തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ സ്വദേശി മരിയോ സപ്പോട്ടോയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് സൂചന. ഇയാളെ രണ്ട് ദിവസത്തിനകം വാർഡിലേക്ക് മാറ്റിയേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ശനിയാഴ്ചട രാത്രി അമൃതാനന്ദമയി മഠത്തിന് സമീപത്തെ ബീച്ചിൽ നിന്നും അക്രമാസക്തനായ യുവാവിനെ കൈകാലുകൾ ബന്ധിച്ച നിലയിൽ നാട്ടുകാർ തന്നെ മഠത്തിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ 10 വർഷമായി ഇയാൾ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. അമൃതാനന്ദമയിയുടെ പിറന്നാളിന് എത്തിയ ഇയാൾ സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണെന്നും എന്നാൽ കൈവശം ആവശ്യത്തിന് മരുന്നില്ലാതിരുന്നതിനാൽ അക്രമാസക്തനാവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാളുടെ മാതാപിതാക്കളും മഠത്തിലെ സന്ദർശകരാണ്.

സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കേസിനെ കുറിച്ച് ഒരു വ്യക്തത പൊലീസിന് ഇനിയും കൈവന്നിട്ടില്ല. അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിയായ ഇയാൾ പത്ത് വർഷമായി മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുവെന്ന് ഇയാളുടെ പിതാവ് തന്നെ മഠം അധികൃതർക്ക് ഇ മെയിൽ സന്ദേശമയച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മഠത്തിന് സമീപത്ത് കട നടത്തിയിരുന്നയാളെയാണ് മരിയോ മർദ്ദിച്ചതും അക്രമിച്ചതും, ഇയാളുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് ഇനിയും സംഭവത്തിൽ കേസെടുത്തിട്ടില്ല. ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ചുവെന്ന് പറയുമ്പോഴും അവിടെയും ആർക്കെതിരെയും കേസില്ല. കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ലിംഗം പെൺകുട്ടി മുറിച്ച് മാറ്റിയ സംഭവത്തിൽ സ്വാമിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പബോൾ അഞ്ചോളം പൊലീസുകാർ കാവലുണ്ടായിരുന്നു. കരുനാഗപള്ളിയിലെ ബീച്ചിൽ വച്ചാണ് യുവാവിന് മർദ്ദനമേറ്റത്. ലഹരിക്കടിമയായ ഇയാൾ ബീച്ചിൽ അക്രമം കാണിച്ചുവെന്നും വലിയ കായിക ശക്തിയുള്ള ഇയാൾ കൈകൊണ്ട് കാറും മറ്റ് വാഹനങ്ങളും ഒക്കെ എടുത്ത് പൊക്കാൻ ശ്രമിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ മറ്റ് പരിശോധനകൾക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തിൽ അഡ്‌മിറ്റാക്കി. മെഡിസിൻ, സർജറി, ന്യൂറോ സർജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് ചികിത്സ നൽകുന്നത്. രണ്ട് ദിവസത്തിനകം വാർഡിലേക്ക് മാറ്റാമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇയാൾക്ക് വയറ്റിൽ നല്ല ഇടി കിട്ടിയിട്ടുണ്ടെന്ന്ാണ് ചികിത്സാ വൃത്തങ്ങൾ നൽകുന്ന സൂചന.

വലിയ രീതിയിൽ മർദ്ദനമേറ്റ മരിയോയുടെ ആന്തരിക അവയവങ്ങളായ വൃക്കയ്ക്കും, കരളിനും സാരമായ ക്ഷതമേറ്റിട്ടുണ്ട്.ഇന്നലെ ചില പൊലീസുകാർ ഇയാളെ നേരിട്ട് കണ്ടുവെന്ന വിവരം ലഭിച്ചതനുസരിച്ച് കരുനാഗപള്ളി പൊലീസുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടെങ്കിലും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു അതിനുള്ള സാഹചര്യമില്ലെന്നും പൊലീസ് പറയുന്നു. അക്രമം നടത്തിയെന്ന് പറയുമ്പോഴും എന്താണ് ശരിക്ക് സംഭവിച്ചതെന്നോ എങ്ങനെയാണ് മരിയോക്ക് ക്ഷതമേറ്റതെന്നോ വ്യക്തമാക്കുവാനും പൊലീസിന് കഴിയുന്നില്ല.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മരിയോക്ക് കൂട്ടിരിപ്പിനായി വിട്ടിരിക്കുന്നത് മഠത്തിലെ അന്തേവാസിയായ ഒരു ഫ്രഞ്ച് യുവാവിനെയാണ്.