തിരുവനന്തപുരം: പ്രഹ്ളാദനെന്ന ഭക്തനെ രക്ഷിക്കാൻ മഹാവിഷ്ണു നരസിംഹ രൂപം പൂണ്ട് എത്തി ഹിരണ്യക ശിപുവിനെ തൃസന്ധ്യാ നേരത്ത് മടിയിൽകിടത്തി നെഞ്ച് പൊളിച്ച് വധിച്ചത് പോലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാനും ഒരു അവതാരം ഉടൻ ഭൂമിയിലവതരിക്കുമെന്ന് ഹിന്ദു വനിതാ സംഘം പ്രസിഡന്റും ദേവസ്വംബോർഡ് മതപഠനശാലാ കോർഡിനേറ്ററുമായ മണ്ണടി പൊന്നമ്മ. ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വാർത്തകളോട് മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അവർ. സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാണ് പിണറായി എന്നും കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും വെറുക്കുന്ന ആളുമാണ് അദ്ദേഹമെന്നും പൊന്നമ്മ പറഞ്ഞു.

'ഇനി സിപിഎമ്മിന്റെ പേരിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുമെന്ന് ആരും കരുതേണ്ട. പറ്റം പറ്റമായി മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ അണികളിൽ പെട്ടവർ വിഷമിക്കുകയാണ്. ഇപ്പോൾ നാലു സ്ത്രീകൾ ഇങ്ങനെ വന്നതല്ലാതെ മറ്റാരും എത്തിയിട്ടില്ല. ശബരിമലയിൽ പൊലീസുകാരെല്ലാം ധർമ്മ സങ്കടത്തിലാണ്. ഈ പൊലീസുകാർ മനുഷ്യന്മാരാ. ഡ്യൂട്ടിക്ക് വന്നാൽ അവർ അയ്യപ്പന്മാരാ. ഞങ്ങൾ അയ്യപ്പന്മാരാണ് ഞങ്ങൾ മനുഷ്യരാണ് ഞങ്ങളും വിഷമിക്കുകയാണ് എന്ന് പറയുന്നവരാണ് 75 ശതമാനം പൊലീസുകാരും. പൊലീസുകാർ ഡ്യൂട്ടിക്ക് പോകുന്നില്ലെന്ന് പറഞ്ഞാൽ മുഖ്യമന്ത്രി എന്തുചെയ്യും. ആർത്തവം കൊണ്ട് വനിതാ പൊലീസുകാർ ഡ്യൂട്ടിക്ക് നിൽക്കുന്നത് മനസ് വേദനിച്ചിട്ടാണ്. ക്ഷേത്രജീവനക്കാർ മിണ്ടാതിരിക്കുകയാണ്. എന്ത് ധാർഷ്ട്യമാണ് പൊലീസ് ഓഫീസർമാർക്ക്. ഇത്തരമൊരു അവസ്ഥ ആർക്കും വരുത്തരുതെന്ന പ്രാർത്ഥന മാത്രമാണ് ഉള്ളത്. മണ്ണടി പൊന്നമ്മ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

ദേവസ്വം ബോർഡിനെ നിയന്ത്രിക്കേണ്ട ഒരു കാര്യവും സർക്കാരിനില്ല. ദേവസ്വം പ്രസിഡന്റും അംഗങ്ങളുമാണ് ഇത്രയും കാലം കാര്യങ്ങൾ നോക്കിയിരുന്നത്. പൂർണമായും ദേവസ്വം ബോർഡാണ് നോക്കേണ്ടിയിരുന്നത്. 2019 ലെ ഡയറിയും കലണ്ടറുമൊക്കെ എടുത്തോണ്ട് പോയിരിക്കുകയാണ്. ഭക്തർ വന്നാലല്ലേ ഇത് വിറ്റുപോവുകയുള്ളൂ. ഉപ്പുതൊട്ട് കർപ്പൂരം വരെ ഒരു അമ്പലത്തിലെ പൂജക്കുള്ള നിത്യസാധനങ്ങൾ വരെ ഭക്തരുടെ പണംകൊണ്ടാണ്. എത്ര ലക്ഷം അപ്പവും അരവണയുമാണ് കേടായി പോകുന്നത്. വാങ്ങാൻ ആളില്ലാതെ. ദേവസ്വം ബോർഡിനെ പട്ടിണിയാക്കുക എന്ന ഉദ്ദേശമാണ് മുഖ്യനുള്ളത്.

അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, ശാസ്താംകോട്ട എന്നീ അയ്യപ്പക്ഷേത്രങ്ങളുണ്ട്. ഇവിടെയും പോയി യുവതികൾക്ക് തൊഴാം. ഈ അയ്യപ്പനെ വെറുതേവിട്ടേക്ക്. ശബരിമലയിലേക്ക് വരാനെത്തുന്ന കുഞ്ഞുങ്ങളേ നിങ്ങൾ പഠിക്കുക, അറിയുക, ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ മനസിലാക്കുക. ഇതാണ് അവരോട് പറയാനുള്ളത്. ഇപ്പോൾ കഴിഞ്ഞില്ലെങ്കിലും 50 വയസിന് ശേഷം പോകാം. ഈ കയറാൻ വരുന്ന യുവതികൾ ഒരമ്പലത്തിലും പോകുന്നവരല്ല. അവർക്ക് ഈശ്വര വിശ്വാസമേയില്ല.എന്നും അവർ മറുനാടനോട് പ്രതികരിച്ചു.

ഭയം കൊണ്ടാണ് ശബരിമലയിൽ ആരും വരാത്തത്. അവിടെ ആഹാരമില്ല, കക്കൂസ് ഇല്ല, കുളിക്കാൻ സൗകര്യമില്ല, നാമം ജപിക്കാൻ സൗകര്യമില്ല. കേന്ദ്രമന്ത്രിയോട് വരെ മോശമായി പെരുമാറിയത്. തമിഴ്‌നാട്ടിൽ നാളെ ബന്ദല്ലേ, കന്യാകുമാരിയിലെ ഭക്തർ കെട്ടുകണക്കിന് നോട്ടുകെട്ടുകളാണ് ശബരിമലയിൽ കൊണ്ടിടുന്നത് പോതുമാ പോതുമാ എന്നുപറഞ്ഞ്. ദേവസ്വം ബോർഡ് പ്രസിഡന്റ് വിഷമിക്കുകയാ അടുത്തമാസം എങ്ങനെ ചെലവു കാണുമെന്ന് വെച്ച്. സർവ ഇടത്തും പിണറായിയുടെ നിർദ്ദേശമെത്തിയിരിക്കുകയാണ്. ഭക്തർ തൊഴരുത്, വാഹനങ്ങൾ ഓടരുത് എന്നൊക്കെ. നടപ്പന്തൽ വീണ്ടും അടച്ചു. എത്ര ദിവസം ആര് എങ്ങനെ ആര് പ്രവേശിപ്പിക്കും. കോടതി പറഞ്ഞിട്ടും എന്താണ് ഭക്തരെ പ്രവേശിപ്പിക്കാത്തത്. എല്ലാവരും പേടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ പേടിച്ച് നിൽക്കുകയാണ് മറ്റ് മന്ത്രിമാർ. കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുകയാണ് എല്ലാവരും.

പ്രളയബാധിതരായ ആളുകൾക്ക് എന്തുകൊടുത്തു. മത്സ്യത്തൊഴിലാളികൾക്ക് എന്തുകിട്ടി? എനിക്ക് കുടിവെള്ളം കൊണ്ടുത്തരുന്നതുപോലും സേവാഭാരതിയിലെ പിള്ളേരാ. ഇപ്പോഴും ആ പിള്ളേര് ജോലി ചെയ്യുകയാണ്. റെയിൽവേസ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കൂടിക്കിടക്കുന്ന സാധനങ്ങൾ ഒക്കെ എവിടെപ്പോയി. ആർഎസ്എസുകാരുടെ മേഖലയിലെ ക്യാമ്പിൽ കപ്പയും മുളകും മാത്രം. സിപിഐഎമ്മുകാരുടെ ക്യാമ്പിൽ സുഭിക്ഷമായ ഭക്ഷണം. അങ്ങനെ ചിന്തിക്കാനാണെങ്കിൽ ഒരുപാടുണ്ട്. ഈ സർക്കാരാണ് ഭക്തരെയും ബുദ്ധിമുട്ടിക്കാൻ നടക്കുന്നത്. ശബരിമലയിൽ ഇതെല്ലാം കാണുമ്പോൾ എന്തോ ഇതിന്റെ പിന്നിലില്ലാതെ ഒരു മനുഷ്യന് ഇത്രയും വൃത്തികെട്ട തോന്നലുണ്ടാകേണ്ട കാര്യമില്ല. അല്ലെങ്കിൽ ഹിരണ്യകശിപുവിന്റേത് പോലുള്ള ഒരന്ത്യം ഇയാൾക്ക് വരാൻ പോകുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മണ്ണടിപൊന്നമ്മ പറഞ്ഞു.