പമ്പ: മനിതിസംഘം ഇടുക്കി ജില്ലയിലൂടെ കോട്ടയം കടന്ന് നിലയ്ക്കലെത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറാണ് ഇതിന് ചുക്കാൻ പിടിച്ചത്. ഇത് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പാമ്പാടി സിഐ.യുെട നേതൃത്വത്തിൽ വാഹനവ്യൂഹത്തിന് കടന്നുപോകാനുള്ള വഴി തീരുമാനിച്ചിട്ട് ദിവസങ്ങളായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ദിവസങ്ങൾക്കുമുമ്പ് കേരള-തമിഴ്‌നാട് അതിർത്തിയിലെത്തിയിരുന്നു. റിഹേഴ്‌സലും നടത്തിയായിരുന്നു മനിതിക്കാരുമായി മുന്നോട്ട് പോയത്. എല്ലാത്തിനും നേതൃത്വം കൊടുത്തത് ഹരിശങ്കറായിരുന്നു.

കമ്പംമെട്ട്-പുളിയന്മല- കട്ടപ്പന-പരപ്പ്-ഉപ്പുതറ-വാഗമൺ-ഈരാറ്റുപേട്ട-മുണ്ടക്കയം-വണ്ടൻപതാൽ-കോരുത്തോട്-കണമല-നിലയ്ക്കൽ റൂട്ടിലായിരുന്നു റിഹേഴ്‌സൽ. കഴിഞ്ഞയാഴ്ച നാലുദിവസം അർധരാത്രിയിൽ 80 കിലോമീറ്റർ വേഗത്തിൽ വണ്ടിയോടിച്ചുനോക്കി. ശനിയാഴ്ച ട്രാവലർ ഓടിച്ച ഡ്രൈവർ തന്നെയാണ് ആ ദിവസങ്ങളിലുമെത്തിയത്. ഞായറാഴ്ച പുലർച്ചെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആദിവാസി വനിതാപ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണിയുടെ യാത്രയിൽ ജനശ്രദ്ധ കേന്ദ്രീകരിച്ച് സെൽവിയെയും കൂട്ടരെയും സന്നിധാനത്തെത്തിക്കാനായിരുന്നു ആലോചന. പുലർച്ചെ പമ്പയിലെത്തിയ സ്ത്രീകൾ തയ്യാറാകുന്നതിലുണ്ടായ കാലതാമസമാണ് പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്.

ഞായറാഴ്ച പുലർച്ചെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് പറഞ്ഞിരുന്ന മനിതി കോ-ഓർഡിനേറ്റർ സെൽവിയും സംഘവും നാടകീയമായി യാത്രാപദ്ധതി മാറ്റി ട്രാവലറിൽ ഇടുക്കി ജില്ല വഴിയാണ് കേരളത്തിൽ കടന്നത്. സംഘം യാത്രചെയ്യുന്ന വഴിയെക്കുറിച്ചുള്ള വിവരം അപ്പോഴും രഹസ്യമായിരുന്നു. മനിതി സംഘത്തിന്റെ വരവിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും ഇല്ലെന്നാണ് ശനിയാഴ്ചവരെ പൊലീസ് ഉന്നതർ പറഞ്ഞത്. അവർക്ക് പ്രത്യേകിച്ച് സഹായമൊന്നും ചെയ്യുന്നില്ലെന്ന് വരുത്തുകയായിരുന്നു, ലക്ഷ്യം. ഇതെല്ലാം കളവായിരുന്നു. എല്ലാ സുരക്ഷയും ഒരുക്കി. എന്നാൽ പമ്പയിലെത്തിയ യുവതികളെ ശാന്തിക്കാർ എതിർപ്പറിയിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബലിതർപ്പണത്തിന് ശാന്തിമാർ തയ്യാറായില്ല. കെട്ടു നിറയ്ക്കാനും തയ്യാറായില്ല. ഇതോടെ പൊലീസും വെട്ടിലായി.

ഞായറാഴ്ച വെളുപ്പിന് മനിതി സംഘം പമ്പയിലെത്തിയിട്ടും വടശ്ശേരിക്കര മുതൽ സന്നിധാനംവരെ എല്ലായിടത്തും പതിവ് പൊലീസ് വിന്യാസം മാത്രമാണുണ്ടായിരുന്നത്. പമ്പമുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധക്കാർ തമ്പടിച്ചുനിന്നതും പൊലീസ് മനസ്സിലാക്കിയിരുന്നു. പമ്പയിൽ സംഘത്തെ തടഞ്ഞപ്പോൾ മുപ്പതിൽതാഴെ പൊലീസുകാരാണ് ഉണ്ടായിരുന്നത്. യുവതികൾക്കെതിരായ പ്രതിഷേധം മണിക്കൂറുകൾ നീണ്ടപ്പോഴും പിന്നീട് സംഘവുമായി അനുരഞ്ജന ചർച്ചകൾ നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല. സന്നിധാനത്തും സമാന അവസ്ഥ ആയിരുന്നു. ഇതെല്ലാം പ്രശ്‌നങ്ങൾ സങ്കീർണ്ണമായി. ഇരച്ചിറങ്ങിയ ഭക്തരെ കണ്ട് മനിതികൾ ഭയന്നു. അവർ ഓട്ടവും തുടങ്ങി. ഇതോടെ പൊലീസ് ഒരുക്കിയ നാടകവും പൊളിഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്ത് തുടക്കത്തിൽ പമ്പയുടെ ചുമതല എസ് പി ഹരിശങ്കറിനായിരുന്നു. പമ്പയിൽ പ്രതിഷേധക്കാർ തമ്പടിക്കാതെ നോക്കിയതും കാര്യങ്ങളെല്ലാം വെടുപ്പിലാക്കിയതും ഹരിശങ്കറായിരുന്നു. ഈ മികവ് തിരിച്ചറിഞ്ഞാണ് മനിതിയെ പമ്പയിലെത്തിക്കാനുള്ള ദൗത്യം ഹരിശങ്കറിനെ പൊലീസിലെ ഉന്നതർ ഏൽപ്പിച്ചത്. ഇതോടെ തന്നെ ഹരിശങ്കർ കരുതലോടെ നീങ്ങി. മനിതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചെന്നൈയിലേക്ക് അയക്കുകയാണ് ചെയ്തത്. ഇവരേയും കേരളത്തിലേക്കുള്ള മനിതിയാത്രക്കാരുടെ സംഘത്തിലെ അംഗങ്ങളാക്കി. ഇവരിലൂടെ ഈ സംഘത്തിന്റെ ഓരോ ചലനവും കേരളാ പൊലീസ് തിരിച്ചറിഞ്ഞു. ഈ സംഘത്തിന് തമിഴ്‌നാട് പൊലീസിന്റെ പൂർണ്ണ സുരക്ഷ ഒരുക്കിയതും ഉദ്യോഗസ്ഥരെ ചെന്നൈയിലെത്തിച്ച ഹരിശങ്കറിന്റെ ബുദ്ധിയാണ്. ഇതിനൊപ്പം യുവതികൾ കോട്ടയത്ത് ട്രെയിനിലൂടെ തന്നെ എത്തുമെന്ന പ്രചരണവും പൊലീസ് നടത്തി. ഇതോടെ പരിവാറുകാരുടെ ശ്രദ്ധ തീവണ്ടികളിലായി. ഈ മുന്നൊരുക്കങ്ങളെല്ലാം അപ്രസക്തമാക്കുന്നതാണ് ശബരിമലയിൽ കണ്ടത്.

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാനെത്തിയ മനിതി സംഘടനയിലെ യുവതികൾക്ക് നേരിടേണ്ടി വന്നത് വൻ പ്രതിഷേധമാണ്. കേരള അതിർത്തിയിൽ യുവതികളുടെ പൂർണ്ണ സുരക്ഷ ഏറ്റെടുത്ത കേരളാ പൊലീസ് പ്രതിഷേധക്കാരെ വെട്ടിച്ച് വഴി മാറ്റി ഒരു വിധമാണ് ഇവരെ നിലയ്ക്കലിൽ എത്തിച്ചത്. അവിടെ നിന്ന് പമ്പയിലേക്കും. ഇതോടെ തന്നെ നാമജപവുമായി ഭക്തരും എത്തി. പിന്നീട് കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായി. വലിയ പ്രതിരോധം ഭക്തർ ഒരുക്കിയതോടെ മനിതി സംഘത്തിന്റെ യാത്ര പ്രതിസന്ധിയിലായി. യുവതികളെത്തിയാൽ നട അടയ്ക്കുമെന്ന് തന്ത്രിയും നിലപാട് എടുത്തു. അങ്ങനെ യുവതി പ്രവേശനം തടഞ്ഞ് ആചാര ലംഘനമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വലിയ പ്രതിരോധമാണ് പമ്പയിൽ ഭക്തർ ഉയർത്തിയത്.

ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് മനിതി സംഘം അറിയിച്ചു. ആക്ടിവിസ്റ്റുകളല്ലെന്നും തങ്ങൾ വിശ്വാസികളാണെന്നും ഇവർ വ്യക്തമാക്കി. സ്വയം കെട്ടുനിറച്ചാണ് സംഘം മല കയറുന്നത്. ദേവസ്വം ബോർഡിന്റെ പരികർമികൾ കെട്ടുനിറയ്ക്കാൻ തയാറായില്ല. ഇതേ തുടർന്നാണ് സ്വയം കെട്ടുനിറച്ചത്. ബലിതർപ്പണത്തിനു വിസമ്മതിച്ചു കർമ്മികളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കെട്ട് നിറക്കാൻ പറ്റില്ലെന്ന് ശാന്തിമാർ പറഞ്ഞത് സംഘർഷാവസ്ഥയും ഉണ്ടാക്കി. മനീതി സംഘത്തിലെ യുവതികളും ശാന്തിമാരും തമ്മിൽ തർക്കം. ഒടുവിൽ കെട്ട് നിറക്കാനുള്ള വിശുദ്ധ വസ്തുക്കൾ തട്ടിപ്പറിച്ചെടുത്തു സ്വയം നിറച്ചു മുൻപോട്ടു പോയി. ഗണപതി കോവിലിനു മുൻപിലും നിസ്സഹകരണമാണ് കണ്ടത്.. കൂസൽ ഒന്നുമില്ലാതെ പമ്പയിലെ ചടങ്ങുകൾ തീർത്തു അവർ മലമുകളിലേക്ക് പോയി. എന്നിട്ടും പ്രതിഷേധക്കാരെ മറികടന്ന് ദർശനം നടത്താൻ അവർക്കായില്ല.