പമ്പ: ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കാനെത്തിയ മനിതി സംഘടനയിലെ യുവതികൾക്ക് നേരിടേണ്ടി വന്നത് വൻ പ്രതിഷേധമാണ്. കേരള അതിർത്തിയിൽ യുവതികളുടെ പൂർണ്ണ സുരക്ഷ ഏറ്റെടുത്ത കേരളാ പൊലീസ് പ്രതിഷേധക്കാരെ വെട്ടിച്ച് വഴി മാറ്റി ഒരു വിധമാണ് ഇവരെ നിലയ്ക്കലിൽ എത്തിച്ചത്. അവിടെ നിന്ന് പമ്പയിലേക്കും. ഇതോടെ തന്നെ നാമജപവുമായി ഭക്തരും എത്തി. പിന്നീട് കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായി. വലിയ പ്രതിരോധം ഭക്തർ ഒരുക്കിയതോടെ മനിതി സംഘത്തിന്റെ യാത്ര പ്രതിസന്ധിയിലായി. യുവതികളെത്തിയാൽ നട അടയ്ക്കുമെന്ന് തന്ത്രിയും നിലപാട് എടുത്തു. അങ്ങനെ യുവതി പ്രവേശനം തടഞ്ഞ് ആചാര ലംഘനമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വലിയ പ്രതിരോധമാണ് പമ്പയിൽ ഭക്തർ ഉയർത്തിയത്.

ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് മനിതി സംഘം അറിയിച്ചു. ആക്ടിവിസ്റ്റുകളല്ലെന്നും തങ്ങൾ വിശ്വാസികളാണെന്നും ഇവർ വ്യക്തമാക്കി. സ്വയം കെട്ടുനിറച്ചാണ് സംഘം മല കയറുന്നത്. ദേവസ്വം ബോർഡിന്റെ പരികർമികൾ കെട്ടുനിറയ്ക്കാൻ തയാറായില്ല. ഇതേ തുടർന്നാണ് സ്വയം കെട്ടുനിറച്ചത്. ബലിതർപ്പണത്തിനു വിസമ്മതിച്ചു കർമ്മികളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കെട്ട് നിറക്കാൻ പറ്റില്ലെന്ന് ശാന്തിമാർ പറഞ്ഞത് സംഘർഷാവസ്ഥയും ഉണ്ടാക്കി. മനീതി സംഘത്തിലെ യുവതികളും ശാന്തിമാരും തമ്മിൽ തർക്കം. ഒടുവിൽ കെട്ട് നിറക്കാനുള്ള വിശുദ്ധ വസ്തുക്കൾ തട്ടിപ്പറിച്ചെടുത്തു സ്വയം നിറച്ചു മുൻപോട്ടു പോയി. ഗണപതി കോവിലിനു മുൻപിലും നിസ്സഹകരണമാണ് കണ്ടത്.. കൂസൽ ഒന്നുമില്ലാതെ പമ്പയിലെ ചടങ്ങുകൾ തീർത്തു അവർ മലമുകളിലേക്ക് പോയി. എന്നാൽ പമ്പയിൽ ഇവർക്ക് പൊലീസ് വലിയ സുരക്ഷയൊന്നും ഒരുക്കിയില്ല. വെറും 20 പൊലീസുകാർ മാത്രമാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്.

പമ്പയിൽനിന്ന് സന്നിധാനത്തേയ്ക്ക് തിരിച്ച മനിതി സംഘത്തിലെ സ്ത്രീകൾ പ്രതിഷേധത്തെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇവർ മലചവിട്ടുന്നതിനെതിരെ ശരണംവിളിയുമായി ഒരു സംഘം പ്രതിഷേധക്കാരും വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. പുലർച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിൽ എത്തിയത്. ഇവരിൽ ആറു പേരാണ് പതിനെട്ടാംപടി കയറാൻ എത്തിയത്. ബാക്കിയുള്ളവർ സന്നിധാനം വരെ ഇവരെ അനുഗമിക്കുമെന്നാണ് ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. നേരത്തെ തമിഴ്‌നാട്ടിൽനിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പാറക്കടവിൽ വെച്ച് തടയാൻ ശ്രമം നടന്നിരുന്നു. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ഇവർ പൊലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു.

നാല് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവർ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികൾ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുമളി ചെക്ക് പോസ്റ്റിലും ഇവരെ തടയാൻ ബിജെപി പ്രവർത്തകർ സംഘടിച്ചിരുന്നു. ചെന്നൈയിൽ നിന്നും മധുരയിൽ നിന്നും രണ്ട് സംഘമായാണ് വനിതകൾ എത്തുന്നത്. ചെന്നൈയിൽ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്‌നാട് പൊലീസുമുണ്ട്. കമ്പംമേട് വെച്ച് ഇവരെ കേരളാ പൊലീസിന് കൈമാറി. സംഘർഷം മുന്നിൽ കണ്ട് പൊലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള വഴികളിലെല്ലാം പ്രതിഷേധമുണ്ടാകുമെന്നാണ് വിവരം. അതേസമയം റോഡ് മാർഗം മാത്രമല്ല ട്രെയിൻ വഴിയും എത്തിയാൽ തടയാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ശബരിമലയിലേക്ക് എത്താൻ യുവതികൾ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് രാത്രിയിൽത്തന്നെ സന്നിധാനത്ത് നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു. വലിയ തോതിൽ സംഘപരിവാർ പ്രവർത്തകർ സന്നിധാനത്ത് സംഘടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മല ചവിട്ടി യുവതികൾ സന്നിധാനത്ത് എത്തിയാലും കാര്യങ്ങൾ എളുപ്പമാകില്ല.