തിരുവനന്തപുരം: ഒടുവിൽ ആരാധകരുടെ ആഗ്രഹം തന്നെ നടന്നു. മരക്കാർ തിയേറ്ററുകളിലേക്ക്. ഡിസംബർ 2ന് ചിത്രം റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂർ വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചുതിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

മോഹൻലാലും ചിത്രത്തിന്റെ സഹ നിർമ്മാതാക്കളും കഴിഞ്ഞ ദിവസം 'മരക്കാർ' കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം ഗംഭീര അഭിപ്രായമാണ് പറഞ്ഞതും. തിയറ്റർ റിലീസിനു ശേഷമാകും ചിത്രം ഒടിടിയിൽ പുറത്തിറങ്ങുക. സാധാരണ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനു ശേഷമാണ് ഒടിടിക്കു നൽകുന്നത്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററിൽ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളിൽ പ്രൈമിൽ എത്തിയിരുന്നു. എന്നാൽ 'മരക്കാറു'മായുള്ള പ്രൈമിന്റെ കരാർ എങ്ങനെയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് വേണ്ടി നടന്ന ചർച്ചകൾ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിമാറി ഒടുവിൽ ഒടിടി റിലീസ് പ്രഖ്യാപനം വന്നതോടെ കടുത്ത നിരാശയിൽ ആയിരുന്നു ആരാധകർ. പുതിയ പ്രഖ്യാപനം ഏറ്റവും സന്തോഷിപ്പിക്കുക ലാൽ ഫാൻസിനെ തന്നെ.

റിലീസ് ദിവസം പുലർച്ചെ മുതൽ ഫാൻസിന് വേണ്ടി പ്രത്യേക പ്രദർശനം നടത്താൻ 2019ൽ തന്നെ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ടിക്കറ്റ് വിറ്റഴിച്ചിരുന്നു. മോഹൻലാൽ ആരാധകരുടെ ഔദ്യോഗിക സംഘടനയാണ് ടിക്കറ്റ് വിറ്റിരുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഫാൻസ് ഷോ നടത്തി മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള പീരിഡ് ഡ്രാമ ആഘോഷമാക്കാനുള്ള ആഗ്രഹമാണ് സഫലമാകുന്നത്.

ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിക്ക് ശേഷം തിയറ്റുകൾ വീണ്ടും ഉണരുമ്പോൾ വലിയ പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം ഒടിടി റിലീസിന് നൽകാനുള്ള തീരുമാനം വന്നതോടെ വലിയ പ്രതിഷേധങ്ങളും ചർച്ചകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം നടന്നത്.

തിയറ്ററിന് വേണ്ടി ഡിസൈൻ ചെയ്ത കാലാപാനിക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഡ്രീം പ്രൊജക്ട് മൊബൈൽ സ്‌ക്രീനിലേക്ക് ചുരുങ്ങിയതിലെ നിരാശ ആരാധകരും പ്രകടിപ്പിച്ചിരുന്നു.

'മരക്കാർ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവിൽ അത് പൂർത്തിയായപ്പോഴും തിയറ്റർ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്.' മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പറഞ്ഞതിങ്ങനെയാണ്.

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വർഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചെലവിട്ടാണ് നിർമ്മിച്ചത്. 2020 മാർച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാൽ അതൊന്നും നടന്നില്ല.