ചങ്ങനാശേരി : ജനാധിപത്യ കേരള കോൺഗ്രസ് യുവജനവിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മുരിങ്ങവന മനു മാത്യുവിന്റെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമാറ്റത്തെ തുടർന്നുള്ള ഗൂഢാലോചനയെന്ന് പൊലീസ്. മനുവിനെ യൂത്ത് കോൺഗ്രസ് നേതാവ് നിധിൻ ആലുംമൂടന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം മൂലമാണെന്നും പൊലീസ് കണ്ടത്തി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും തൃക്കൊടിത്താനം പഞ്ചായത്തംഗവുമായ നിധിൻ മുൻ വൈരാഗ്യത്തെ തുടർന്നു ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തിയതാണെന്നു പൊലീസ് പറഞ്ഞു.

പെരുന്ന ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബാസ്റ്റ്യൻ (22), തൃക്കൊടിത്താനം കോട്ടമുറി ആലുംമൂട്ടിൽ നിധിൻ ജോസഫ് (നിധിൻ ആലുംമൂട്ടിൽ-29), പായിപ്പാട് നാലുകോടി കൊല്ലാപുരം കടുത്താനം കെ.എസ്.അർജുൻ (22), തൃക്കൊടിത്താനം ചക്രാത്തിക്കുന്നു ചെറുവേലിപ്പറമ്പിൽ സൂരജ് സോമൻ (26), ചെത്തിപ്പുഴ വേരൂർ കുരിശുമ്മൂട് അറയ്ക്കൽ ബിനു സിബിച്ചൻ (23), ഫാത്തിമാപുരം മഠത്തിൽപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന വേളൂർ കാരാപ്പുഴ തിരുവാതുക്കൽ വാഴയിൽ ഷെമീർ ഹുസൈൻ (29) എന്നിവരെയാണു പൊലീസ് പിടികൂടിയത്. കത്തിയും രണ്ടു ജീപ്പുകളും നാല് ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുൻപു കോൺഗ്രസ് പ്രവർത്തകനായിരുന്ന മനു നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണു ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നത്.

പെരുന്ന ബസ് സ്റ്റാൻഡിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ വച്ചാണ് മനുവിനെ കൊലപ്പെടുത്തിയത്. സിനിമയ്‌ക്കെത്തിയവർ ബസ്സ്റ്റാൻഡിൽ വാഹനം പാർക്കുചെയ്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ കൊലപാതകം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പഴുതടച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുൾ അഴിയുകായായിരുന്നു. മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകനും നിധിന്റെ അടുത്ത സുഹൃത്തും ആയിരുന്നു കൊല്ലപ്പെട്ട മനു. എന്നാൽ തെറ്റിപ്പിരിഞ്ഞ ഇവർ പിന്നീട് ശത്രുക്കളായി. പാർട്ടി മാറിയതോടെ തന്റെ രഹസ്യങ്ങൾ മനു പുറത്തു പറയുമെന്ന് നിഥിൻ ഭയപ്പെട്ടു. ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. കോൺഗ്രസ് പ്രവർത്തനായ മനു ജനാധിപത്യ കേരള കോൺഗ്രസ് യൂത്ത് വിഭാഗത്തിന്റെ തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റായി. ഇടതുപക്ഷത്ത് എത്തിയ മനുവിനെ കൊല്ലാനും തീരുമാനിച്ചു.

ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെ കോൺഗ്രസ് ഓഫീസിന്റെ മുന്നിൽ മനുവും കൂട്ടുകാരുമെത്തിയ കാർ പാർക്കുചെയ്തിരുന്നു. കാർ എടുക്കുന്നതിനായി മനു എത്തിയപ്പോൾ തർക്കം ഉണ്ടാവുകയും മനുവിനെ അക്രമിക്കുകയുമായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. സംഘർഷത്തിനിടയിൽ ഒന്നാം പ്രതിയായ സിജോ സെബാസ്റ്റ്യൻ കത്തി ഉപയോഗിച്ച് പത്തോളം തവണ മനുവിനെ കുത്തി. മനുവിന്റെ അലർച്ചകേട്ട് ഓടിയെത്തിവർ കേസിൽ രണ്ടാം പ്രതിയായ നിധിന്റെ കാറിൽ മനുവിനെ എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ആറാം പ്രതിയായ ഷെമീർ ഹുസൈനെ നിധിൻ ഫോണിൽ വിളിച്ച് മറ്റു പ്രതികളെ രക്ഷപ്പെടുത്താൻ പറഞ്ഞു.

മനു പെരുന്ന ബസ് സ്റ്റാൻഡിനു സമീപം കാർ പാർക്ക് ചെയ്തിരുന്നു. നിധിൻ സ്വന്തം കാർ മനുവിന്റെ കാറിനു മുന്നിലിട്ടു തടസ്സം സൃഷ്ടിച്ചു. തുടർന്നു ക്വട്ടേഷൻ സംഘാംഗങ്ങളായ ഷെമീറിനെയും സുഹൃത്തുക്കളെയും സ്ഥലത്തു വിളിച്ചുവരുത്തിയെന്നും ഇവർ വന്ന ബൈക്കുകളിൽ ഒന്നു മനുവിന്റെ കാറിനു പിന്നിൽ വച്ചെന്നും പൊലീസ് പറയുന്നു. മനു എത്തിയപ്പോൾ കാർ നീക്കാനാവാത്ത സ്ഥിതിയിലായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന ക്വട്ടേഷൻ സംഘവുമായി തർക്കമായി. ഇതിനിടെ സൂരജ് മനുവിന്റെ കൈകൾ പിന്നിലേക്കാക്കി പിടിച്ചു നിർത്തിയെന്നും മറ്റു രണ്ടുപേർ മർദിച്ചെന്നും പൊലീസ് പറയുന്നു. ഈ സമയം നിധിന്റെ വാഹനത്തിനു പിന്നിൽ ഒളിച്ചു നിൽക്കുകയായിരുന്ന സിജോ ഓടിയെത്തി മനുവിനെ കുത്തിയെന്നാണ് കേസ്. കുത്തേറ്റു കുതറിയ മനു ഓടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്നു കുത്തുകയായിരുന്നത്രേ. വയറ്റിലും നെഞ്ചിലുമായി ഒൻപതു കുത്തുകളാണു മനുവിന് ഏറ്റത്.

തുടർന്ന് ഷെമീർ എത്തി പ്രതികളെ കോട്ടയത്തേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. സംഭവം നിധിൻതന്നെ ആശുപത്രിയിൽനിന്ന് ചങ്ങനാശേരി പൊലീസിൽ വിളിച്ച് അറിയിക്കുകയുംചെയ്തു. ഇതിന്റ അടിസ്ഥാനത്തിൽ നിധിനെ മൊഴിയെടുക്കാൻ ചങ്ങനാശേരി സ്റ്റേഷനിൽ വിളിപ്പിച്ചു. സ്റ്റാൻഡിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികളെപ്പറ്റി സൂചനലഭിച്ച പൊലീസ് നിധിന്റെ ഫോൺകോളുകൾ പിൻതുടർന്നു. നിധിന്റെ ഫോണിന്റെ കോൾലിസ്റ്റിൽ നിന്ന് ഷെമീറിന്റെ ഫോൺനമ്പർ കണ്ടെത്തിയതോടെ നിധിനെയും അറസ്റ്റ്‌ചെയ്തു. ദൃക്‌സാക്ഷികളുടെ മൊഴിയും പ്രതികളെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചു. മറ്റ് പ്രതികളുമായി കൊലപാതകത്തിന് മുമ്പുവരെ നിധിൻ നടത്തിയ ഫോൺ കോളുകളും പരസ്പര വിരുദ്ധമായ മൊഴികളും കൊലപാതകം നടത്തിയ രാത്രിതന്നെ പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികൾ കുറ്റം സമ്മതിച്ചു.

ഫോൺ വിളിച്ച ചില നമ്പരുകൾ നിധിൻ ഡിലീറ്റ് ചെയ്തത് പൊലീസ് കണ്ടെത്തി. ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ഇടപാടുകളെച്ചൊല്ലിയും തൃക്കൊടിത്താനം സ്വദേശിയായ പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയും രാഷ്ട്രീയ നിലപാടുകളെച്ചൊല്ലിയും മനുവും നിധിനുമായി പലതവണ തർക്കമുണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.