അടൂർ: യുഡിഎഫ് സർക്കാരിന്റെ കീഴിൽ കൺസ്യൂമർഫെഡും സപ്ലൈകോയും കാണിച്ചു തന്ന അഴിമതിയുടെ വഴിയിലൂടെ ഹോർട്ടികോർപും. ഓണത്തിന് മാർക്കറ്റ് വിലയേക്കാൾ കൂട്ടി വിൽക്കാൻ ശ്രമിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ഹോർട്ടികോർപിന്റെ പച്ചക്കറിക്ക് നേരെ സാധാരണക്കാർ മുഖം തിരിച്ചു. ഒടുവിൽ വാങ്ങാൻ ആളില്ലാതെ കുന്നുകൂടിയ ടൺ കണക്കിന് നല്ല പച്ചക്കറി, ചീത്തയായെന്നു കാട്ടി ഹോർട്ടികോർപ് ജില്ലാ ഓഫീസിന്റെ മുറ്റത്ത് കുഴിവെട്ടി മൂടി.

സംഭവം വിവാദമായതിനെ തുടർന്ന് ഹോർട്ടികോർപ് എം.ഡി. അന്വേഷണത്തിന് ഉത്തരവിട്ടു. ഓണത്തിന് കുറഞ്ഞ വിലയിൽ വിഷരഹിത പച്ചക്കറി വിൽക്കുന്നതിനുള്ള പദ്ധതിയാണ് അട്ടിമറിച്ചത്. വില കൂട്ടി വിൽക്കാൻ ശ്രമിച്ചതു കാരണം ആരും വാങ്ങാതെ പോയ പച്ചക്കറി കുഴിച്ചുമൂടിയതിലൂടെ കോർപ്പറേഷനുണ്ടായത് ലക്ഷങ്ങളുടെ നഷ്ടമാണ്. പഴകുളത്ത് പ്രവർത്തിക്കുന്ന ജില്ലാ പച്ചക്കറി വിതരണ കേന്ദ്രത്തിലാണ് ഓണത്തിനു ശേഷം കേടായ പച്ചക്കറിയോടൊപ്പം നല്ല പച്ചക്കറികളും കുഴിച്ചിട്ടത്. ഇതിനുപിന്നിൽ വലിയ അഴിമതിയാണെന്ന ആക്ഷേപവുമുണ്ട്.

ഓണത്തിനു ജില്ലാ ജയിൽ, സർക്കാർ പച്ചക്കറി വിതരണ കേന്ദ്രങ്ങൾ, കുടുംബശ്രീ, സഹകരണ ബാങ്ക് ഓണച്ചന്തകൾ, ഹോർട്ടികോർപ് ഔട്ട് ലെറ്റ് എന്നിവ വഴി വിതരണം ചെയ്യുന്നതിനായി എത്തിച്ച പച്ചക്കറികളാണ് അധികൃതരുടെ അനാസ്ഥ മൂലം കുഴിച്ചിടേണ്ടി വന്നത്.
ഓണത്തിന് പൊതുമാർക്കറ്റിലേക്കാൾ പച്ചക്കറി വില കൂട്ടി വിറ്റതിനെ തുടർന്ന് റീജണൽ മാനേജർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില കുറയ്ക്കാൻ തയ്യാറായെങ്കിലും അപ്പോഴേക്കും ഉപഭോക്താക്കൾ ഹോർട്ടികോർപിനെ കൈവിട്ടിരുന്നു.

വിലകൂടിയത് കാരണം കുടുംബശ്രീകൾ, സർവീസ് സഹകരണ ബാങ്കുകൾ എന്നിവർ ഇവിടെനിന്നും പച്ചക്കറി എടുക്കാൻ തയാറായില്ല. ഒരു ലോഡ് ഏത്തക്കുലയാണ് അധികൃതർ കുഴിച്ചിട്ടത്. ചെറിയ ഉള്ളി ഹോർട്ടികോർപ് ഗോഡൗണിൽ കിടന്ന് കേടായി പുഴുവരിക്കുന്ന നിലയിലാണ്. ഇതേ പോലെ തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക് തുടങ്ങിയ സാധനങ്ങളും കേടായ പട്ടികയിൽപ്പെടും.കഴിഞ്ഞ ദിവസം രണ്ടു ലോഡോളം പച്ചക്കറിയാണ് കേടായത്. മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി നശിപ്പിക്കുന്നതിനായി അധികൃതർ ഇത് ലോറിയിൽ കയറ്റിവിട്ടു.

20 മുതൽ 30 ശതമാനം വരെ സബ്‌സിഡി പൊതുമാർക്കറ്റിലെ വിലയിൽനിന്നും നൽകി പച്ചക്കറി വിൽക്കണമെന്നാണ് ഹോർട്ടി കോർപിന് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. എന്നാൽ അധികാരികൾ പലപ്പോഴും ഇതിനു തയ്യാറാകുന്നില്ല. ടൺ കണക്കിന് പച്ചക്കറി മൊത്ത വിതരണ കേന്ദ്രത്തിൽ അധികൃതർ കുഴിച്ചിട്ട സംഭവത്തിൽ ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ ഡോ. സുരേഷ്‌കുമാറാണ് അനേ്വഷണത്തിന് ഉത്തരവിട്ടത്. ഇന്റേണൽ ഓഡിറ്റ് വിഭാഗമാണ് അനേ്വഷണം നടത്തുക. ഓണ സീസൺ കഴിയുമ്പോൾ സാധാരണഗതിയിൽ അഞ്ചു ശതമാനം വേസ്റ്റേജ് ഉണ്ടാകുമെന്നും ഈ സാധനങ്ങൾ ഗോഡൗണിനോട് ചേർന്ന സ്ഥലത്ത് കുഴിച്ചിട്ടെന്നുമാണ് ലഭിച്ച പ്രാഥമിക വിവരമെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു.

ഗോഡൗണിൽ ശേഷിക്കുന്ന വേസ്റ്റേജ് സാധനം ഉൾപ്പെടെ 1800 കിലോ വരുമെന്ന് കഴിഞ്ഞ ദിവസം ഓഡിറ്റർ റിപ്പോർട്ട് നൽകിയതായും കൂടുതൽ അനേ്വഷണത്തിൽ ക്രമക്കേട് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും എം.ഡി പറഞ്ഞു.