കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ ഉടമസ്ഥതയിലുള്ള മർക്കസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിനിടെ തകർന്നു വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിൽ ആണെന്ന രേഖകൾ പുറത്തുവന്നു. നിർമ്മാണത്തിന് അനുമതിയില്ലാത്ത ഭൂമിയിലാണ് കാന്തപുരം തന്റെ സ്വാധീനം ഉപയോഗിച്ചു നിർമ്മാണം നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.

കോടഞ്ചേരി വില്ലേജിൽ നിന്ന് കമ്പനി ഉടമകൾക്ക് നൽകിയ കൈവശ സർട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന് വ്യക്തമാക്കിയത്. നോളജ് സിറ്റിയിലെ ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷണൽ എന്ന കമ്പനി കെട്ടിടം നിർമ്മിക്കാനായി നൽകിയ അപേക്ഷയിൽ കോടഞ്ചേരി വില്ലേജിൽ നിന്ന് നൽകിയ കൈവശാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്. എന്നിട്ടും കമ്പനി പിന്മാറിയില്ലെന്നും നിർമ്മാണം പൂർത്തകരിക്കുകയാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ട്. ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമി എന്ന് രേഖപ്പെടുത്തിയതിനാൽ നിർമ്മാണാനുമതി നൽകാവുന്നതാണോ എന്ന് റവന്യൂ അധികാരികളിൽ നിന്ന് രേഖ ഹാജരാക്കേണ്ടതാണെന്ന് അപേക്ഷ പരിശോധിച്ച കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകി.

എന്നാൽ അത്തരമൊരു രേഖ കിട്ടില്ലെന്നതിനാൽ തന്നെ അനുമതിയില്ലാതെ കമ്പനി പണി തുടങ്ങുകയായിരുന്നു. കെട്ടിടനിർമ്മാണം രണ്ടാം നിലയിൽ എത്തിയപ്പോഴായിരുന്നു ഒരു ഭാഗം തകർന്ന് വീണത്. പിന്നാലെ പഞ്ചായത്ത് സ്റ്റോപ് മെമോയും നൽകി. ഇതിനിടെ, കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി ക്രമക്കേട് സ്ഥിരീകരിച്ച് വില്ലേജ് ഓഫീസർ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് നൽകിയ കത്തും പുറത്ത് വന്നു.

കോടഞ്ചേരി വില്ലേജിൽ വെഞ്ചേരി റബ്ബർ എസ്റ്റേറ്റ് എന്ന് കാണിക്കുന്ന ആധാരങ്ങളിൽ നോളജ് സിറ്റി എന്നറിയപ്പെടുന്ന സ്ഥലത്ത് വ്യത്യസ്ത വ്യക്തികളുടെയും കമ്പനികളുടെയും പേരിൽ ഹോട്ടലുകൾ, മെഡിക്കൽ കോളജ്, സ്‌കൂളുകൾ, ഫ്‌ളാറ്റുകൾ, കൺവെൻഷൻ സെന്ററുകൾ എന്നീ ബിൽഡിംഗുകൾ നിർമ്മിച്ചിട്ടുണ്ടെന്നും മതിയായ രേഖകൾ ലഭ്യമല്ലാത്തതിനാൽ തോട്ടഭൂമി തരംമാറ്റിയതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാൻ നിർവ്വാഹമില്ലെന്നും കത്തിൽ വില്ലേജ് ഓഫീസർ വ്യക്തമാക്കുന്നു.

കോടഞ്ചേരി വില്ലേജിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ടിഎൽബി കേസുകളിലെയും രേഖകൾ ലഭ്യമാക്കി ഫീൽഡ് പരിശോധന നടത്തി ഏതൊക്കെ ഭൂമിയാണ് ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് അനുവദിച്ചതെന്ന് കണ്ടെത്തി നിയമവിരുദ്ധമായി തരംമാറ്റം നടത്തിയ ഭാഗങ്ങളിൽ നടപടികൾ സ്വീകരിക്കാവുന്നതാണ് ഇനിയെടുക്കാവുന്ന നടപടി.

നോളജ് സിറ്റിക്കെതിരെ മാഫിയ സംഘമെന്ന് ഹകീം അസ്ഹരി

അതേസമയം മർകസ് നോളജ് സിറ്റിയിൽ നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് മാനേജിങ് ഡയരക്ടർ അബ്ദുൽ ഹകീം അസ്ഹരി പ്രതികരിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില മാഫിയാസംഘങ്ങളാണ് സ്ഥാപനത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പണിനടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുമ്പോൾ താങ്ങ് തെറ്റി പലകകൾ താഴേക്കു വീഴുക മാത്രമാണുണ്ടായതെന്നും അതാണ് വലിയ അപകടമായി ചിത്രീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കോഴിക്കോട് കേന്ദ്രീകരിച്ചു നടക്കുന്ന മാഫിയ സംഘമാണവർ. കോട്ടക്കലും ബംഗളൂരുവിലുമുള്ള ഇൻവെസ്റ്റേഴ്സുണ്ട് അവർക്ക്. അവർ ജന്മിത്ത വ്യവസ്ഥയുള്ള കാലത്തെ കുടുംബങ്ങളിലുള്ളവരെ വലവീശി എല്ലാവരിൽനിന്നും ആയിരം രൂപ വീതം പോക്കറ്റിലാക്കി. എന്നിട്ട് നിങ്ങളുടെ അപ്പൂപ്പന്റെ കാലത്തുള്ള ഭൂമിയാണിതെന്നും അതു തിരിച്ചുകിട്ടുമെന്നും കോടികൾ കിട്ടുമെന്നും പറഞ്ഞു. ഈ ഗുണ്ടാപ്രവർത്തനത്തിനു വേണ്ടി ആളുകളിൽനിന്ന് ഇൻവെസ്റ്റ്മെന്റ് വാങ്ങും. ഈ മോഹവലയത്തിൽ ആളുകൾ കൊണ്ടുപോയി ഇൻവെസ്റ്റ് ചെയ്യും. ഈ പണം വച്ച് ഉദ്യോഗസ്ഥന്മാരെ വലവീശാൻ നടക്കും. പത്രമാധ്യമങ്ങളെയും ചാനലുകളെയും വലയിൽപെടുത്താൻ ശ്രമിക്കും. ഇതൊന്നും ഫലിക്കാത്തതുകൊണ്ട് സങ്കടപ്പെട്ട് ഭ്രാന്ത് പിടിച്ച പട്ടിയെപ്പോലെ ഓടിനടക്കുകയാണ് അവരെന്നും അസ്ഹരി വിമർശിച്ചു.

കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുമ്പോൾ താങ്ങ് തെറ്റിയിട്ട് അതിന്റെ പലകകൾ താഴേക്കു വീഴുകയാണുണ്ടായത്. അതിന് ബഹുനില കെട്ടിടം വീണു. നോളജ് സിറ്റി തകർന്നടിഞ്ഞു എന്നൊക്കെയാണ് പറഞ്ഞത്. സ്വന്തം ആഗ്രഹം പറയുകയായിരുന്നു അവർ. ചെറിയൊരു അപകടമുണ്ടായ സമയത്ത് എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ചിലയാളുകൾ അതിനിടയിൽ കത്തിയെരിയുന്ന ചേവിൽനിന്ന് തീപിടിച്ച കൊപ്രയെടുത്ത് തൊള്ളയിലാക്കാൻ ശ്രമിക്കുന്ന വ്യഗ്രതയിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓടിയെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോട് പത്രക്കാർ ചോദിക്കുന്നത് ഇതിന് അംഗീകാരമുണ്ടോ എന്നാണ്. അദ്ദേഹം നിരത്തിപ്പറഞ്ഞ കാര്യങ്ങളിൽനിന്ന് പെർമിഷനില്ല എന്നു പറഞ്ഞ വാക്കുമാത്രം കട്ടെടുത്ത് പ്രസിദ്ധീകരിച്ചു. അത് ഒരുപാടാളുകളെ വിഷമിപ്പിച്ചു. ഉദ്യോഗസ്ഥന്മാർ അത് അന്വേഷിച്ച് പലഭാഗത്തുനിന്ന് വരേണ്ടിവന്നു. വന്നുപരിശോധിച്ചുപോകുമ്പോൾ അവർ പറഞ്ഞത്, ആ പ്രസ്താവന കണ്ടതുകൊണ്ടു മാത്രമാണ് വന്നതെന്നാന്നും അസ്ഹരി വിശദീകരിച്ചു.