ഇടുക്കി: മറയൂർ ശർക്കരയ്ക്ക് മാധുര്യമേറെയാണെങ്കിലും അതുൽപാദിപ്പിക്കുന്ന കർഷകരുടെ ജീവിതം കയ്ക്കുകയാണ്. കൊടിയ ദാരിദ്ര്യത്തിലും കടം വാങ്ങിയ പണംകൊണ്ടു കൃഷിയിറക്കിയും വർഷം മുഴുവൻ തള്ളിനീക്കുന്ന ഇവിടുത്തെ കരിമ്പ് കർഷകർ ആത്മഹത്യയുടെയും ഒളിച്ചോട്ടത്തിന്റെയും വക്കിലാണ്. ജീവിക്കാനുള്ള ആഗ്രഹത്തിൽ കഷ്ടപ്പാടുകളും നൊമ്പരങ്ങളും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ മറയൂർ കർഷകരും ഒടുവിൽ ജീവിതത്തിന് അർത്ഥം കണ്ടെത്താനാകാതെ വഴിമുട്ടി നിൽക്കുകയാണ്. കർഷക ആത്മഹത്യ ഇവിടെയും ആരംഭിച്ചിരിക്കുന്നു.

കടബാധ്യതയിയിൽ ഗത്യന്തരമില്ലാതെവന്ന യുവ കർഷകൻ കഴിഞ്ഞ ദിവസം വയോധികമാതാവിന് വിഷം നൽകിയശേഷം ജീവിതം അവസാനിപ്പിച്ച വാർത്ത മറയൂർ, കാന്തല്ലൂർ മേഖലയിലെ കർഷകർ ഞെട്ടലോടെയാണ് ശ്രവിച്ചത്. കാന്തല്ലൂർ വെട്ടുകാടുവിളക്ക് നാച്ചിയമ്മൻപാറ സ്വദേശികളായ ശാരദ(82)യും മകൻ തങ്കപ്പ(37)നുമാണ് മരിച്ചത്. വീടിനൂള്ളിൽ മരിച്ച നിലയിൽ ഇരുവരെയും ഞായറാഴ്ച കണ്ടെത്തുകയായിരുന്നു. മറയൂർ കരിമ്പുകർഷകരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായിരുന്ന ഇരുവരുടെയും വരാനിരിക്കുന്ന ദുരന്തനാളുകളെക്കുറിച്ചു ചിന്തിക്കാൻ കർഷകരെ നിർബന്ധിതമാക്കുന്നു.

കടം കൊണ്ടു നിൽക്കക്കള്ളിയില്ലാത്ത താൻ മരിച്ചാൽ അമ്മയെ പരിപാലിക്കാനും സംരക്ഷിക്കാനും ആരുമുണ്ടാവില്ലെന്നും കടക്കാർ തന്റെ അമ്മയെ ഉപദ്രവിക്കുമെന്നും ഭൂമി കയ്യേറി അമ്മയെ പെരുവവിയിലേയ്ക്കു തള്ളുമെന്നുള്ള ഭയമാണ് 82കാരിയായ അമ്മയെയും തന്നോടൊപ്പം മരണത്തിലേയ്ക്ക് കൊണ്ടുപോകാൻ തങ്കപ്പനെ പ്രേരിപ്പിച്ചത്. പ്രായധാക്യമേറെയാണെങ്കിലും തങ്കപ്പനൊപ്പം ശാരദയും കൂലിപ്പണിക്കുപോയാണ് കഴിഞ്ഞത്. രണ്ടേക്കർ കൃഷിഭൂമി സ്വന്തമായുള്ള ഇവർ പതിറ്റാണ്ടുകളായി കരിമ്പു കർഷകരാണ്. എന്നാൽ കൃഷി ലാഭകരമല്ലാതെ വന്നതോടെ മുന്നോട്ടു പോകാൻ കഴിയില്ലെന്നായി. കൃഷിയിറക്കാൻ കടം വാങ്ങിയ പണം കുമിഞ്ഞുകൂടിയപ്പോൾ ഭൂമി ഒറ്റി കൊടുത്തു. അങ്ങനെ കിട്ടിയ പണംകൊണ്ട് കടം വീട്ടാനായില്ല. ഇരുവരും ചേർന്ന് കൂലിപ്പണിക്ക് പോയി.

ആത്മാഭിമാനിയായ തങ്കപ്പൻ എല്ലാവരോടും പണം തിരികെ നൽകാമെന്നു ഉറപ്പു പറഞ്ഞാണ് കൂലിപ്പണിക്കു പോയത്. എന്നാൽ ഓരോദിവസവും പലിശ ഉൾപ്പെടെ ബാധ്യത കൂടിക്കൂടി തകർച്ചയിലേയ്ക്ക് നീങ്ങിയതോടെ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു. കടക്കെണിയിൽനിന്നു രക്ഷപെടാനുള്ള തത്രപ്പാടിൽ വിവാഹജീവിതം പോലും മറന്ന തങ്കപ്പൻ, താൻ പണം കൊടുക്കാനുള്ള മുഴുവൻ പേരുടെയും വിവരങ്ങളും വായ്പ തുകയും ആത്മഹത്യാ കുറിപ്പിൽ എഴുതിയാണ് യാത്രയായത്.

തങ്കപ്പന്റെയും ശാരദയുടെയും മരണത്തെ വെറും ആത്മഹത്യയെന്ന നിലയിൽ എഴുതിത്ത്ത്തള്ളാനാവില്ല. സാമ്പത്തിക തകർച്ചയുടെ കാര്യത്തിൽ കരിമ്പ് കർഷകരെല്ലാം ഏറെക്കുറെ സമാനസ്ഥിതിയിലാണ്. സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും കർഷക സംഘടനകളുമെല്ലാം കൈയൊഴിഞ്ഞ അധ്വാനവർഗം മാത്രമാണ് മറയൂർ കർഷകർ. ഏതാനും വൻകിട വ്യാപാരികളുടെ അടിമകളെപ്പോലെ, ചൂഷിതസംഘമായി കരിമ്പ് കർഷകർ മാറിയിട്ട് നാളേറെയായി. കരിമ്പ് ഉൽപാദിപ്പിക്കാനും ശർക്കരയാക്കാനുമല്ലാതെ വിൽക്കാൻപോലും ഇവർക്ക് സ്വാതന്ത്ര്യമില്ല. അത്രത്തോളം ദയനീയാവസ്ഥയിലാണ് കരിമ്പ് കൃഷിക്കാരുടെ ജീവൻ തുടിക്കുന്നത്. കൃഷിയിറക്കും വിളവെടുപ്പും വിൽപനയും തീരുമാനിക്കുന്നത് വൻകിട വ്യാപാരികളാണ്. സർക്കാരിന്റെ ഇടപെടലോ സഹായമോ ഇവർക്ക് ലഭിക്കുന്നില്ല.

കേരളത്തിൽ നാടൻ ശർക്കര വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഏക സ്ഥലമാണ് അതിർത്തി മേഖലകളായ മറയൂരും കാന്തല്ലൂരും. മറയൂരിലെ സിംഹഭാഗവും പരമ്പരാഗതമായി കരിമ്പ് കൃഷിയാണ്. തമിഴ് വംശജരും മലയാളികളും ഇടകലർന്ന ജീവിക്കുന്ന ഈ മലയോര മേഖലയിലെ 868 കർഷകരാണ് കരിമ്പ് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. 17000 ഏക്കറോളം സ്ഥലത്താണ് കരിമ്പ് ഉൽപാദിപ്പിക്കുന്നത്. മറയൂർ കരിമ്പ് കർഷകരെ ചൂഷണം ചെയ്തും തമിഴ്‌നാട്ടിൽനിന്നുള്ള ഉപ്പുരസം കലർന്ന ശർക്കര മറയൂർ ശർക്കരയെന്ന വ്യാജേന വിറ്റഴിച്ചും വ്യാപാരികളും അധികൃതരും യഥാർത്ഥ കർഷകരുടെ ഉൽപ്പന്നത്തിന് വിലയിടിക്കുന്നതാണ് കരിമ്പ് കർഷകർ പ്രതിസന്ധിയിലാകാൻ കാരണം. ഉൽപാദന ചെലവ് വർധിച്ചതും തിരിച്ചടിയായി.

മറയൂരിനെ തഴുകിയൊഴുകുന്ന പാമ്പാറും ആറ് മാസത്തോളം ലഭിക്കുന്ന മഴയുമാണ് കരിമ്പ് കർഷകരുടെ ജീവിതത്തിന്റെ ആശ്രയകേന്ദ്രങ്ങൾ. അരയേക്കർ മുതൽ ഇരുപതേക്കർ വരെ ഭൂമിയിൽ കരിമ്പ് കൃഷി ചെയ്യുന്ന കർഷകരുണ്ട്. മിക്കവരും സ്വന്തം ഭൂമിയിൽ ആലപ്പുര പണിതാണ് ശർക്കര പാകപ്പെടുത്തുന്നത്. ശർക്കര ഉരുളയാക്കി മാറ്റാൻ ക്രഷർ യൂണിറ്റുകളെ ആശ്രയിക്കും. തൊഴിലാളികളുടെ കൂലിക്കൂടുതലും വളങ്ങളുടെ വില വർധിച്ചതും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞുതുടങ്ങിയതും മൂലം അഞ്ചു വർഷത്തോളമായി കൃഷി പ്രതിസന്ധിയാലാണ്. അഞ്ച് കൊല്ലം മുമ്പ് 40000 രൂപയായിരുന്ന ഉൽപാദന ചെലവ് ഇപ്പോൾ 65000 ആി ഉയർന്നു. ഒരേക്കറിൽനിന്ന് 3000-3500 കിലോ കരിമ്പാണ് ശരാശരി കിട്ടുന്നത്. കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃഷി ചെയ്താൽ വിളവ് 4000 കിലോയ്ക്ക് മുകളിൽ ലഭിക്കും.

3000 കിലോ ലഭിക്കുന്ന കൃഷിയിടം ലാഭകരമല്ലെന്നു മാത്രമല്ല, നഷ്ടത്തിലുമാണ്. ഒരു കിലോ ശർക്കര വ്യാപാരികൾ വാങ്ങുന്നത് 40-42 രൂപയ്ക്കാണ്. കൃഷിയിറക്കുന്നതിനുള്ള ചെലവ് കൂടാതെ വെട്ടുകൂലി, ശർക്കരയുൽപാദനത്തിനാവശ്യമായ ക്രഷർ യൂണിറ്റുകൾക്കുള്ള തുക, പായ്ക്ക് ചെയ്യുന്നതിനുള്ള പായ് എന്നിവയടക്കം 6000-65000 വേറെയും വേണം. ആകെ ചെലവ് 120000 രൂപ മുതൽ 140000 രൂപ വരെയാകും. 3000 കിലോ ഉൽപാദിപ്പിച്ചാൽ കിട്ടുന്നത് ഏതാണ്ട് 120000 രൂപ മാത്രം. ഒരു വർഷത്തെ അധ്വാനം പാഴാകുന്നതും കടം പെരുകുന്നതുമാണ് മറയൂർ കർഷകർക്ക് പറയാനുള്ള കഥ.

വ്യാപാരികളാണ് കർഷകരെ കൊള്ളയടിക്കുന്ന പ്രധാനികൾ. ദരിദ്രരായ കർഷകർക്ക് കൃഷിയിറക്കാനുള്ള പണത്തിന്റെ നല്ലൊരു പങ്കും മറയൂരിലെ തന്നെ ഏതാനും മൊത്തക്കച്ചവടക്കാർ മുൻകൂറായി നൽകും. അതുകൊണ്ടുതന്നെ ഉൽപാദിപ്പിക്കുന്ന ശർക്കര ഇവർക്കല്ലാതെ മറ്റാർക്കും വിൽക്കാനാവില്ല. വില വ്യാപാരികളാണ് നിശ്ചയിക്കുന്നത്. ഓണക്കാലത്ത് 48 രൂപ വരെ വില കിട്ടി. പിന്നീട് വില കുറഞ്ഞു. എന്നാൽ വിപണിയിൽ മറയൂർ ശർക്കര കിട്ടണമെങ്കിൽ 65-70 രൂപ കൊടുക്കണം. കൊടിയ ദുരിതത്തിൽനിന്നും കർഷകരെ സഹായിക്കാൻ ആരും തയാറാകുന്നില്ലെന്നു രണ്ടു കൊല്ലം മുമ്പു കർഷകരുടെ ക്ഷേത്തിനായി രൂപീകരിച്ച അഞ്ചുനാട് കരിമ്പ് ഉൽപാദക വിപണന സംഘത്തിന്റെ സെക്രട്ടറി വി. അക്‌ബർ അലി പറഞ്ഞു.

സർക്കാർ വിപണന സൗകര്യമൊരുക്കുകയോ, സർക്കാർ ഏജൻസികൾ മുഖേന ശർക്കര സംഭരിക്കുകയോ ചെയ്‌തെങ്കിൽ മാത്രമേ ഇപ്പോഴത്തെ ചൂഷണത്തിൽനിന്നു കരിമ്പ് കർഷകർ രക്ഷപെടുകയുള്ളൂ. ശബരിമലയിലേയ്ക്ക് ഇവിടെനിന്നുള്ള ശർക്കര ഉപയോഗപ്പെടുത്താൻ സർക്കാർ തയാറാകണം. കർഷകരെ സഹായിക്കാൻ ഒരു പദ്ധതിയും നിലവിലില്ല. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി മുൻഎം. പി . ടി തോമസിന്റെ കാലത്ത് 2.35 കോടി രൂപ കർഷകർക്ക് സബസിഡിയായി ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ സബ്‌സിഡി കിട്ടുന്നില്ല. പുതിയ വിത്തിറക്കുന്ന കൃഷിക്ക് ഹെക്ടറൊന്നിന് 50000 രൂപയും റാട്ടൂൺ കൃഷിക്ക് 20000 രൂപയുമാണ് സബസിഡി ലഭിച്ചിരുന്നത്. ഇത് നിലച്ചതോടെയാണ് കരിമ്പ് കർഷകർ ഭീകര നഷ്ടത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയത്.

വ്യാപാരികൾ തമിഴ്‌നാട് ശർക്കര മറയൂർ ശർക്കരയുടെ പേരിൽ വിറ്റഴിക്കുന്നതും ഇവിടുത്തെ കൃഷിക്കാർക്ക് ആഘാതമായിരിക്കുകയാണ്. 30 കിലോമീറ്റർ അകലെ തമിഴ്‌നാട് മേഖലയിൽ 15-20 രൂപ കുറച്ച് ശർക്കര ലഭിക്കും. ട്രാക്ടർ, ട്രില്ലർ തുടങ്ങിയ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നതെന്നതിനാൽ ഉൽപാദന ചെലവ് പകുതിയോളം കുറയും. എന്നാൽ തമിഴ്‌നാട് ശർക്കരയിൽ ഉപ്പുരസമുണ്ട്. അവിടെ ശർക്കരയിൽ 60 ശതമാനമാണ് ഷുഗറിന്റെ അളവ്. ഇതേസമയം മറയൂർ ശർക്കരയിൽ 90 ശതമാനം ഷുഗർ അടങ്ങിയിട്ടുണ്ട്. മറയൂരിൽ കൈകൊണ്ട് ഉരുളകളാക്കി ശർക്കരയുണ്ടാക്കി പായിൽ കെട്ടിയാണ് വിൽക്കുന്നത്. തമിഴ്‌നാട്ടിൽ യന്ത്രങ്ങളുടെ സഹായത്തോടെ ചതുരക്കട്ടയുടെയും കോണിന്റെയും ആകൃതിയിൽ അച്ചുകളിലാണുണ്ടാക്കുന്നത്.

ഇത് തിരിച്ചറിയുമെന്നതിനാൽ മറയൂരിലെ വ്യാപാരികൾ തമിഴ്‌നാട്ടിലെ കരിമ്പ് കേന്ദ്രങ്ങളിലെത്തി മറയൂർ മാതൃകയിൽ ശർക്കരയുണ്ടാക്കി വാങ്ങി നികുതി കൊടുത്ത് മറയൂരിലെത്തിക്കും. അവിടെ വീണ്ടും മറയൂർ ലേബലിൽ റീപായ്ക്ക് ചെയ്ത് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്കയച്ചും തട്ടിപ്പ് നടത്തുന്നു. വാഹനക്കൂലിയും നികുതിയുമടക്കം 5 രൂപ ചെലവാക്കിയാലും പത്ത് രൂപയെങ്കിലും തമിഴ്‌നാട് ശർക്കര മറയൂർ ശർക്കരയാക്കി വിൽക്കുന്നതിലൂടെ ലഭിക്കുമെന്നും മറയൂരിലെ കർഷകർ പരാതിപ്പെടുന്നു. അഞ്ച് കിലോ തമിഴ്‌നാട് ശർക്കര ഉപോയഗിക്കുന്ന സ്ഥാനത്ത് മൂന്നു കിലോ മറയൂർ ശർക്കര ഉപോയഗിച്ചാൽ മതിയാകുമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. ലാഭക്കൊതി മൂത്ത ചില മൊത്തവ്യാപാരികൾ ഇപ്പോൾ വിളവെടുക്കേണ്ടെന്നും ഒരു മാസം കൂടി കഴിഞ്ഞു മതിയെന്നും കടം കൊടുത്ത കർഷകരോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഇത് കർഷകരുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കും.

തങ്കപ്പന്റെയും ശാരദയുടെയും മരണം ഒരു പാഠമായി സർക്കാർ കരുതി നടപടിയെടുത്താൽ പാവം മറയൂർ കരിമ്പ് കർഷകർ നിലനിൽക്കും. മറയൂർ ശർക്കരയെന്ന നാമം ഖ്യാതിയോടെ നിലകൊള്ളുകയും ചെയ്യും. മറിച്ചായാൽ മറയൂർ ശർക്കര പേരിൽ മാത്രം അവശേഷിക്കും. കരിമ്പ് കർഷകരെ കൂട്ട ആത്മഹത്യയിലേയ്ക്ക് നയിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുള്ളതാണ്.