ണ്ട് വർഷങ്ങൾക്കിടെ ജിഹാദികൾ ഫ്രാൻസിലെ വിവിധയിടങ്ങളിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ 238 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നത്. ഇതിൽ ഏറ്റവും അവസാനത്തെ ആക്രമണം ഇന്നലെയാണ് പാരീസിലുണ്ടായിരിക്കുന്നത്. ഇതിൽ ഒരു പൊലീസുകാരൻ മരിക്കുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പാരീസിലെ ചാംപ്‌സ് എലിസീസിൽ ഓഡി കാറിൽ എത്തിയ ഭീകരർ കലാഷ്‌നിക്കോവ് തോക്കുപയോഗിച്ച് പൊലീസിന് നേരെ വെടി വയ്ക്കുകയായിരുന്നു. ഈ ആക്രമണം ഫ്രാൻസിൽ മതേതര മനസുള്ളവരെ കൂടി വംശീയവാദികൾ ആക്കിയേക്കാമെന്ന ആശങ്ക മുമ്പില്ലാത്ത വിധം ശക്തമായിരിക്കുകയാണ്.

ഇത്തരക്കാർ നാളത്തെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലത് പക്ഷ കക്ഷിയായ നാഷണൽ ഫ്രന്റിന്റെ സ്ഥാനാർത്ഥി മരിനെ ലി പെന്നിന് വോട്ട് ചെയ്യാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. മുസ്ലിം കുടിയേറ്റത്തെയും യൂറോപ്യൻ യൂണിയനെയും ശക്തമായി എതിർക്കുന്ന ലി പെൻ വിജയിച്ചാൽ അത് യൂറോപ്യൻ യൂണിയന്റെ തകർച്ചയ്ക്ക് തന്നെ വഴിയൊരുക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും അനിശ്ചിതത്വവും അസന്തുഷ്ടിയും നിറഞ്ഞ തെരഞ്ഞെടുപ്പാണ് നാളെ നടക്കാൻ പോകുന്നത്. ജനത്തിന്റെ ഈ വികാരം ലീ പെന്നിന് അനുകൂലമായി വർത്തിച്ചാൽ അത് അവരെ ഫ്രാൻസിന്റെ പ്രസിഡന്റാക്കുമെന്നുറപ്പാണ്.

കഴിഞ്ഞ വർഷം ജൂൺ23ന് യുകെയിൽ നടന്ന യൂറോപ്യൻ യൂണിയൻ റഫണ്ടത്തിൽ ഭൂരിഭാഗം പേരും ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് രാജ്യം യൂറോപ്യൻ യൂണിയൻ വിട്ട്പോകാനൊരുങ്ങുന്നതിന്റെ ഞെട്ടലിൽ നിന്നും ബ്രസൽസ് നേതൃത്വം ഇനിയും മോചനം നേടിയിട്ടില്ല. എന്നാൽ റഫറണ്ട ഫലത്തേക്കാൾ പ്രത്യാഘാതമുണ്ടാക്കുന്നതായിരിക്കും ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ ഫലമെന്നാണ് യൂറോപ്യൻ യൂണിയൻ നേതൃത്വം ഇപ്പോൾ ആശങ്കപ്പെടുന്നത്. അതായത് യൂണിയനിലെ പ്രധാനപ്പെട്ട രാജ്യമായ ഫ്രാൻസിനെ നയിക്കാൻ ഒരു യൂണിയൻ വിരുദ്ധ പ്രസിഡന്റെത്തിയാൽ അത് യൂണിയന്റെ അടിക്കല്ല് തന്നെ ഇളക്കാൻ സാധ്യതയുണ്ടെന്നാണ് അവർ ഉത്കണ്ഠപ്പെടുന്നത്.

ലി പെൻ തെരഞ്ഞെടുക്കപ്പെട്ടാൽ അതോടെ യൂറോപ്യൻ യൂണിയന്റെ അന്ത്യമായിരിക്കുമെന്നാണ് ഫ്രഞ്ചുകാരനും മുൻ ധനകാര്യമന്ത്രിയുമായ പിയറെ മോസ്‌കോവികി മുന്നറിയിപ്പേകുന്നത്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രെക്സിറ്റ് പക്ഷത്തിനുണ്ടായ ജയവും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധനും മുസ്ലിം വിരുദ്ധനുമായ ഡൊണാൾഡ് ട്രംപിനുണ്ടായ വിജയവും പൊതുവെ കുടിയേറ്റ വിരുദ്ധ മനോഭാവം വ്യാപിക്കുന്നുവെന്നതിന്റെ സൂചനയായിട്ടാണ് പലരും വിലയിരുത്തുന്നത്. ഫ്രാൻസിൽ ലി പെൻ വിജയിക്കുന്നതിലൂടെ അതിന് ഒന്ന് കൂടി അടിവരയിടപ്പെടുമെന്നും അവർ പ്രവചിക്കുന്നു. ഫ്രാൻസിലേക്ക് മുസ്ലീങ്ങൾ കടന്ന് വരുന്നതിനെ തുറന്നെതിർക്കുന്ന വലത് പക്ഷ നേതാവാണ് ലി പെൻ.