സിഖ് യുവാവ് അന്യജാതിക്കാരിയെ വിവാഹം കഴിക്കുന്നതുമായ ബന്ധപ്പെട്ട തർക്കം ലീമിങ്ടൺ സ്പാ പരിസരത്ത് ഇന്നലെ സംഘർഷം സൃഷ്ടിച്ചു. ലീമിങ്ടൺ സ്പായിലെ ഗുരുദ്വാരയിൽ വച്ച് നടക്കാനിരുന്ന വിവാഹം തടയാൻ വാളേന്തി നിരവധി സിഖ് യുവാക്കൾ രംഗത്തെത്തിയതോടെയാണ് ഇവിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.തുടർന്ന് ഏറ്റുമുട്ടൽ തടാനായി നൂറ് കണക്കിന് പൊലീസിനെ ഇറക്കി ആക്രമികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ഇതിനെ തുടർന്ന് 55 പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ 6.45നായിരുന്നു സംഭവം അരങ്ങേറിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സിഖ് ഗുരുദ്വാരയിലാണ് സംഘർഷമുണ്ടായിരിക്കുന്നത്.തുടർന്ന് ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബന്തവസിലായിരുന്നു.

അറസ്റ്റ് ചെയ്തവരെയെല്ലാം കയറ്റിക്കൊണ്ട് പോകാനായി പൊലീസ് ഒരു കോച്ച് വിളിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.ഇവിടുത്തെ സിഖ് സമൂഹത്തിൽ വിജാതീയ വിവാഹങ്ങൾ പലപ്പോഴും പ്രശ്നമാകാറുണ്ടെന്നും ഇത്തരം വിവാഹങ്ങൾ ഗുരുദ്വാരയിൽ നടത്തുന്നതിനെ ഇവിടുത്തെ ഭൂരിഭാഗം സിഖുകാരം എതിരു നിൽക്കാറുണ്ടെന്നുമാണ് ഗുരുദ്വാരയുടെ മുൻ ട്രഷററായ ജതീന്ദർ സിങ് ബിർദി വെളിപ്പെടുത്തുന്നത്. എന്നാൽ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്നത് പോലുള്ള ശക്തമായ എതിർപ്പും സംഘർഷവും ഇതുവരെ ഇവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.തങ്ങളിൽ പെട്ട 100 പേർ സമാധാനപരമായി പ്രതിഷേധം നടത്താനെത്തിയതാണെന്നാണ് സിഖ് യൂത്ത് ബെർമിങ്ഹാം എന്ന സംഘടന വെളിപ്പെടുത്തുന്നത്. ഈ ഗുരുദ്വാരുടെ ചുമതല തങ്ങൾക്കാണെന്ന് അവർ അവകാശപ്പെടുകയും ചെയ്യുന്നു.

പ്രതിഷേധക്കാരെ ഗുരുദ്വാരയ്ക്കകത്ത് രണ്ട് സായുധ പൊലീസ് ഓഫീസർമാർ തടഞ്ഞ് വച്ചതിന്റെ വീഡിയോ ഇവരുടെ ഫേസ്‌ബുക്ക് പേജിൽ കാണാം.മറ്റൊന്നിൽ ഡസൻ കണക്കിന് സിഖുകാർ തങ്ങളുടെ മുഖം കറുത്ത തുണി കൊണ്ട് മറച്ച് സിഖ് പ്രാർത്ഥനകൾ ഉച്ചത്തിൽ ചൊല്ലുന്നത് കേൾക്കാം. മറ്റൊരു ഫേസ്‌ബുക്ക് ഗ്രൂപ്പായ സിഖ് 2 ഇൻസ്പയറും ഇവിടെ നടന്ന പ്രതിഷേധത്തെ ന്യായീകരിച്ച് പോസ്റ്റിട്ടിരുന്നു. തങ്ങളുടെ സഹോദരന്മാർ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും എന്നാൽ അവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അവർ ചെയ്ത കുറ്റമെന്തായിരുന്നുവെന്നുമാണ് പ്രസ്തുത പോസ്റ്റിലൂടെ ഈ ഗ്രൂപ്പ് ചോദിക്കുന്നത്. ആരും ആയുധമെടുത്തിരുന്നില്ലെന്നും ആരും ആക്രമം നടത്തിയിരുന്നില്ലെന്നും ഇവർ വാദിക്കുന്നു.

എന്നാൽ കൈയിലുണ്ടായിരുന്ന ആയുധം തങ്ങൾ എപ്പോഴും കൊണ്ടു നടക്കുന്ന കൃപാൺ എന്ന മതവിശ്വാസപരമായി ബന്ധപ്പെട്ട വാൾ മാത്രമായിരുന്നുവെന്നും ഇവർ ന്യായീകരിക്കുന്നു.സംഭവത്തെ തുടർന്ന് സിഖ് നേതാക്കന്മാർ ആരാധനാലയത്തിനകത്ത് വച്ച് സമാധാനപരമായ ഒത്തു തീർപ്പിനായി പൊലീസുമായി ചർച്ച നടത്തിയിരുന്നുവെന്നാണ് വാർവിക്ക്ഷെയറിലെ പൊലീസ് പറയുന്നത്. പ്രേോദശിക തലത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം ഇവിടെ മൂർധന്യത്തിലെത്തുകയായിരുന്നുവെന്നാണ് പൊലീസ് സൂപ്രണ്ടായ ഡേവിഡ് ഗാർഡ്നർ വെളിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരും നാളുകളിൽ ഇല്ലാതാക്കാനായി പൊലീസ് ഇവിടുത്തെ പ്രാദേശിക സിഖ് നേതാക്കന്മാരുമായി ചർച്ചകൾ നടത്തി വരുന്നുണ്ട്.