കൊച്ചി: മുളവുകാട്ട് ദ്വീപിൽ സംഘടിപ്പിച്ച മൺസൂൺ നൈറ്റ്‌സ് ഫാഷഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ മോഡലുകൾ തയ്യാറെടുപ്പു നടത്തിയിരുന്ന ഡ്രസിങ് റൂമിൽ കയറി ദൃശ്യങ്ങളെടുത്തെന്നു ചാനൽ വാർത്താ സംഘത്തിനെതിരേ പരാതി. കഴിഞ്ഞദിവസമാണ് മുളവുകാട്ട് ദ്വീപിൽ മൺസൂൺ നൈറ്റ്‌സ് എന്ന ബീച്ച് വെയർ ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഇതിനിടയിൽ കഞ്ചാവുമായെത്തിയ ഡിജെയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏഷ്യാനെറ്റാണ് ഈ കള്ളക്കളിക്ക് പിന്നിലെന്നാണ് മൺസൂണ്ട നെറ്റ്‌സ് ഫാഷൻ ഷോ സംഘാടകർ പറയുന്നത്. ചാനലിനെതിരെ പരാതി നൽകിയതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്.

ഫാഷൻ ഷോയുടെയും പാർട്ടിയുടെയും വാർത്തയും അറസ്റ്റ് വാർത്തയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന അർധനഗ്‌ന ദൃശ്യങ്ങൾ മോഡലുകൾ തയ്യാറെടുത്തിരുന്ന ഡ്രസിങ് റൂമിൽ കയറിയെടുത്തതാണെന്നാണു ഫാഷൻ ഷോ സംഘാടകർ മുളവുകാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. അക്വാറിസ് ഇവെന്റ് മാനേജ്‌മെന്റ് കമ്പനിയാണ് മൺസൂൺ നൈറ്റ്‌സിന്റെ രണ്ടാംപതിപ്പ് സംഘടിപ്പിച്ചത്. ഡ്രസിങ് റൂമിൽ ഷൂട്ട് ചെയ്തിരുന്ന വാർത്താസംഘത്തോടു പുറത്തുപോകാൻ പറഞ്ഞിരുന്നെന്നും തുടർന്നാണു ഷാഡോ പൊലീസ് എത്തി കഞ്ചാവ് കൈവശം വച്ച ഡിജെ ഇവാനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. അതിനിടെ നിശാപാർട്ടി നടത്താൻ നേതൃത്വം നല്കിയത് മലയാളസിനിമയിലെ പ്രമുഖ താരമാണെന്നു സൂചന ലഭിച്ചതായി പൊലീസും പറയുന്നു.

പൊലീസിൽനിന്ന് അനുമതി വാങ്ങിയശേഷമായിരുന്നു ഷോ സംഘടിപ്പിച്ചതെന്നും മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കരുതെന്നു മാത്രമായിരുന്നു ഉപാധിയെന്നും സംഘാടകരിലൊരാളായ ദിയ സന ദ ന്യൂസ് മിനുട്ടിനോടു പറഞ്ഞു. എല്ലാ അതിഥികളെയും പരിശോധിച്ചശേഷമാണ് ഉള്ളിൽ കയറ്റിയത്. ഇവാനെ അസ്റ്റ് ചെയ്തതിനോട് സംഘാടകർക്ക് എതിർപ്പുമില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ പരിപാടിയെ ആകെ കരിവാരിത്തേക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് പരാതി. ഇവാന്റെ കൈയിൽനിന്നു കഞ്ചാവു കണ്ടെത്തിയപ്പോൾ തങ്ങൾതന്നെയാണ് അയാളെ അറസ്റ്റ് ചെയ്യാൻ പൊലീസിനോട് ആവശ്യപ്പെട്ടതെന്നും ഇവർ പറയുന്നു. നിശാപാർട്ടി നടത്താൻ നേതൃത്വം നല്കിയത് മലയാളസിനിമയിലെ പ്രമുഖ താരമാണെന്നു സൂചന ലഭിച്ചതായി പൊലീസും പറയുന്നു.

ഷോയിലെ അന്വേഷണം പൊലീസ് കൊണ്ടു പോകുന്നത് നടനിലേക്കാണ്. മുമ്പും ഇത്തരം പാർട്ടികളിലെ നടന്റെ സാന്നിധ്യമാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ഡിജെ പാർട്ടി കഴിഞ്ഞു ഫാഷൻ ഷോ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഷാഡോ പൊലീസ് എത്തുകയും പരിശോധന നടത്തുകയുമായിരുന്നു. സംഭവത്തിൽ ഡിജെ ഇവാൻ ജോണിന്റെ ബാഗിൽനിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യാന്വേഷണത്തെത്തുടർന്നായിരുന്നു റെയ്ഡ്. 1500 രൂപയായിരുന്നു പാർട്ടിയിൽ പങ്കെടുക്കാനായി സംഘാടകർ ഈടാക്കിയിരുന്നത്. വിശദമായ പരിശോധന നടത്തിയശേഷം മാത്രമായിരുന്നു ആളുകളെ കടത്തിവിട്ടിരുന്നത്. മുമ്പ് കൊച്ചിയിൽ നടന്ന ചില പാർട്ടികൾ പൊലീസ് റെയ്ഡിൽ അവസാനിച്ചിരുന്നതിനാൽ മൊബൈൽ അടക്കമുള്ളവ വാങ്ങിവച്ചശേഷമായിരുന്നു സന്ദർശകരെ പ്രവേശിപ്പിച്ചത്. മുമ്പും നിരവധി ആരോപണങ്ങൾ കേട്ടിരുന്ന നടനെ ഉന്നതബന്ധങ്ങളാണ് പലപ്പോഴും രക്ഷിച്ചത്. ഇത്തവണയും റെയ്‌ഡോടെ കേസ് തീർന്നേക്കാനാണ് സാധ്യത.

കായൽ മാർഗം മദ്യവും മയക്കുമരുന്നും എത്തിക്കാൻ പദ്ധതിയിട്ടിരിന്നെങ്കിലും പൊലീസ് നേരത്തെ എത്തിയതിനാൽ സംഘാടകർക്ക് ഇതിനായില്ലെന്നും പൊലീസ് ആരോപിക്കുന്നു. പരിശോധന വിവരം പുറത്തായതോടെ പരിപാടിക്കെത്താൻ പ്ലാൻ ചെയ്തിരുന്ന സിനിമ നടിമാർ ഉൾപ്പെടെയുള്ളവർ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. ഓണത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ നടത്താനിരുന്ന വൻ പാർട്ടിയുടെ റിഹേഴ്‌സലാണ് ശനിയാഴ്‌ച്ച നടന്നതെന്നാണ് പൊലീസിന്റെ സംശയം.മുൻകാലങ്ങളിൽ നിരവധി തവണ ഇത്തരം പാർട്ടികൾ നടത്തിയതിന് കുപ്രസിദ്ധമാണ് ഈ ഹോട്ടൽ. നിശാപാർട്ടി നടത്തിയ റിസോർട്ട് ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടലിൽ മയക്കുമരുന്നു ഉപയോഗിക്കാൻ സൗകര്യം ചെയ്തു കൊടുത്തുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.