മലപ്പുറം: ചില നിയോഗങ്ങൾ അങ്ങനെയാണ്. മലപ്പുറത്തെ ഒരു കുഗ്രാമത്തിൽ കിടക്കുന്ന സുലൈമാനും, ലോക ഫുട്ബോൾ ഇതിഹാസം മാറാഡോണയും തമ്മിൽ സുഹൃത്തുക്കൾ ആകണമെന്നത് ദൈവത്തിന്റെ നിയോഗം ആയിരുക്കും. ഒരുമാസം മുമ്പ് തന്റെ 60-ാം ജന്മദിനത്തിലാണ് ഡീഗോ മാറഡോണ സുലൈമാനെ അവസാനമായി വിളിച്ചത്. അന്ന് ഏറെ സന്തോഷവാനായിരുന്ന അദ്ദേഹം 'ഐ മിസ്സ് യു സുലേ' എന്ന് പറഞ്ഞായിരുന്നു സംഭാഷണം അവസാനിപ്പിച്ചത്. ദിവസങ്ങൾക്കിപ്പുറം പ്രിയപ്പെട്ട ഡീഗോയുടെ മരണവാർത്ത കേട്ടതിന്റെ നടുക്കത്തിലും സങ്കടത്തിലുമാണ് സുലൈമാൻ. ഏഴ് വർഷത്തോളം ദുബായിൽ മാറഡോണയുടെ സാരഥിയായിരുന്നു മലപ്പുറം അയ്യായ സ്വദേശിയായ ഈ പ്രവാസി. സുലൈമാൻ മാതൃഭൂമി ഡോട്ട് കോമിനോട് തന്റെ അനുഭവം പറയുന്നത് ഇങ്ങനെയാണ്.

2011 ഓഗസ്റ്റിലാണ് ദുബായിൽ അൽ വാസൽ ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനായി മാറഡോണ ദുബായിലെത്തുന്നത്. അന്ന് അൽ വാസൽ ക്ലബ്ബിലെ ഡ്രൈവറായിരുന്നു സുലൈമാൻ. എന്തോ നിമിത്തമെന്നോണം മാറഡോണയുടെ സാരഥിയാകാൻ അന്ന് ഭാഗ്യം ലഭിച്ചത് സുലൈമാനായിരുന്നു. ക്ലബ്ബിൽനിന്ന് രാജിവെച്ച് മടങ്ങുന്നത് വരെ ഏകദേശം ഒരു വർഷത്തോളം മാറഡോണയുടെ യാത്രകളെല്ലാം ഈ മലപ്പുറംകാരനൊപ്പമായിരുന്നു.ദുബായിൽ നിന്ന് താത്കാലികമായി മടങ്ങിയ മാറഡോണ 2012 ഡിസംബർ അവസാനത്തോടെ വീണ്ടും തിരിച്ചെത്തി. അന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന ക്ലബ്ബ് അധികൃതരുമായി ബന്ധപ്പെട്ടാണ് സുലൈമാനെ വീണ്ടും തന്റെ ഡ്രൈവറായി നിയമിച്ചത്. പിന്നീടങ്ങോട്ട് വർഷങ്ങളോളം അറേബ്യൻ മണ്ണിൽ മാറഡോണയുടെ യാത്രകൾക്കെല്ലാം ഈ ചെറുപ്പക്കാരൻ സാരഥിയായി. ഒരു ഡ്രൈവറായല്ല, ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം എന്നും തന്നെ കണ്ടിരുന്നതെന്ന് സുലൈമാൻ പറയുന്നു.

2018 ജൂൺ അഞ്ചാം തീയതി വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് മാത്രമേ മാറഡോണയെ കണ്ടിരുന്നുള്ളൂ. ഫുൾടൈം സന്തോഷവാനായിരുന്നു. 60-ാം പിറന്നാളിനാണ് അദ്ദേഹവുമായി അവസാനം സംസാരിച്ചത്. ഐ മിസ്സ് യു എന്നാണ് അവസാനം എന്നോട് പറഞ്ഞത്. മരണവിവരം അറിഞ്ഞപ്പോൾ അത്രയേറെ വിഷമത്തിലായി. അത്രയേറെ മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ- സുലൈമാൻ പറഞ്ഞു.

മാറഡോണയുടെ വ്യത്യസ്തമായ ജീവിതരീതികളെക്കുറിച്ചും സുലൈമാൻ മനസുതുറന്നു. 'ദുബായിലായിരുന്നെങ്കിലും അർജന്റീനയിലെ സമയത്തിനനുസരിച്ചായിരുന്നു മാറഡോണയുടെ ജീവിതം. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ അർജന്റീനയിലെ സമയക്രമം അനുസരിച്ചായിരുന്നു. നാല് വർഷം മുമ്പ് എന്റെ ഉമ്മയ്ക്ക് വീണ് പരിക്കേറ്റപ്പോൾ 10 ദിവസത്തെ അവധിക്കായി ഞാൻ നാട്ടിലെത്തി. അന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയ ദിവസം മാറഡോണ ഫോണിൽ വിളിച്ചു. ഉമ്മയുമായി വീഡിയോ കോളിൽ സംസാരിക്കണമെന്ന് പറഞ്ഞു. പരസ്പരം പറയുന്നത് ഇരുവർക്കും മനസിലായില്ലെങ്കിലും ഉമ്മയുമായി അദ്ദേഹം വീഡിയോ കോളിൽ സംസാരിച്ചതും സുഖവിവരം തിരക്കിയതും ഇന്നും മറക്കാൻ കഴിയില്ല. ലോകം കണ്ട മികച്ച ഫുട്ബോൾ താരമായിട്ടും അഹങ്കാരം ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ഡീഗോ.

വലിയ ആഡംബരമില്ലാത്ത ജീവിതമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു. കുടുംബമായിരുന്നു അദ്ദേഹത്തിന് എല്ലാം. മാതാപിതാക്കളെയും സഹോദരങ്ങളെയും ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹം ദുബായിലിരിക്കെയാണ് മാതാപിതാക്കൾ മരണപ്പെട്ടത്. അന്ന് വളരെയേറെ സങ്കടപ്പെട്ടിരുന്ന ഡീഗോയെയാണ് കണ്ടത്. പലപ്പോഴും മാതാപിതാക്കളുടെ സ്നേഹത്തെക്കുറിച്ചും വാചാലനാകുമായിരുന്നു. മാറഡോണയും അദ്ദേഹത്തിന്റെ കുടുംബവും തന്നെ ഒരു കുടുംബാംഗത്തെപ്പോലെയാണ് കണ്ടത്. സുലേ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. ജോലിക്ക് കയറി ആദ്യദിവസങ്ങളിൽ സ്പാനിഷ് മാത്രം സംസാരിക്കുന്ന ഡീഗോയുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടായിരുന്നു. പരിഭാഷകന്റെ സഹായത്തോടെയാണ് ആദ്യനാളുകളിൽ സംസാരിച്ചിരുന്നത്. പിന്നീടങ്ങോട്ട് ചെറിയ ഇംഗ്ലീഷിലും സ്പാനിഷിലും സംസാരിക്കും. സ്പാനിഷ് അറിയില്ലെങ്കിലും അദ്ദേഹം പറയുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നു- സുലൈമാൻ പറഞ്ഞു.