- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരാട്ടവും അയ്യങ്കാളി പടയേയും കുടുക്കാൻ റിപ്പോർട്ട് തയ്യാറാക്കൽ; സ്റ്റേറ്റ് ലിബറേഷൻ ഫ്രണ്ടിന്റെ ഭാരവാഹികളെല്ലാം നിരീക്ഷണത്തിൽ; വടാട്ടുപാറയിലെ ഫെബ്രുവരിയിലെ കൺവെൻഷനിൽ അന്വേഷണം; മാവോയിസ്റ്റുകളെ ലക്ഷ്യമിട്ട് പൊലീസ്
കോതമംഗലം: സംസ്ഥാനത്ത് വേരുറപ്പിച്ചിട്ടുള്ള മാവോയിസ്റ്റ് അനുകൂല സംഘടനകളുടെയും പ്രവർത്തകരുടെയും നീക്കത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് അടിയന്തര റിപ്പോർട്ട് തയ്യാറാക്കുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ വിഭാഗം ഇന്നലെ മുതൽ ഇതിനുള്ള തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുള്ളത്. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇത്തരക്കാരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലമ്പൂരിൽ പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിന് ഒളിത്താവളം ഒരുക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മലയാളികളുടെ സഹായം ലഭിച്ചതായുള്ള സംശയത്തെത്തുടർന്നാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തയ്യാറായിട്ടുള്ളതെന്നാണ് സൂചന. ജില്ലയിലെ കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കാര്യത്തിൽ വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഈ സ്റ്റേഷൻ പരിധിയിലെ വടാട്ടുപാറയിൽ ഈ വർഷം ഫെബ്രുവരി 20, 21തീയതികളിൽ മാവോ
കോതമംഗലം: സംസ്ഥാനത്ത് വേരുറപ്പിച്ചിട്ടുള്ള മാവോയിസ്റ്റ് അനുകൂല സംഘടനകളുടെയും പ്രവർത്തകരുടെയും നീക്കത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് അടിയന്തര റിപ്പോർട്ട് തയ്യാറാക്കുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ വിഭാഗം ഇന്നലെ മുതൽ ഇതിനുള്ള തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുള്ളത്.
എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇത്തരക്കാരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലമ്പൂരിൽ പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിന് ഒളിത്താവളം ഒരുക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മലയാളികളുടെ സഹായം ലഭിച്ചതായുള്ള സംശയത്തെത്തുടർന്നാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തയ്യാറായിട്ടുള്ളതെന്നാണ് സൂചന.
ജില്ലയിലെ കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കാര്യത്തിൽ വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഈ സ്റ്റേഷൻ പരിധിയിലെ വടാട്ടുപാറയിൽ ഈ വർഷം ഫെബ്രുവരി 20, 21തീയതികളിൽ മാവോയിസ്റ്റ് അനുകൂലികളുടെ വിപുലമായ കൺവെൻഷൻ നടന്നിരുന്നു. ഏപ്രിൽ 4-ന് ഇക്കൂട്ടർ സംഘടിപ്പിച്ച സംസ്ഥാന ജാഥക്ക് ഇവിടെ സ്വീകരണവും ഒരുക്കിയിരുന്നു. ജാഥയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്ന യുവാവിനെ വാറണ്ടിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുന്നതിന് കുട്ടമ്പുഴ പൊലീസ് നടത്തിയ നീക്കം ജാഥാ അംഗങ്ങൾ തടയുകയും പൊലീസ് ഇടപെടൽ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഈ മേഖല രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.
തൃശൂർ ആസ്ഥാനമായി രൂപീകരിക്കപ്പെട്ടിട്ടുള്ള സ്റ്റേറ്റ് ലിബറേഷൻ ഫ്രണ്ടിന്റെ(എസ് എൽ എഫ് )മുതിർന്ന ഭാരവാഹികളായ കെ കെ മണി, അജിതൻ സി എ തുടങ്ങിയവരാണ് ഇവിടത്തെ കൺവെൻഷന് നേതൃത്വം നൽകിയത്. നിരോധിക്കപ്പെട്ട പോരാട്ടം, അയ്യങ്കാളിപ്പട തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും സമാന ചിന്താഗതിക്കാരായ ഏതാനും ചിലരും ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകിയിട്ടുള്ളതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടംപുഴ പഞ്ചായത്തിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെ സംഘടന ശക്തിപ്പെടുത്തുന്നതായിട്ടാണ് ഇവർ വടാട്ടുപാറയിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടമലയാർ, വടാട്ടുപാറ പ്രദേശങ്ങൾ വനമേഖലയോടടുത്താണ് സ്ഥിതിചെയ്യുന്നത്. വനത്തിനുള്ളിൽ പതിനഞ്ചോളം ആദിവാസി ഊരുകളുമുണ്ട്. ഷോളയാർ വരെ നീണ്ടുകിടക്കുന്നതാണ് ഇടമലയാർ വനമേഖല. ഇവിടെ നിന്നും വാൽപ്പാറവഴി തമിഴ്‌നാട്ടിലേക്ക് വനത്തിലൂടെ നടപ്പുവഴിയും നിലവിലുണ്ട്. മാവോയിസ്റ്റുകളുൾപ്പെടെയുള്ള വിധ്വംസകപ്രവർത്തകർ വനമേഖലയിൽ വന്നുപോകുന്നതായി സംശയം ഉണ്ടെന്നും അതിനാൽ ഇവിടെ ശക്തമായ നിരീക്ഷണം വേണമെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ വനംവകുപ്പിന് നിർദ്ദേശവും നൽകിയിരുന്നു.
ഇതിനിടയിൽ വനമേഖലയിൽ ആയുധധാരികളെ കണ്ടതായി പ്രചാരണവുമുണ്ടായി. ഈ സാഹചര്യത്തിൽ ഈ വനമേഖലയിൽ പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ വരും ദിവസങ്ങളിൽ തിരച്ചിൽ നടക്കുമെന്നാണ് സൂചന.