കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ വച്ച് ഇന്നലെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കമുള്ള സംഘത്തെ കോടതിയിൽ ഹാജരാക്കി. ഇവരെ ജൂൺ മൂന്നു വരെ റിമാൻഡ് ചെയ്തു. കോയമ്പത്തൂർ കോടതിയാണ് മാവോയിസ്റ്റ് സംഘത്തെ റിമാൻഡ് ചെയ്തത്. രൂപേഷും ഭാര്യ ഷൈനയും ഉൾപ്പെടെ അഞ്ചു പേരാണു കഴിഞ്ഞ ദിവസം ആന്ധ്ര പൊലീസിന്റെ പിടിയിലായത്. ഇവരെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കിയത്.

ക്യൂ ബ്രാഞ്ച് പൊലീസ് ആസ്ഥാനത്ത് നിന്നാണ് ഇവരെ കോയമ്പത്തൂർ മജിസ്‌ട്രേറ്റ് കോടതി മൂന്നിലേക്കു കൊണ്ടുവന്നത്. കനത്ത പൊലീസ് കാവലിലായിരുന്നു സംഘത്തെ കൊണ്ടുപോയത്. ഇവരെ കോടതിയിൽ ഹാജരാക്കി. തങ്ങളെ ആന്ധ്രയിൽ നിന്നും പൊലീസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. രൂപേഷിന്റെ പ്രതികരണമെടുക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്യുകയും രംഗങ്ങൾ ചിത്രീകരിക്കുന്നത് തടസപ്പെടുത്തുകയും ചെയ്തു.

നിരാഹാര സമരത്തിന് ശേഷമാണ് കോടതിയിൽ ഹാജരാക്കുന്നതെന്നും രൂപേഷ് പറഞ്ഞു. അതേസമയം മുട്ടുവേദനയ്ക്കുള്ള ചികിത്സയ്‌ക്കെത്തിയപ്പോൾ അറസ്റ്റു ചെയ്തുവെന്നാണ് ഷൈന മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുദ്രാവാക്യം മുഴക്കിയാണ് ഇവർ കോടതിയിലേക്ക് പോകുന്നതിനുള്ള വാഹനത്തിൽ കയറിയത്. 

ഇന്നലെ വൈകുന്നേരം കോയമ്പത്തൂരിലെ കരുമത്താംപെട്ടിയിൽ നിന്നുമാണ് രൂപേഷ്, ഭാര്യ, ഷൈന, അനൂപ്, വീരമണി, ഭൂവനചന്ദ്രൻ തുടങ്ങി അഞ്ചുപേർ പ്രത്യേകപൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ബസ് സ്റ്റാൻഡിനുള്ളിലെ ബേക്കറിയിൽ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ. ഇവരെ പൊലീസ് അറസ്റ്റു ചെയ്തത് കണ്ടുവെന്ന് ദൃകസാക്ഷികളും പറഞ്ഞിരുന്നു.

ഇന്ന് കാലത്ത് എത്തിയ രണ്ട് ഡി.വൈ.എസ്‌പിമാരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. രൂപേഷ്, ഭാര്യ ഷൈന, ഒപ്പമുള്ള മാവോയിസ്റ്റ് പ്രവർത്തകർ എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി തുടങ്ങിയ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ, ഇവർ പൊലീസിനോട് സഹകരിക്കുന്നതായാണ് വിവരം. തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇവർ സമ്മതിച്ചതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇവരിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരമില്ല. അതേസമയം 27 മൊബൈൽഫോണുകളും ഒരു ടാബും രണ്ട് പെൻെ്രെഡവുകളും 30,000 രൂപയും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലാകുന്ന സമയത്ത് രൂപേഷ് വലിച്ചെറിഞ്ഞ സിം കാർഡുകളും ഡയറിയും നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചിരുന്നു.ഇത് പൊലീസ് പരിശോധിച്ച് വരികയാണ്.

തമിഴ്‌നാട് ഇന്റലിജൻസ് ഡി.ഐ.ജി ഈശ്വര മൂർത്തിയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തിരുന്നത്. ഇവരെ ചോദ്യം ചെയ്ത ആന്ധ്രപ്രദേശ് പൊലീസ് സംഘം മടങ്ങി. സംഘം ചോദ്യം ചെയ്യലിനായി വീണ്ടും എത്തും. രൂപേഷും ഷൈനയും ഉൾപ്പെട്ട മാവോയിസ്റ്റ് പശ്ചിമഘട്ട സോണൽ കമ്മറ്റി നേതാക്കളെ അറ്റസ്റ്റ് ചെയ്തത് നാല് ദിവസം മുൻപേ ധർമപുരിയിൽ വച്ചാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്‌നാട് പൊലീസിലെ ക്യൂബ്രാഞ്ചുംആന്ധ്രാ പൊലീസിന്റെ ഗ്രേഹണ്ടും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത് എന്നത് പൊലീസ് ഭാഷ്യമെന്നാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനയെന്നുമാണ് തെഹൽക്ക റിപ്പോർട്ട് ചെയ്തത്.

തമിഴ്‌നാട്, ആന്ധ്ര, കേരള പൊലീസിന്റെ സംയുക്ത നീക്കത്തിനോടുവിൽ ഇന്നലെ വൈകിട്ട് നാലിന് കോയമ്പത്തൂരിനടുത്തുള്ള കരുമാട്ടംപ്പെട്ടിയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ഇവർ ചായ കുടിച്ചു കൊണ്ടിരിക്കെ സിവിൽ ഡ്രെസ്സിൽ വന്ന എട്ടോളം പൊലീസുകാർ കടയിൽ കയറി ഷട്ടർ ഇടുകയും യാതൊരു പ്രതിരോധത്തിനും മുതിരാതെ ഇവർ അറസ്റ്റ് വരിക്കുകയും ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്തു കൊണ്ട് പോകും വഴി ഇവർ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്ന് പ്രദേശ വാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു.

അതേസമയം തന്റെ മാതാപിതാക്കൾക്കും കൂട്ടാളികൾക്കുമെതിരെ പൊലീസ് ചമച്ചിരിക്കുന്നത് കള്ളക്കേസാണെന്ന് രൂപേഷിന്റെ മകൾ ആമി ആരോപിച്ചത്. അച്ഛനും അമ്മയും അവരുടേതായ പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ച് വിശ്വസിച്ച് പോരാടുകയാണ് ചെയ്തതെന്നും സാധാരണക്കാരെ പിടിച്ചുപറിക്കുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ആമി രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും എന്നാൽ ഇത്രയും പെട്ടന്ന് അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആമി പറഞ്ഞു.

രൂപേഷിനെയും ഷൈനയെയും കുറിച്ച് തനിക്ക് യാതൊരറിവും ഇല്ലെന്ന് ഷൈനയുടെ മാതാവ് നസീബ മാദ്ധ്യമങ്ങളോട് പറഞ്ഞു. 2008 മുതൽ ഇവരുമായി ബന്ധമില്ലെന്നും ഫോൺ പോലും വിളിക്കാറില്ലെന്നും നസീബ പറഞ്ഞു. അതേസമയം രൂപേഷിനൊപ്പം പിടിയിലായ അനൂപിന്റെ മാതാവും മകനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് പ്രതികരിച്ചത്. മൂന്ന് വർഷമായി ഒന്നും മറിയില്ലെന്നും മകൻ ഗൾഫിൽ പോയെന്നാണ് കരുതിയതെന്നും മാതാവ് ഏലിയാമ്മ പറഞ്ഞു.

 

രൂപേഷിന്റെ ഭാര്യ മനോരമ വാർത്ത സംഘത്തോട് പ്രതികരിക്കുന്നു...Read More On: http://goo.gl/Twklp8

Posted by Manorama Online on Tuesday, May 5, 2015