കൊച്ചി: ചെറിയൊരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വനത്തിനുള്ളിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപ്പോർട്ട്. രൂപേഷിന്റേയും ഭാര്യ ഷൈനയുടേയും കൂട്ടാളികളുടേയും അറസ്റ്റോടെ പ്രവർത്തനം നിലച്ച കേരളം ഉൾപ്പെട്ട പശ്ചിമഘട്ട സോണൽ കമ്മറ്റി വീണ്ടും ഉൾവനങ്ങളിൽ പ്രവർത്തനം സജീവമാക്കിയതായി സ്‌പെഷ്യൽ ബ്രഞ്ചിന് സൂചന ലഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ അതിർത്തിയായ അഗളി അട്ടപ്പാടി മേഖല കേന്ദ്രീകരിച്ച് ഇപ്പോഴും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഇവരിൽ ചിലർ ഈയിടെ ചില ആദിവാസി ഊരുകളിൽ സന്ദർശനം നടത്തിയിരുന്നതായും പറയപ്പെടുന്നു.

അരിയും മറ്റു സാധനങ്ങളും വാങ്ങി നൽകാൻ ഇവർ ഊരുകളിൽ ഉള്ളവരോട് ആവശ്യപ്പെട്ടിരുന്നതായി അവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം വനത്തിനുള്ളിലേക്ക് കൂടി നടത്താനാണ് പൊലീസ് സംഘത്തിന്റെ തീരുമാനം. തങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പകരമായി ഏതെങ്കിലും തരത്തിലുള്ള ''ഓപ്പറേഷൻ ''സംഘം പ്ലാൻ ചെയ്യുന്നുണ്ടോ എന്നതും പൊലീസ് പരിശോധിച്ച് വരികയാണ്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ചാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള :കേഡറുകൾ കേരളത്തിലേക്ക് പ്രവർത്തന മേഖല മാറ്റിയതായാണ് പൊലീസ് നിഗമനം. രൂപേഷിനോടൊപ്പം വനത്തിലുണ്ടായിരുന്ന സുന്ദരി ഉൾപ്പെട്ട സംഘം ഇവരുടെ അറസ്റ്റോടെ കേരളാ വനമേഖലയിൽ നിന്ന്കടന്ന് കളഞ്ഞിരുന്നു.

ഇവരുൾപ്പെടെയുള്ളവർ തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നവരെ കൂട്ടി തിരികെയെത്തിയതാകാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതേ സമയം മുൻകാലങ്ങളിലെ പോലെ നോട്ടീസ് നൽകി ആദിവാസി ഊരുകളിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്താൻ ഇവർ ശ്രമിക്കുന്നില്ലെന്നും വിവരമുണ്ട്. ഈ സാഹചര്യം നിലനിൽക്കെയാണ് ചിലപ്പോൾ ആക്രമണം എന്ന രീതിയിലേക്ക് മാവോയിസ്റ്റുകൾ തിരിഞ്ഞേക്കാമെന്ന് പൊലീസ് കണക്കുകൂട്ടുന്നത്.

അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരെ കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാൻ മാവോയിസ്റ്റ് വിരുദ്ധ സംഘത്തിന് സാധിക്കാത്തതും തുടർ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. മുൻപ് വനത്തിനുള്ളിൽ രൂപേഷ് ഉൾപ്പെടെയുള്ളവരാണ് ഉള്ളതെന്ന് ഏതാണ്ട് ഒരു ധാരണ പൊലീസിന് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഏതെല്ലാം പ്രവർത്തകരാണ് സംഘത്തിന് നേതൃത്വം നൽകുന്നത് എന്ന കാര്യത്തിൽ പോലും അവർക്ക് വ്യക്തമായ ധാരണയില്ല .ഇതെല്ലാം അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചിനേയും ആന്ദ്രാ നക്‌സൽ വിരുദ്ധ സേനയേയും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.