കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് തിരിച്ചടിയായി മഞ്ജു വാര്യരുടെ മൊഴികൾ പുറത്ത് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നതായതായും അത് താൻ അറിഞ്ഞപ്പോൾ വീട്ടിൽ വഴക്കായെന്നും ഇതിന്റെ പേരിലാണ് നടിയോട് ദിലീപിന് ശത്രുതയുണ്ടായത് എന്നും റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ട മൊഴിയിൽ മഞ്ജു വാര്യർമൊഴിയിൽ പറയുന്നു. ഇതിനോട് കൂടെ സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ് എന്നിവരുടെ മൊഴികളും റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ശത്രുതയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇവരുടെ മൊഴികൾ

റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ട മഞ്ജു വാര്യരുടെ മൊഴിയുടെ പൂർണരൂപം ഇങ്ങനെ

ഞാൻ 21-06-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോൾ വായിച്ച് കേട്ടത്. ആ മൊഴിയിൽ ഞാൻ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരൻ ചിന്തിക്കുന്ന രീതിയിൽ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാൻ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്.

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാൻ സിനിമാ ഫീൽഡിൽ നിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു. ആരുമായി ഞാൻ ശിലേൃമരേ േചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ ദിലീപേട്ടന്റെ ഫോണിൽ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, നടി എന്നിവരുമായി ഷെയർ ചെയ്യുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഞാൻ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്.

ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻ ദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽ വെച്ച് അവളുടെ അച്ഛൻ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു.

റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ട സംയുക്താ വർമയുടെ മൊഴിയുടെ പൂർണരൂപം

ഞാൻ ഫിലിം ആർട്ടിസ്റ്റ്. 15 വർഷമായി ഞാൻ അഭിനയരംഗത്തുനിന്നും മാറി നിൽക്കുകയാണ്. ഞാനും ഫിലിം ആർട്ടിസ്റ്റുകളായ നടി, മഞ്ജു വാര്യർ, ഗീതു മോഹൻ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. നടി തൃശൂരിൽ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.

ഉദ്ദേശം നാലഞ്ച് വർഷം മുൻപ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹൻ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകൾ മൊബൈൽ ഫോണിൽ മഞ്ജു വാര്യർ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകൾ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനു അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ച. മഞ്ജു കാവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചു.

അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്ക് പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. നടിയുടെ അച്ഛൻ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതൽ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മിൽ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.