പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്ക ശക്തമാണ്. ഡാമിന്റെ വലതുകരയോടു ചേർന്ന ഭാഗത്തെ രണ്ടാം നമ്പർ ഷട്ടർ തുറക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ പ്രളയത്തിലെ കുഴപ്പത്തിന് ഇനിയും ആരും പരിഹാരം ഉണ്ടാക്കിയില്ല. ഇതിനിടെയാണ് വീണ്ടും ചുഴലിയെത്തുന്നത്. ഇതോടെ മണിയാർ ഡാമിൽ നിന്ന് വളരെ നേരത്തെ വെള്ളം ഒഴിക്കി വിട്ട് ആശങ്ക കുറയ്ക്കുകയാണ് അധികൃതർ. ഇതോടെ മഴ എത്തും മുമ്പ് തന്നെ പമ്പ നിറഞ്ഞൊഴുകാൻ തുടങ്ങി.

പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർ ജലസംഭരണിയുടെ ഷട്ടറുകൾ പൂർണമായും പ്രവർത്തനക്ഷമം അല്ലാത്തതിനാൽ നിലവിൽ ഉയർന്നിരിക്കുന്ന ഷട്ടർ കൂടുതൽ ഉയർത്താനും സാധ്യതയുണ്ട്. മണിയാർ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്പയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കുകയും മുൻകരുതൽ എടുക്കുകയും ചെയ്യണമെന്നു ജില്ലാ കലക്ടർ അറിയിച്ചു. ശബരിമലയിൽ മഴ ശക്തമായതോടെ പന്പ പുനരുജ്ജീവന പരിപാടികൾ സ്തംഭനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. മഴ പെയ്താലുടനെ പുഴ കവിഞ്ഞ് മണപ്പുറത്തേക്ക് കയറുന്നു. പ്രളയത്തിൽ വൻതോതിൽ മണൽ അടിഞ്ഞ് പുഴ നികന്നതാണ് കാരണം. പുഴയുടെ വാഹകശേഷി കുറഞ്ഞു. ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് സന്നിധാനത്തും പരസരത്തും.

പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും കയറി. ഇത് ശരിയായി ഇറങ്ങുന്നുമില്ല. പഴയ നടപ്പന്തൽ നിന്നയിടം ഇപ്പോൾ വെള്ളത്തിലാണ്. ഇവിടെ മണൽ നീക്കി പാത തെളിച്ചെടുത്തിരുന്നു. ഗണപതി ക്ഷേത്രത്തിലേക്ക് പോകാനുള്ള പടവിന് സമീപംവരെ വെള്ളമെത്തുന്നു. അടുത്തെങ്ങും മണപ്പുറത്തുകൂടി കാൽനടയാത്ര പറ്റാത്തവിധമാണ് വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. വലിയാനവട്ടം-ചെറിയാനവട്ടം വഴി പമ്പാ മണപ്പുറത്തേക്ക് കടക്കാനുള്ള പാലം ഒലിച്ച് പോയിരുന്നു. ഇവിടെ താത്കാലികപാലം ഇല്ലാതെ മാലിന്യസംസ്‌കരണ പ്ലാന്റിനുള്ള പണികൾക്ക് പോകാനാകില്ല. ഇതോടെ നവംബറിലെ തീർത്ഥാടനകാലത്ത് സൗകര്യങ്ങൾ ഒരുക്കുക വലിയ വെല്ലുവിളിയായി മാറുകയാണ്.

മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങളുണ്ട്. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതിൽ പ്രധാനം. അതിശക്തമായ മഴയ്ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലുകളും പ്രളയത്തിനു കാരണമായി. കക്കി, ആനത്തോട്, മൂഴിയാർ, കൊച്ചുപമ്പ, കാരിക്കയം, അള്ളുങ്കൽ, മണിയാർ, പെരുന്തേനരുവി എന്നിവയാണു പമ്പാനദിയിലെ അണക്കെട്ടുകൾ. ഇവ തുറന്നുവിട്ടതോടെ ത്രിവേണിയിലെ മൂന്നു തടയണകളും കവിഞ്ഞൊഴുകി. ഈ വെള്ളമെല്ലാം പമ്പാനദിയുടെ 176 കിലോമീറ്റർ വിസ്തൃതമായ തീരങ്ങളെ വിഴുങ്ങുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഇത്തവണ പമ്പയിലെ അണക്കെട്ടുകൾ നേരത്തെ തുറന്നു വിടാനാണ് നീക്കം.

കഴിഞ്ഞ പ്രളയകാലത്ത് മണിയാർ അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാലു ഷട്ടറുകൾ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്. വലതുകരയോടു ചേർന്ന ഭാഗത്തെ രണ്ടാം നമ്പർ ഷട്ടർ തുറക്കാനുമായില്ല. ഇതോടെ വെള്ളം ഡാമിന് മുകളിലൂടേയും കരകവിഞ്ഞൊഴുകി. ഷട്ടറിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയതാണ് അണക്കെട്ടിന് സുരക്ഷാ ആശങ്കയുണ്ടാക്കുന്നത്. മലവെള്ളപ്പാച്ചിലിൽ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് അണക്കെട്ടിനു നാശം നേരിട്ടു. കോൺക്രീറ്റ് അടർന്നുപോയി. വലതുകരയിലെ ഒന്നാം നമ്പർ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തിൽ കോൺക്രീറ്റ് അടർന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാൽ ശേഷിക്കുന്ന ഭാഗവും തകരും. ഇത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും. ഇത്തവണ പ്രവചിക്കുന്ന പ്രളയത്തെ ആശങ്കയോടെ സർക്കാർ കാണുന്നത് ഈ സാഹചര്യത്തിലാണ്.

മണിയാർ ഡാം തുറന്ന് വിട്ടതിനെ തുടർന്ന് സംരക്ഷണഭിത്തി തകർന്ന് കര ഇടിഞ്ഞ് താഴ്ന്ന് മണ്ണ് ഒലിച്ച് വൻ ഗർത്തവും രൂപപ്പെട്ടു. മണിയാർ ഡാമിന്റെ സംരക്ഷണഭിത്തിയോട് ചേർന്ന് കര ഇടിഞ്ഞ് താഴ്ന്ന് ഡാമിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുകയും ചെയ്തു. ഡാം നിറഞ്ഞ് ഇപ്പോഴും വെള്ളമുണ്ട്. നാലു ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കുവിടുന്നുണ്ടെങ്കിലും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. ഡാമിന് തകർച്ച നേരിട്ടാൽ മണിയാർ മുതൽ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട്ചെങ്ങന്നൂർ വരെ പമ്പാനദിയുടെ തീരപ്രദേശങ്ങളെയും ബാധിക്കും. കക്കാട്ടാറ്റിലെ അണക്കെട്ടാണിത്. ഇത് പമ്പയിൽ വീണ്ടും വലിയ ദുരന്തത്തിനും വഴിവയ്ക്കും. ചെങ്ങന്നൂരും കുട്ടനാടും വീണ്ടും പ്രതിസന്ധിയിലാകും.

ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കൽ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറിൽ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. രണ്ടു കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടി പ്രദേശം. 1995 മുതൽ വൈദ്യുതോൽപാദനവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്.