- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധഗൂഢാലോചന കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്; ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ചാറ്റുകളിലും ഓഡിയോ സന്ദേശങ്ങളിലും വ്യക്തത വരുത്തി; മൊഴിയെടുത്തതു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയാണ് നടിയുടെ മൊഴിയെടുത്തത്. മൂന്നരമണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നുവെന്നാണ് സൂചനകൾ.
ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് സൂചനകൾ.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേർക്കപ്പെടുന്നതും.
കഴിഞ്ഞദിവസം നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞു.
വധഗൂഢാലോചന കേസിൽ തുടരന്വേഷണത്തിനായി കോടതി 40 ദിവസം ദീർഘിപ്പിച്ച് നൽകിയിരുന്നു. കാവ്യാ മാധവൻ, നടൻ ദിലീപിന്റെ അഭിഭാഷകർ, ദിലീപിന്റെ ബന്ധുക്കൾ എന്നിവരെയെല്ലാം ഇനി ചോദ്യംചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ദിലീപ് ഫോണിൽനിന്ന് നീക്കിയ വാട്സാപ്പ് ചാറ്റുകളിലുള്ളവരെയും ചോദ്യംചെയ്യാനൊരുങ്ങുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധി വന്നതോടെ അന്വേഷണം ഊർജിതമാണ്. കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ ഹൈക്കോടതി, എഫ്‌ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും 'പത്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്.
ദിലീപിന്റെ സഹോദരൻ അനൂപും ദിലീപിന്റെ അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി മഞ്ജു പ്രശ്നമുണ്ടാക്കിയെന്നും മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകൻ നിർദ്ദേശിച്ചു. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണമെന്നും അനൂപിനെ അഭിഭാഷകൻ പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് പുതിയ നോട്ടീസ് നൽകി ചോദ്യംചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും കാവ്യയെ ചോദ്യംചെയ്യാൻ സാധിച്ചിരുന്നില്ല.
ആദ്യ തവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടിൽ മാത്രമേ ചോദ്യംചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയും ആയിരുന്നു കാവ്യ നൽകിയത്. പ്രതി ഉള്ള സ്ഥലത്ത് വെച്ച് സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാട് ആകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക. ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടൻ കൈമാറും. കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ