- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞളാംകുഴിയുടെ അതിവേഗ ഇടപെടൽ പ്രമുഖ കക്ഷിനേതാവിനും റിയൽ എസ്റ്റേറ്റ് മാഫിയക്കാർക്കു വേണ്ടിയോ? വയനാട്ടിലെ കെട്ടിട നിർമ്മാണങ്ങൾക്ക് കലക്ടർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയ മന്ത്രിയുടെ നടപടി വിവാദത്തിൽ
കൽപറ്റ: പരിസ്ഥിതി പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ട് വയനാട് ജില്ലയിൽ കെട്ടിടനിർമ്മാണങ്ങൾക്ക് കലക്ടർ ഏർപ്പെടുത്തിയ കർശന നിയന്ത്രണം മറികടന്ന് റിസോർട്ട് മാഫിയകൾക്ക് ഒത്താശ ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ്. കഴിഞ്ഞ ദിവസം നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലി പുറത്തിറക്കിയ ഉത്തരവിലാണ് കലക്ടർ ഏർപ്പെടുത്തിയ നിയന്ത്രണം മരവിപ്പിച്ചിരിക്കുന്ന
കൽപറ്റ: പരിസ്ഥിതി പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ട് വയനാട് ജില്ലയിൽ കെട്ടിടനിർമ്മാണങ്ങൾക്ക് കലക്ടർ ഏർപ്പെടുത്തിയ കർശന നിയന്ത്രണം മറികടന്ന് റിസോർട്ട് മാഫിയകൾക്ക് ഒത്താശ ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ്. കഴിഞ്ഞ ദിവസം നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലി പുറത്തിറക്കിയ ഉത്തരവിലാണ് കലക്ടർ ഏർപ്പെടുത്തിയ നിയന്ത്രണം മരവിപ്പിച്ചിരിക്കുന്നത്.
എന്നാൽ റിസോർട്ട് മാഫിയകൾക്കും വൻകിട മുതലാളിമാർക്കും വേണ്ടി കലക്ടറുടെ നിർദ്ദേശം മരവിപ്പിക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ കക്ഷിനേതാവിനും എംഎൽഎമാർക്കും ഉന്നതരായ ചില നേതാക്കൾക്കും കലക്ടറുടെ തീരുമാനം തിരിച്ചടിയായതോടെയാണ് മൂന്നു മാസത്തിനു ശേഷം ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ഉന്നതങ്ങളിൽ സമ്മർദം ശക്തമായപ്പോൾ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ഉത്തരവ് മരവിപ്പിക്കാൻ വകുപ്പുമന്ത്രിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ ഐ.എ.എസ് ഏർപ്പെടുത്തിയ കെട്ടിടനിർമ്മാണ നിയന്ത്രണത്തെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി പുതിയ ചട്ടങ്ങൾ അനുസരിച്ചായിരുന്നു നിർമ്മാണാനുമതി നൽകിയിരുന്നത്. എന്നാൽ ഇത് തിരിച്ചടിയായതോടെ മന്ത്രിതലത്തിൽ സമ്മർദം ചെലുത്തുകയായിരുന്നു. ഭരണകക്ഷിയിലെ പ്രമു
2015 ജൂൺ 30നാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കേശവേന്ദ്രകുമാർ, ജില്ലയിലെ കെട്ടിട നിർമ്മാണങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ഉത്തരവിറക്കിയത്. ഭൂകമ്പം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്കുള്ള സാധ്യത മുൻനിർത്തിയാണ് വയനാട്ടിൽ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് കലക്ടർ ഉൾപ്പടെയുള്ള സമിതി നിയന്ത്രണം ഏർപ്പെടുത്തിയത്. അതീവ പരിസ്ഥിതിലോലപ്രദേശമായ കുന്നത്തിടവക വില്ലേജിൽ രണ്ടു നിലയിലും മറ്റിടങ്ങളിൽ മൂന്നു നിലയിലും നഗരസഭാ പരിധിയിൽ അഞ്ചു നിലയിലും മാത്രമെ കെട്ടിടങ്ങൾ നിർമ്മിക്കാവൂ എന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.
ഇവിടങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ പാടില്ലെന്നും മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമെ അനുവദിക്കൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ രംഗത്തു വന്നെങ്കിലും നിർദ്ദേശങ്ങൾ പ്രാബല്യത്തിലാക്കുകയായിരുന്നു. ഇതെതുടർന്ന് ജില്ലയിൽ പുതിയ ചട്ടങ്ങൾക്ക് വിരുദ്ധമായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് സ്‌റ്റോപ്പ് മെമോയും നൽകി വന്നു. എതിർപ്പുകളും സമ്മർദങ്ങളും മറികടന്ന് കലക്ടർ ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തിച്ചപ്പോൾ ഏറെ വൈകാതെ തന്നെ ഉത്തരവ് മരവിപ്പിച്ചുവെന്ന് സർക്കാർ സർക്കുലറും നൽകുകയായിരുന്നു.
രാഷ്ട്രീയ പ്രമുഖരിൽ ചിലർക്ക് വയനാട്ടിൽ ഏക്കറുകൾ കൈവശമുണ്ടെന്നതും ടൂറിസ്റ്റുകൾ എത്തുന്ന പ്രധാന ഇടങ്ങളിലെല്ലാം പടുകൂറ്റൻ കെട്ടിടങ്ങൾ ഉണ്ടെന്നുള്ളതും വസ്തുതയാണ്. എന്നാൽ സർക്കാർഭൂമി കയ്യേറിയും അനധികൃത സ്വത്ത് തരപ്പെടുത്തി വെയ്ക്കുന്നതുമെല്ലാം പലപ്പോഴും ഏറെ നാൾ വാർത്തയിൽ ഇടം പിടിക്കാറില്ല. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇത്തരം വാർത്തകൾക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. കെട്ടിടനിർമ്മാണ നിയമത്തിൽ ജില്ലാ കലക്ടർ പുതിയ ഭേദഗതികൾ കൊണ്ടുവന്നതോടെ ഇതിനെതിരെ രാഷ്ട്രീയ-മാഫിയാ കൂട്ടുകെട്ടുകൾ എല്ലാവരും ഒരുമിക്കുകയായിരുന്നു. ഭൂമാഫിയയും റിസോർട്ട് മാഫിയയും രാഷ്ട്രീയക്കാർക്കൊപ്പം കൈ കോർത്തപ്പോൾ ചങ്കൂറ്റത്തോടെ നടപടി കൈക്കൊണ്ട ഉദ്യോഗസ്ഥർക്കായിരുന്നു തിരിച്ചടിയായത്. കലക്ടറുടെ തീരുമാനത്തിനെതിരെ കൺസ്ട്രക്ഷൻ കമ്പനികളെല്ലാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽനിന്നും അനുകൂലവിധി ഇല്ലാതായതോടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കലക്ടറുടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നുവത്രെ.
സർക്കാർ രൂപവൽകരിച്ച ഉപസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചകൾക്കു ശേഷമായിരിക്കും ഉത്തരവ് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുക എന്നായിരുന്നു മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചിരുന്നത്. എന്നാൽ ഈ മാസം പതിനാറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു നടക്കുന്ന യോഗത്തിൽ ഉത്തരവ് ആവർത്തിക്കുമെന്നും ഉത്തരവിന്റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്നും കലക്ടർ കേശവേന്ദ്ര കുമാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഉത്തരവിനെ കുറിച്ച് ചർച്ച ചെയ്യാൻ അഞ്ചുമന്ത്രിമാർ അടങ്ങിയ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഉപസമിതി യോഗം ചേരും. വയനാട്ടിലെ ജനപ്രതിനിധികളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. നിലവിൽ കെട്ടിടങ്ങൾക്ക് നൽകിയ സ്‌റ്റോപ്പ് മെമോകൾ സംബന്ധിച്ചും ഉപസമിതി ചർച്ച നടത്തിയ ശേഷം തീരുമാനിക്കും. എന്നാൽ ഇത് മുതലാളിമാർക്ക് അനുകൂലമാക്കുന്നതിനും കെട്ടിടത്തിന്റെ നിർമ്മാണങ്ങൾക്ക് അനുമതി നൽകാനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു.
വയനാടിന് പുറമെ ഇടുക്കി ജില്ലയിലെ കെട്ടിടനിർമ്മാണങ്ങൾ സംബന്ധിച്ചും ഉപസമിതി ചർച്ച ചെയ്യുമെന്നാണ് സൂചന. വയനാട്ടിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ചർച്ച നടത്താൻ 15ന് ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും യോഗം ചേരുന്നുണ്ട്. എന്നാൽ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് സർക്കാർ ഉത്തരവ് മരവിപ്പിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഇടതു പാർട്ടികൾ പറയുന്നത്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കാൻ സർക്കാരിന് അധികാരമില്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കോ നീതിന്യായ സ്ഥാപനങ്ങൾക്കോ മാത്രമേ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കാൻ അധികാരമുള്ളുവെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിൽ വയനാട്ടിലെ മാഫിയാ-രാഷ്ട്രീയ കൂട്ടുകെട്ടുകളായിരിക്കും ചർച്ചകളിലും ഉരുത്തിരിയുക. സിപിഐ(എം), സിപിഐ തുടങ്ങിയ ഇടത് പാർട്ടികളെല്ലാം കലക്ടറുടെ ഉത്തരവിനെ മുമ്പ് സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് സർക്കാർ മരവിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് ഇടതുപക്ഷം രംഗത്ത് വരുമെന്നാണ് സൂചന.