കൊച്ചി: തലശേരി അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി മാണ്ഡ്യ രൂപതാ ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നിയമിതനായി. മാർ ജോർജ് വലിയമറ്റം വിരമിച്ചതിനെ തുടർന്നാണ് നിയമനം.

നിയമനം സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌തോമസിലും തലശേരി അതിരൂപത കാര്യാലയത്തിലും ഒരേസമയം വായിച്ചു.

2010 ജനുവരിയിൽ മാനന്തവാടി രൂപത വിഭജിച്ച് രൂപീകരിക്കപ്പെട്ട മാണ്ഡ്യ രൂപതയുടെ പ്രഥമമെത്രാനാണ് തൊടുപുഴ കലയന്താനി സ്വദേശിയായ മാർ ജോർജ് ഞരളക്കാട്ട്. തലശേരി അതിരൂപതയ്ക്കുവേണ്ടിയും പിന്നീട് മാനന്തവാടി, ഭദ്രാവതി രൂപതകളിലും സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2010 ഏപ്രിൽ ഏഴിനാണ് മാണ്ഡ്യ രൂപതാധ്യക്ഷനായി ചുമതലയേറ്റത്.