനു സമീപം തടഞ്ഞതിനു 10 പേരെ കസ്റ്റഡിയിലെടുത്തു. ചെളിക്കുഴിയിൽ തടഞ്ഞതിന്റെ പേരിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇതിനിടെ പന്തളം കൊട്ടാര പ്രതിനിധി പുലർച്ചെ തന്നെ ഫോണിൽ വിളിച്ചു ചർച്ച നടത്തിയെങ്കിലും തീരുമാനം സംബന്ധിച്ചു തന്ത്രി പരസ്യ പ്രതികരണം ഒഴിവാക്കി. യുവതികൾ മടങ്ങിയതിനു പിന്നാലെ വീണ്ടും പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹമായി.

ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധപ്രകടനം

മനിതി സംഘം എത്തിയതിന്റെ പേരിൽ പമ്പയിൽ സംഘർഷം തുടരുന്നതിനിടെ, മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്കു ശബരിമല കർമസമിതി പ്രവർത്തകർ നാമജപ പ്രതിഷേധപ്രകടനം നടത്തി. ദേവസ്വം ബോർഡ് ജംക്ഷനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതോടെ ഇവർ റോഡിൽ കുത്തിയിരുന്നു. സംസ്ഥാന വക്താവ് ബി. ഗോപാലക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.

11നു സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ നിരാഹാരപ്പന്തലിലും ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നാമജപം നടത്തി. മനിതി സംഘം പമ്പയിൽ നിന്നു മടങ്ങിയപ്പോൾ ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ നേത്യത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. അയ്യപ്പഭക്തർക്കു നേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ ബിജെപി ഇന്നു പ്രതിഷേധദിനം ആചരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് അറിയിച്ചു.

ഇന്ന് പ്രതിഷേധദിനത്തിന് ബിജെപി. ആഹ്വാനം

ശബരിമലയിൽ പൊലീസ് ഭക്തരെ വലിച്ചിഴച്ച് അറസ്റ്റുചെയ്തതിനെതിരേ തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കുമെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. 30-ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ അയ്യപ്പസംരക്ഷണ സഭ സംഘടിപ്പിക്കും.

മനിതി സംഘത്തെ ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കേരള അതിർത്തിവരെ തമിഴ്‌നാട് പൊലീസാണ് എത്തിച്ചത്. തുടർന്ന് കേരള പൊലീസ് സുരക്ഷയൊരുക്കി. പൊലീസ് നേരത്തേ പറഞ്ഞ വഴികൾ ഒഴിവാക്കി തന്ത്രപൂർവം പമ്പയിൽ എത്തിച്ചു. തുടർന്ന് കാൽനടയായി ത്രിവേണി പാലം വഴി ഗണപതി ക്ഷേത്രത്തിലും. വനിതാ പൊലീസിന്റെ അകമ്പടിയോടെയാണ് ഇവർ പമ്പാസ്‌നാനം നടത്തിയത്. ബലിതർപ്പണത്തിനായി ഒരുങ്ങിയ ഇവരോട് സഹകരിക്കാൻ പരികർമികൾ തയ്യാറായില്ല. ഗണപതിക്ഷേത്രത്തിൽ തിരികെയെത്തിയ ഇവർ ആറ്് കെട്ടുകൾ നിറയ്ക്കുന്നതിന് പണമടച്ച് സാമഗ്രികൾ വാങ്ങി. എന്നാൽ, പൂജാരിമാർ കെട്ടു നിറച്ചുകൊടുത്തില്ല. യുവതികൾ മലകയറുന്നത് ആചാരമല്ലെന്ന് ശാന്തിക്കാർ അറിയിച്ചു. ഇതോടെ യുവതികൾ കൈവശമുണ്ടായിരുന്ന തുണിയിലും മറ്റുമായി അരിയും സാധനങ്ങളും നിറച്ച് കെട്ടുപോലെയാക്കി മലചവിട്ടാൻ പുറപ്പെട്ടു.

രാജമണ്ഡപം കടന്ന് സുരക്ഷാപരിശോധന പൂർത്തിയായതോടെ പൊലീസിനെ അമ്പരിപ്പിച്ച് ചെളിക്കുഴിയിൽ നാമജപപ്രതിഷേധം തുടങ്ങി. ശരണംവിളിച്ച് ഏതാനും അയ്യപ്പന്മാർ തുടങ്ങിയ പ്രതിരോധം ക്രമേണ കനത്തു. ഇതോടെ യുവതികൾ നിലത്തിരുന്നു.