ഇടുക്കി: കട്ടപ്പനയിലെ മിമിക്രി കലാകാരൻ മനു എസ്. നായരുടെ ജീവനെടുത്ത, മെലിയാനുള്ള മരുന്നെത്തിയത് തൊടുപുഴയിൽ നിന്നെന്ന് സൂചന. മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ മരുന്നുപയോഗിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം പ്രമേഹരോഗ ബാധക്ക് കാരണമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്‌തെന്ന റിപ്പോർട്ടിനിടെയാണ് തൊടുപുഴയിലെ മരുന്നിനെക്കുറിച്ച് വിവരം പുറത്തുവരുന്നത്.

മനു മാത്രമല്ല, ജില്ലയിൽ നിരവധി യുവാക്കൾ ഈ മരുന്ന് കഴിക്കുന്നതായും വിവരമുണ്ട്. മരുന്നു നൽകിയവരുടെ നിർദേശാനുസരണം കഴിക്കുന്ന മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാതിരിക്കുകയും ശാരീരിക വിഷമതകളുണ്ടായാലും അടുത്ത കോഴ്‌സ് മരുന്ന് കഴിക്കുന്നതോടെ അവ മാറുമെന്നുള്ള മരുന്നുവിൽപനക്കാരുടെ വാക്കുകളിലുള്ള അമിതവിശ്വാസവുമാണ് മനുവിനെ അകാലത്തിൽ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. രണ്ട് ഇളയസഹോദരങ്ങളടങ്ങുന്ന അഞ്ചംഗ നിർധന കുടുംബത്തിന്റെ അത്താണിയായിരുന്ന ഈ യുവാവിന്റെ ആകസ്മിക മരണം ആളെക്കൊല്ലി മുറിവൈദ്യന്മാരുടെയും പാർശ്വഫലമുണ്ടാക്കുന്ന മരുന്നുകൾ പരസ്യങ്ങളിലൂടെയും നെറ്റ്‌വർക്ക് മാർക്കറ്റിംഗിലൂടെയും വിറ്റഴിക്കുന്ന വമ്പൻ തട്ടിപ്പുകാരുടെ പ്രവർത്തനങ്ങൾ വ്യാപകമാണെന്നാണ് തെളിയിക്കുന്നത്.

ശരീരഭാരം കുറയ്ക്കാൻ മൂന്നു മാസത്തോളമായി മരുന്നു കഴിക്കുന്ന മനു തന്റെ ശരീരം 90 കിലോയിൽനിന്ന് 52 കിലോവരെയാക്കി കുറച്ചിരുന്നു. എന്നാൽ മരണദിവസം തൂക്കം 45 കിലോയോളമായി കുറഞ്ഞുവെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തുന്നത്. കട്ടപ്പന വലിയകണ്ടം രാജശ്രീഭവനിൽ ശശിയുടെയും രാജശ്രീയുടെ മൂത്തമകനായ സ്വകാര്യ ചിട്ടി കമ്പനിയിലെ കലക്ഷൻ ഏജന്റായി ജോലി ചെയ്യുകയായിരുന്നു. മിമിക്രി വേദികളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനവും ചേർത്താണ് കുടുംബത്തെ സഹായിച്ചിരുന്നത്. പിതാവ് ശശി പമ്പയിൽ അയ്യപ്പസേവാ സംഘത്തിനൊപ്പം ജോലി ചെയ്യുകയാണ്. ഇളയസഹോദരങ്ങളായ അനൂപും ആതിരയും പഠിക്കുന്നതിനുള്ള ചെലവിനും കുടുംബത്തിന്റെ നിത്യചെലവുകൾക്കും പണം കണ്ടത്താൻ മനു ഏറെ ക്ലേശിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സന്ധ്യ മുതൽ രാത്രി 10 മണി വരെ കട്ടപ്പനയിലെ ഒരു സാമൂഹ്യ സംഘടനയുടെ ഓഫീസിലും ജോലി ചെയ്തിരുന്നു.

തന്റെ തൂക്കം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആറ് മാസത്തോളമായി മരുന്നുകളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു മനു. പല മൽട്ടിലെവൽ മാർക്കറ്റിങ് കമ്പനികളുടെയും ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഏറ്റവുമൊടുവിൽ ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ ഫുഡ് സപ്ലിമെന്റുകളുടെ വിതരണാർത്ഥം നടത്തിയ ക്ലാസിൽ നാല് മാസം മുമ്പ് പങ്കെടുത്തു. പിന്നീട് തൊടുപുഴയിൽനിന്നു മരുന്നു വാങ്ങി തേനിൽ ചാലിച്ച് കഴിച്ചതായാണ് സുഹൃത്തുക്കളിൽനിന്നു ലഭിക്കുന്ന വിവരം. മൂന്നു മാസം മുമ്പുവരെ ആരോഗ്യവാനായിരുന്ന മനു ചുറുചുറുക്കോടെ ഓടിനടന്ന് ജോലികൾ ചെയ്തിരുന്നു. തൂക്കം കുറഞ്ഞുതുടങ്ങിയതോടെ ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. മരുന്നു ചേർത്ത വെള്ളം വീട്ടിൽനിന്ന് കൊണ്ടുവന്നാണ് ജോലിക്കിടയിൽ കുടിച്ചിരുന്നത്.

ചുവന്ന പൊടി കഴിച്ചിരുന്നതായി സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. വണ്ണം കുറയാൻ ഈ പൊടിയാണ് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. ശരീരം മെലിഞ്ഞതോടെ അസ്വസ്ഥതകളും ക്ഷീണവും കൂടിവന്നു. ഇതിനിടെ നടത്തിയ പരിശോധനയിൽ പ്രമേഹം ബാധിച്ചതായി കണ്ടെത്തിയെങ്കിലും അലോപ്പതി മരുന്ന് കഴിക്കാൻ തയാറായില്ല. മരുന്നു കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന താൽകാലിക മാറ്റം മാത്രമാണ് പ്രമേഹബാധയെന്നും അടുത്ത തവണത്തെ മരുന്നോടെ ശരീരം സാധാരണ നിലയിലെത്തുമെന്നും മനു സഹപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ചയും ഓഫീസിലെത്തി മടങ്ങിയ അതീവ ക്ഷീണിതനായിരുന്നെങ്കിലും മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവരോട് പറഞ്ഞില്ല. രാത്രിയിൽ അവശനിലയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മനുവിന്റെ ഷുഗർ 500-ൽ കൂടിയിരുന്നു.

എന്നാൽ ആയൂർവേദ മരുന്നു കഴിച്ച് മാറ്റിക്കോളാമെന്നു പറഞ്ഞു നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങിപ്പോയതായാണ് ആശുപത്രി രേഖകളിൽ കാണുന്നത്. ബുധനാഴ്ച രാവിലെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ഇതേതുടർന്ന് പൊലിസിൽ വിവരം അറിയിക്കുകയും പിന്നീട് ജഡം ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ ഭാഗങ്ങൾ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ലാത്തതിനാൽ വലിയകണ്ടത്തെ എൻ.എസ്.എസ് കരയോഗം ഓഫീസിലാണ് മൃതദേഹം പൊതുദർശനത്തിനായി വച്ചത്. തുടർന്ന് സുവർണഗിരിയിൽ കുടുംബത്തിന്റെ പേരിലുള്ള സ്ഥലത്ത് സംസ്‌കാരം നടത്തി.

അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല. പ്രമേഹം കടുത്തതിനെ തുടർന്നാണ് മരണമുണ്ടായതെന്നാണ് പോസ്റ്റ്‌മോർ്ട്ടം നടത്തിയ ഡോക്ടർമാർ വിലയിരുത്തുന്നത്. ആന്തരീകാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. എങ്കിലും ഒരു കുടുംബത്തിന്റെ ഭാരം ചുമലേറ്റി നടന്ന യുവകലാകാരന്റെ മരണം മെലിയാൻ കഴിച്ച മരുന്നും അതിന്റെ പാർശ്വഫലവുമാണെന്ന് സുഹൃത്തുക്കൾ ഒന്നടങ്കം പറയുന്നു. മരുന്നെത്തിയ തൊടുപുഴയിലെ വിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പൊലിസും ശ്രമം തുടങ്ങിയിട്ടുണ്ട്.