മാരാമൺ: നീതിയും കരുണയും വിശ്വസ്തതയും സമൂഹത്തിൽ നിലനിൽക്കാൻ സഭകളുടെ കാര്യക്ഷമമായ ഇടപെടലുണ്ടാകണമെന്ന് റവ.ഡോ.ഫ്രാൻസിസ് സുന്ദർരാജ് പറഞ്ഞു. മാരാമൺ കൺവെൻഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കണ്ടുമുട്ടുന്ന ഓരോ മനുഷ്യനിലും ദൈവികമുഖം ദർശിക്കാൻ കഴിയുകയെന്നതാണ് ക്രിസ്തുദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ക്രിസ്തുവിന്റെ സ്‌നേഹം ഉള്ളിൽ വഹിക്കുന്നവർക്കു മാത്രമേ മറ്റുള്ളവരിൽ ദൈവിക മുഖം ദർശിക്കാനാകു. ബാഹ്യമായ പ്രകടനങ്ങളേക്കാൾ ആന്തരികമായ മാറ്റമാണ് ക്രിസ്തുദർശനത്തിലൂടെ സാധ്യമാകുന്നത്. സഭകളാണ് ഇതിനു മുൻകൈയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തു കേന്ദ്രീകൃതമായ ജീവിതശൈലി പുലർത്തുന്നവർക്ക് സമൂഹത്തിൽ നീതിപൂർവമായ ഇടപെടൽ നടത്താനാകും. മറ്റുള്ളവരുമായുള്ള ബന്ധം നീതിപൂർവവും കരുണയോടെയും വിശ്വസ്തതയോടെയുള്ളതായിരിക്കണം. അപരനെ ബഹുമാനിക്കാനും മനോഭാവത്തിൽ മാറ്റം വരുത്താനും സ്‌നേഹം പകർന്നു നൽകാനും ക്രിസ്തുദർശനം നമ്മെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ക്രിസ്തുസ്‌നേഹം പ്രകടമാകുന്നത് പ്രാർത്ഥനയിലൂടെയുള്ള ജീവിതാനുഭവത്തിലാണ്. ക്രിസ്തുവുമായുള്ള സ്‌നേഹത്തിന്റെ മധ്യത്തിൽ ഒരു ക്രൂശ് ദൃശ്യമാണ്. ലോകത്തിനുവേണ്ടി ക്രിസ്തു ജീവിതം ഉഴിഞ്ഞുവച്ച ക്രൂശാണിത്. ഇതിലൂടെ ലോകത്തിനു മുമ്പിൽ നാട്ടപ്പെടുന്നത് ക്രിസ്തു സ്‌നേഹമാണെന്ന് ഡോ.ഫ്രാൻസിസ് സുന്ദർരാജ് പറഞ്ഞു.

റവ.സജീവ് തോമസ് പ്രസംഗം പരിഭാഷപ്പെടുത്തി. ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.