പെരുമ്പാവൂർ: അരുമ ശിഷ്യയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഗുരുവിന്റെ കൃപാകടാക്ഷം. വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർ സിംഗർ ഫെയിം മഞ്ജുഷ മോഹൻദാസ് വളയൻചിറങ്ങരയിൽ വീടിനോട് അനുബന്ധിച്ച് നടത്തിവന്നിരുന്ന ലാസ്യ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്ന സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സഹകരിക്കാൻ പ്രമുഖ നൃത്ത പരിശീനകനായ ആർ എൽ വി രാമകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി ഭർത്താവ് പ്രയദർശൻ.

തനിക്ക് നഷ്ടപ്പെട്ടത് പ്രിയ ശിഷ്യയെയാണെന്ന് പറയുകയാണ് ആർ.എൽ.വി രാമകൃഷ്ണൻ മഞ്ജുഷയുടെ വിയോഗ സമയത്ത് ഫെയ്‌സ് ബുക്കിൽ കുറിച്ചിരുന്നു. സംഗീതത്തിലും നൃത്തത്തിലും ഒരേപോലെ പ്രാവീണ്യമുള്ള കുട്ടിയാണ് മഞ്ജുഷയെന്നും അപകടം നടന്നതിന്റെ തലേദിവസം തന്റെയടുത്ത് ഒരു ആഗ്രഹം പറഞ്ഞിരുന്നതായി രാമകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. വിധിയെ തടുക്കാൻ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാൻ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു. അതിനായി റിഹേഴ്‌സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്. ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായിയെന്നും രാമകൃഷ്ണൻ വേദനയോടെ കുറിച്ചു. ഇവ വെറുംവാക്കല്ലെന്ന് വ്യക്തമാക്കിയാണ് ആർ എൽ വി രാമകൃഷ്ണൻ ശിഷ്യയുടെ ഓർമ്മയ്ക്കായുള്ള പദ്ധതിയിൽ പങ്കാളിയാകുന്നത്.

ഈ മാസം 19-ന് ലാസ്യയിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നും നൃത്ത പരീശീലകരായ അഞ്ജന, ഹരിത, ഐശ്വര്യ, ശ്രൂതി എന്നിവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും മറ്റും നൽകി സ്ഥാപനത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളുമായി തുടർന്നും സഹകരിക്കുമെന്നും രാമകൃഷ്ണൻ മഞജുഷയുടെ മാതാവിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി. അന്തരിച്ച കലാഭവൻ മണിയുടെ സഹോദരനായ രാമകൃഷ്ണൻ കാലടി ശ്രീശങ്കര കോളേജിൽ നൃത്ത അദ്ധ്യാപകനായി പ്രവർത്തിച്ചുവരികയാണ്.ഇവിടെ മോഹിനിയാട്ടം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരിക്കെയാണ് കഴിഞ്ഞ ജൂലൈ 27-ന് കാലിടി -പെരുംമ്പാവൂർ പാതയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മഞ്ജുഷ മരണപ്പെട്ടത്.

മഞ്ജുഷയുടെ മരണത്തെത്തുടർന്നുള്ള എഫ് ബി പോസ്റ്റിൽ ശിഷ്യയുയുടെ വിയോഗം എൽപ്പിച്ച ആഘാതത്തെക്കുറിച്ച് ആർ എൽ വി രാമകൃണൻ വിവരിച്ചിരുന്നു. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ലാസ്യ വീണ്ടും സജീവമായത്.ഇവിടുത്തെ അദ്യബാച്ചിലെ വിദ്യാർത്ഥികളായ അഞ്ജന,ശ്രുതി,ഹരിത,ഐശ്വര്യാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ക്ലാസ്സുകൾ നടക്കുന്നത്.കഴിഞ്ഞ 14 വർഷത്തോളമായി മഞ്ജുഷയ്ക്ക് താങ്ങും തണലുമായി ഇവർ ഒപ്പമുണ്ടായിരുന്നു. തന്റെ ഭാവി ജീവിതം ശാസ്ത്രീയനൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി നീക്കിവച്ചിക്കുകയാണെന്നാണ് നാട്ടുകാരും വീട്ടുകാരും ശ്രീക്കുട്ടി എന്നുവിളിച്ചിരുന്ന മഞ്ജുഷ അടുപ്പക്കാരെ അറിയിച്ചിരുന്നത്.

ഈ സ്ഥാപനത്തെ ലോകമറിയുന്ന കലാക്ഷേത്രമാക്കുകയായിരുന്നു മഞ്ജുഷയുടെ പ്രധാന ലക്ഷ്യം.വിങ്ങുന്ന ഓർമ്മയായി മാറിയെങ്കിലും അവളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുന്നതിനാണ് മാതാപിതാക്കളും ഭർത്താവ് പ്രിയദർശനും ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടി പിറന്ന് അധികം നാളുകൾ കഴിയും മുമ്പേ ഞ്ജുഷ വീണ്ടും നൃത്തരംഗത്തേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മോഹിനിയാട്ടത്തിൽ പി എച്ച് ഡി എന്നത് മഞ്ജുഷയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ജീവനോളം സ്നേഹിച്ച മോഹം ബാക്കിയാക്കിയാക്കിയാണ് അവൾ ജീവിതത്തോട് വിട ചൊല്ലിയത്.പാട്ടിനൊപ്പം ഡാൻസിലും മഞ്ജുഷ മികവ് പുലർത്തിയിരുന്നു.

വാഹനാപകടത്തെത്തുടർന്ന് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മഞ്ജുഷയുടെ അകലാവിയോഗത്തിന് വഴിതെളിച്ചത്.നേരത്തെ ശ്രീശങ്കരയിൽ തന്നെ മോഹിനിയാട്ടം പഠിക്കാൻ ചേർന്നിരുന്നെങ്കിലും ഐഡിയ സ്റ്റാർ സംഗറിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ആവശ്യമായ അറ്റന്റൻസ് ലഭിച്ചിരുന്നില്ല.ഇതേത്തുടർന്ന് പഠനം പൂർത്തീകരിക്കാനായില്ല.ഈ കാലയളവിലാണ് വീട് കേന്ദ്രീകരിച്ച് മഞ്ജുഷ നൃത്ത -സംഗീത വിദ്യാലയം തുറന്നത്. 9 വർഷത്തേ ഇടവേളയ്്ക്ക് ശേഷമാണ് മഞ്ജുഷ വീണ്ടും മോഹിനിയാട്ടം പഠിക്കാൻ ശ്രീശങ്കരയിൽ എത്തിയത്.ഈ വിഭാഗത്തിൽ നാല് സെമസ്റ്ററാണുള്ളത്.ഇതിൽ മൂന്നാമത്തെ സെമസ്റ്ററിലാണ് മഞ്ജുഷ പഠിച്ചിരുന്നത്.പാട്ടിനും നൃത്തത്തിനും തുല്യപ്രാധാന്യം നൽകിയായിരുന്നു ഈ കലാകാരിയുടെ ജീവിതം.ലോകമറിയുന്ന കലാകാരിയാവുക എന്ന ലക്ഷ്യത്തിനാണ് മഞ്ജുഷ മുൻഗണന നൽകിയിരുന്നതെന്നാണ് അടുപ്പക്കാർ നൽകുന്ന വിവരം.

താന്നിപ്പുഴയിൽ വച്ച് മഞ്ജുഷയും മുതിർന്ന ശിഷ്യ അഞ്ജനയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കള്ളുവണ്ടി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മഞ്ജുഷ ഉടൻ ബോധരഹിതയായി.ഓടിക്കൂടിയവർ ഉടൻ അശുപത്രിയിലെത്തിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ ഇടയക്ക് ശരീരം മരുന്നുകളോട് പ്രതികരിച്ചെങ്കിലും പെട്ടെന്ന് നില വീണ്ടും വഷളായി.താമസിയാതെ മരണപ്പെട്ടു.ഒരാഴ്ചയോളം നീണ്ട ചിക്തസയും ഉറ്റവരുടെപ്രാർത്ഥനകളും കാത്തിരിപ്പും നിഷ്ഫലമാക്കി അവൾ വിടപറഞ്ഞപ്പോൾ നാടൊന്നാകെ തേങ്ങി.

മഞ്ജുഷ തുടങ്ങിവച്ച ലാസ്യയുടെ പ്രവർത്തനം പുനഃരാംഭിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പഠിതാക്കളുടെ മാതാപിതാക്കളായിരുന്നു.തുടർന്ന് മഞ്ജുഷയുടെ മാതാപിതാക്കളും ഭർത്താവും അടുത്ത ബന്ധുക്കളും ആലോചിച്ചാണ് ലാസ്യ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.

മഞ്ജുഷയുടെ മരണ സമയത്തെ രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ

പ്രിയശിഷ്യ മഞ്ജുഷയ്ക്ക് ആദരാഞ്ജലികൾ; ഐഡിയ സ്റ്റാർ സിംഗങ്ങറിലൂടെ ഒരു ഗായികയായ കലാകാരിയെയാണ് നമ്മൾ കണ്ടത്. എന്നാൽ ഞാൻ ഈ വർഷം കാലടി സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയപ്പോൾ മഞ്ജുഷ മോഹിനിയാട്ടം ഒന്നാം വർഷ വിദ്യാർത്ഥിനിയായി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. ഗായികയാണോ, നർത്തകിയാണോ മുൻപിൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വയ്യ. അത്രമാത്രം പാട്ടിലും, നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി.

കഴിഞ്ഞയാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മഞ്ജുഷയ്ക്കും, അഞ്ജനയ്ക്കും പരിക്ക് പറ്റിയിരുന്നു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു. അന്നു മുതൽ കലാലോകം മുഴുവനും പ്രാർത്ഥനയിലായിരുന്നു മഞ്ജുഷയ്ക്ക് വേണ്ടി. ദൈവനിശ്ചയം അത് നടന്നു കഴിഞ്ഞു. വിധിയെ തടുക്കാൻ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാൻ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു.

അതിനായി റിഹേഴ്‌സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്. ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി.