കണ്ണൂർ; പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ മനോരമയുടെ ഉളിക്കൽ പ്രാദേശിക ലേഖകനെതിരെ പൊലീസ് കേസ്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇരിട്ടി മേഖലയിലെ പത്രക്കാരിൽ പ്രധാനിയാണ് കേസിൽ ഉൾപ്പെട്ട പിസി ഗോവിന്ദൻ. പത്രപ്രവർത്തകനിൽ ഉപരി സിപിഎം സഹയാത്രികൻ കൂടിയാണ് ഗോവിന്ദൻ. തേനീച്ച കർഷകനായും വോളിബോൾ പരിശീലകനായും ശ്രദ്ധേയനായ വ്യക്തിത്വം. ഇയാൾ ഒളിവിലാണെന്ന് പൊലീസും പറയുന്നു. മനോരമ ഗോവിന്ദൻ എന്നാണ് പ്രദേശവാസികൾ ഇയാളെ വിളിക്കുന്നത്.

ഒരാഴ്ചയായി ഗോവിന്ദൻ ഒളിവിലാണ്. ഇദ്ദേഹത്തിനായി പൊലീസ് തിരച്ചിൽ തുടർന്നു എങ്കിലും ഇതുവരെ പിടികൂടാനായില്ല. 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുള്ള പരാതിയിന്മേലാണ് കേസെടുത്തത്. പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തത്. മാധ്യമ പ്രവർത്തകൻ ആയതിനാൽ വാർത്ത പുറത്തു വരാതിരിക്കാനും കേസ് ഒതുക്കിത്തീർക്കാനും ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നുള്ള ആരോപണവുമുണ്ട്. സിപിഎം അനുഭാവിയായിട്ടും ദേശാഭിമാനി വാർത്ത നൽകിയെന്നതാണ് വസ്തുത.

എഫ് ഐ ആർ ഇട്ടതായും അന്വേഷണം പുരോഗമിക്കുന്നതായും ഇരിക്കൂർ പൊലീസ് അറിയിച്ചു. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും മറുനാടനോട് വിശദീകരിച്ചു. എന്നാൽ മുൻകൂർ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ ഇയാൾ ഒളിവിൽ കഴിയുകയാണ്. കള്ളപരാതിയെന്ന് കോടതിയെ ബോധിപ്പിക്കാനാണ് ശ്രമം. അതിനിടെ പരാതിക്കാരെ സ്വാധീനിക്കാനും നീക്കമുള്ളതായി സൂചനയുണ്ട്. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇയാൾക്കൊപ്പമുണ്ടെന്നാണ് സൂചന.

പെൺകുട്ടിയുടെ മാതാവ് കണ്ണൂർ ചൈൽഡ്‌ലൈനിൽ പരാതിപ്പെട്ടത്തോടെ ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് ഗോവിന്ദനെതിരെ പൊലീസ് കേസ് എടുത്തത്. പടിയൂർ സ്വദേശിയായ ഗോവിന്ദൻ വോളിബോൾ പരിശീലകനുമാണ്. നിരവധി കുട്ടികൾക്ക് പരീശീലനം കൊടുത്തു. പലർക്കും ജോലിയും കിട്ടി. ഈ വോളിബോൾ പ്രാക്ടീസാണ് ഇപ്പോൾ ഗോവിന്ദന് പ്രശ്‌നമാകുന്നത്. പരിശീലനത്തിന്റെ മറവിൽ നിടിയോടി ചടച്ചിക്കുണ്ടം ഗ്രൗണ്ടിൽ വെച്ച് പീഡനശ്രമം നടന്നത് എന്നാണ് ആരോപണം.

പോക്‌സൊ ആയിട്ടും പൊലീസ് നിഷ്‌ക്രിയമാണ് എന്നാണ് ആക്ഷേപം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടേയുമൊക്കെ ഇടപെടൽ ഉള്ളതുകൊണ്ടാകാം ഇതെന്നാണ് പരാതി. ഇരിട്ടിയിലെ പത്രപ്രവർത്തകർ ആരുംതന്നെ ഇങ്ങനെയൊരു സംഭവം നടന്നത് അറിഞ്ഞതായിട്ട് ഭവിക്കുന്നുമില്ലെന്നതാണ് വസ്തുത. അതിനിടെ ഗോവിന്ദന് അനുകൂലമായി സംസാരിക്കുന്നവരുമുണ്ട്.

എന്നാൽ സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന ആരോപണമുയർന്നിട്ടുണ്ട്. സജീവസി പി എം പ്രവർത്തകനായ ഗോവിന്ദൻ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപിന്റെ സ്ഥാനാർത്ഥി നിർണയുമായി ബന്ധപ്പെട്ട് പാർട്ടിയിലെ നേതൃസ്ഥാനത്തുള്ള പ്രബല വിഭാഗവുമായി തെറ്റിയതായും ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ എതിർപുകാരണം പാർട്ടി ലോക്കൽ കമ്മിറ്റി നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ മാറ്റേണ്ടിവന്നതിന്റെ വൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് ആരോപണം.

കഴിഞ്ഞ 30 വർഷക്കാലമായി കായിക പരിശീലനം നടത്തിവരുന്നയാളാണ് ഗോവിന്ദൻ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉളിക്കലിൽ നടന്നു വരുന്ന പരിശീലനത്തിലൂടെ റെയിൽവേയിലടക്കം നിരവധി നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ജോലി കിട്ടിയിട്ടുണ്ട്. ഉളിക്കലിലെ റോഡിൽ നിന്നാണ് വൈകുന്നേരങ്ങളിൽ കായിക പരിശീലനം നൽകി വരുന്നത് സംഭവദിവസവും അറുപതോളം കുട്ടികൾ പരിശീലനത്തിനുണ്ടായിരുന്നു.

തന്നെ പരിചരിക്കുന്നതിനിടെ ഗോവിന്ദൻ വയറ്റിൽ ദുരുദേശത്തൊടെ തൊട്ടുവെന്നാണ് പരാതിയിലുള്ളത്. വിവാഹിതരും മക്കളുമുള്ള രണ്ട് യുവതികളുടെ പിതാവ് കൂടിയാണ് ഗോവിന്ദൻ. കഴിഞ്ഞ 30 വർഷമായി കായിക പരിശീലനം നടത്തി വരുന്ന ഇയാൾക്കെതിരെ ഇതു വരെ ഇത്തരത്തിലുള്ള ആരോപണം ഉയർന്നിട്ടില്ല. ഇരിക്കൂർ പൊലിസ് കേസെടുത്തതിനു ശേഷം സിപിഎം സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായ പ്രചാരണമാണ് നടന്നത്.

കുറ്റാരോപിതനായ ഗോവിന്ദനെ പ്രാദേശിക ലേഖകൻ എന്ന സ്ഥാനത്ത് നിന്ന് മാറ്റിനിർത്താനോ പുറത്താക്കാനോ മനോരമ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. തികച്ചും രാഷ്ട്രീയ വൈരാഗ്യം വെച്ചുകെട്ടിച്ചമച്ച കേസാണിതെന്നാണ് മനോരമയുടെ നിലപാട്. എന്നാൽ പോക്‌സോ കേസിലെ കുറ്റാരോപിതനെ സംരക്ഷിക്കാനോ സഹായിക്കാനോ പത്രം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നതാണ് മനോരമ വൃത്തങ്ങൾ അറിയിച്ചത്. നേരത്തെയും യാതൊരുവിധ സംരക്ഷണവും സഹായവും പത്രമോ വ്യക്തികളോ നൽകിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരാഹിതമാണെന്നും മനോരമ വൃത്തങ്ങൾ അറിയിച്ചു.

ഗോവിന്ദനെതിരെ ചൈൽഡ് ലൈൻ നൽകിയ പരാതി പ്രകാരം പോക്‌സോ കേസെടുത്തിട്ടുണ്ടെന്നും ഇയാൾ ജില്ല വിട്ടു പോയതായി കരുതുന്നില്ലെന്നും ഇരിക്കൂർ പൊലിസ് അറിയിച്ചു. ഗോവിന്ദനെതിരെ കേസെടുത്തുവെന്ന് അറിഞ്ഞ് നിരവധിയാളുകൾ വിശദ വിവരം അറിയാൻ ഇരിക്കൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.