തിരുവനന്തപുരം: കേരളത്തിൽ എത്ര മാവോയിസ്റ്റുകളുണ്ട്? ഇവർ കാടുകളിൽ തന്നെയാണോ കഴിയുന്നത്? കേരളാ പൊലീസിനോട് ചോദിച്ചാൽ കാട്ടിലും നഗരത്തിലുമൊക്കെ മാവോയിസ്റ്റുകളുണ്ടെന്ന് പറയും. യുഡിഎഫിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ വാർത്തയിൽ നിന്നും ശ്രദ്ധതിരിക്കാൻ ഈ മാവോയിസ്റ്റ് തന്ത്രം പൊലീസ് പയറ്റാറുണ്ട്. നേരത്തെ നിലമ്പൂർ ആദിവാസി കോളനിയിൽ അരിയും മുളകും ചോദിച്ചെത്തിയവർ മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് നാടുകാണാൻ എത്തിയ ജോനാഥൻ ബോണ്ട് എന്ന സായിപ്പിനെയും മാവോയിസ്റ്റാക്കി. ഇപ്പോഴിതാ ഇപ്പോൾ ബാർ വിഷയത്തെ ചൊല്ലി പാർട്ടിയിൽ പ്രശ്‌നം ശക്തമായപ്പോൾ കേരളത്തിൽ വീണ്ടും മാവോയിസ്റ്റുകൾ ഇറങ്ങി! കൊച്ചിയിലെ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചുംബന സമരത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കൂട്ടത്തിൽ മാവോയിസ്റ്റുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സമരത്തിൽ പങ്കെടുത്ത 17 പേർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മാവോയിസ്റ്റുകൾ തന്നെയാണ് പുതിയ സമരരീതി നടപ്പിലാക്കിയതെന്നാണ് ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുുന്നത്. എന്നാൽ ഈ ആരോപണം കിസ് ഓഫ് ലവ് പ്രവർത്തകർ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ ചില സംഘടനകൾ പരിപാടിയിൽ നുഴഞ്ഞുകയറിയെന്നും കിസ് ഓഫ് ലവ് പ്രവർത്തകർ പറയുകയുണ്ടായി. ഇതിടെയാണ് മാവോയിസ്റ്റ് ചർച്ചകൾ കേരളത്തിൽ കൊഴുക്കുന്നത്.

പോരാട്ടം സംഘടനയുടെ സംസ്ഥാന കൺവീനർ മാനുവൽ, ജോയിന്റ് കൺവീനർ അഖിലൻ, സർക്കാർ ജീവനക്കാരനായ ജെയ്‌സൺ ക്ലീറ്റസ്, അഡ്വ. തുഷാർ നിർമൽ സാരഥി, അഡ്വ. നന്ദിനി, പി.എൻ ജോയി, ആർ.പി.എഫ് നേതാവ് അജയൻ മണ്ണൂരിന്റെ സഹോദരൻ അരവിന്ദൻ, മാവോയിസ്‌റ്റെന്നു പൊലീസ് കണ്ടെത്തിയതോടെ ഒളിവിൽ കഴിയുന്ന മുരളി കണ്ണമ്പള്ളിയുടെ ഭാര്യ വി സി ജെന്നി, സുജാ ഭാരതി, പ്രശാന്ത് സുബ്രഹ്മണ്യം എന്നിവരടക്കം 17 പേർ ചുംബനക്കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

ചുംബന കൂട്ടായ്മ്മ നടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരിൽ ഈ 17 പേരും ഉൾപ്പെട്ടിരുന്നു. ഇവർക്കെതിരേ കേസെടുത്ത പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ആഹ്വാനത്തോടെ എത്തിയവരായിരുന്നു കൂടുതൽ. ഇതിനിടെയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുകയായിരുന്നു. ഫ്രീ തിങ്കേഴ്‌സ് പ്രഖ്യാപിച്ച ചുംബനസമരത്തിന്റെ നിയന്ത്രണം മാവോയിസ്റ്റ് ബന്ധമുള്ളവർ പിടിച്ചെടുത്തതായാണ് പൊലീസ് കണ്ടെത്തൽ. പോരാട്ടം, സിപിഐ. (എം.എൽ) ഉൾപ്പെടെ സംഘടനകളുടെ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നടന്നത്.

ജാമ്യം നൽകി വിട്ടയച്ചെങ്കിലും ഇവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ മാവോയിസ്റ്റ് ഭീതി സൃഷ്ടിച്ച് കേന്ദ്രഫണ്ട് സ്വന്തമാക്കാനുള്ള ശ്രമമാണ് കേരളാ പൊലീസ് നടത്തുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മാവോയിസ്റ്റുകളെ കണ്ടെന്ന് പറഞ്ഞ് നേരത്തെ പൊലീസിന്റെ തണ്ടർബോൾട്ട് സംഘം വയനാട്ടിലെയും നിലമ്പൂരിലെയും കാടുകൾ കയറിയിറങ്ങിയയെങ്കിലും മാവോയിസ്റ്റുകളുടെ പൊടിപോലും ലഭിച്ചിരുന്നില്ല. വയനാട്ടിലെ പൊലീസ് സ്‌റ്റേഷനുകൾ മാവോയിസ്റ്റുകൾ ആക്രമിക്കുമെന്ന ഭീതിയിൽ പൊലീസ് സ്‌റ്റേഷൻ മുമ്പാകെ മണൽചാക്കുകൊണ്ട് മുൻകരുതൽ തീർത്ത സംഭവം വരെയുണ്ട്. ഇതിന് ശേഷമാണ് തൃശ്ശൂരിൽ അറസ്റ്റിലായ സ്വിറ്റ്‌സർലണ്ട് പൗരനായ ജോനാഥൻ ബോണ്ടിനെ പൊലീസ് മാവോയിസ്റ്റാക്കിയത്. ഇതും തട്ടിപ്പാണെന്ന് പിന്നീട് ബോധ്യപ്പെടുകയുണ്ടായി. ഇതിന് ശേഷമാണ് ചുംബന സമരത്തിലും മാവോയിസ്റ്റുകൾ നുഴഞ്ഞുകയറിയെന്ന പുതിയ കഥ പ്രചരിക്കുന്നത്.