ന്യൂഡൽഹി: മന്മോഹൻ സിങ് പറഞ്ഞത് എത്രയോ ശരിയായിരുന്നു...നോട്ടു നിരോധനം രാജ്യത്തെ വളർച്ചാ നിരക്ക് രണ്ടു ശതമാനത്തോളം താഴേയ്ക്ക് വലിക്കുമെന്ന് രണ്ടു വർഷം മുമ്പു തന്നെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹൻ സിങ് വ്യക്തമാക്കിയിരുന്നതാണ്. സിംഗിന്റെ അഭിപ്രായം നൂറു ശതമാനം ശരിവയ്ക്കുന്നതാണ് ഇന്റർനാഷണൽ മണിട്ടറി ഫണ്ടിന്റെ (ഐഎംഎഫ്) മുഖ്യ ഉപദേഷ്ടകായ ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ള പ്രശസ്തർ ഉൾപ്പെട്ട നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് (എൻബിഇആർ) നടത്തിയ പഠനം തെളിയിക്കുന്നത്.

2016 നവംബർ എട്ടിന് നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ച ഉടൻ തന്നെ മന്മോഹൻ സിങ് നടത്തിയ പ്രഖ്യാപനം രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നോട്ട് നിരോധനത്തിന്റെ ഫലമായി രാജ്യത്തിന്റെ വളർച്ചാ നിരക്ക് രണ്ടു ശതമാനത്തോളം ഇടിയുമെന്ന് മന്മോഹൻസിങ് വ്യക്തമാക്കിയപ്പോൾ അത് ഉൾക്കൊള്ളാൻ ആർക്കുമായില്ല. പ്രത്യേകിച്ച് ബിജെപിക്ക്. അന്നു മുതൽ സജീവമായി നിലനിൽക്കുന്ന വിഷയമാണ് നോട്ടു നിരോധനം സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതവും നോട്ടുനിരോധനം മൂലം ഉദ്ദേശിച്ച ഫലം ലഭിച്ചുവോ എന്നതും.

എന്നാൽ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഗബ്രിയേൽ ചോദ്റോ റീച്ച്, ഗ്ലോബൽ മാക്രോ റിസർച്ച് മാനേജിങ് ഡയറക്ടർ പ്രാച്ഛി മിശ്ര, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് മാനേജർ അഭിനവ് നാരായൺ എന്നിവർ നടത്തിയ പഠനത്തിൽ മന്മോഹൻസിംഗിന്റെ കാഴ്ചപ്പാട് ശരിവയ്ക്കുന്ന രീതിയിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ പാദവാർഷിക വളർച്ചാ നിരക്കിൽ രണ്ട് ശതമാനമോ അതിലധികമോ ഇടിവുണ്ടായതായും പഠനത്തിൽ പറയുന്നു.

നോട്ട് നിരോധനം ഇന്ത്യയുടെ 2016 നവംബർ, ഡിസംബർ മാസത്തെ സാമ്പത്തിക വളർച്ചയിലും തൊഴിൽമേഖലയിലും മൂന്ന് ശതമാനം ഇടിവുണ്ടാക്കി. ഈ ഇടിവ് സർക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരപ്പട്ടികയിൽ ഇല്ലെന്നും സംഘം വെളിപ്പെടുത്തുന്നു. നോട്ട് നിരോധനം സംഭവിച്ചില്ലായിരുന്നെങ്കിൽ 2016 സെപ്റ്റംബർ-ഡിസംബർ പാദവർഷത്തെ ജിഡിപി വളർച്ച രണ്ടു ശതമാനം വർധിക്കുമായിരുന്നെന്നും പഠനം നിരീക്ഷിക്കുന്നു

നോട്ട് നിരോധനം ഗ്രാമീണ മേഖലയിൽ സൃഷ്ടിച്ച ആഘാതം വിലയിരുത്തുന്നതിനായി തൊഴിലിനെ കുറിച്ചുള്ള പുതിയ സർവേയും സാറ്റലൈറ്റ് ഡാറ്റയുമാണ് ഗീതാ ഗോപിനാഥും സംഘവും ഉപയോഗിച്ചത്. ജി.ഡി.പിയെ കുറിച്ചുള്ള ദേശീയ വിവരശേഖരണത്തിൽ അനൗപചാരിക മേഖലകളെ കുറിച്ച് വളരെ പരിമിതമായ കണക്കുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

കള്ളപ്പണം തുടച്ചു നീക്കാൻ എന്ന പേരിൽ 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയത്. തുടർന്ന് പതിനഞ്ച് ലക്ഷത്തോളം തൊഴിലുകളാണ് നഷ്ടമായത്. ഗ്രാമീണ മേഖല പാടേ തകരാനും കയറ്റുമതി മുതൽ രാജ്യത്തിന്റെ പ്രധാന വരുമാന മേഖലകൾ താറുമാറാകാനും ഇതു കാരണമായി. 2016-17 സാമ്പത്തിക വർഷത്തിൽ 7 ശതമാനമായിരുന്ന ഇന്ത്യയുടെ വളർച്ചാ നിരക്ക് നോട്ടുനിരോധനം നടപ്പിലാക്കിയതിനു ശേഷം 6.1 ലേക്ക് കൂപ്പ് കുത്തുകയായിരുന്നു.