പാലക്കാട്: അരിക്ഷാമം മൂലം രാജ്യം പട്ടിണിയിലൂടെ കടന്നു പോയപ്പോൾ ബ്രിട്ടീഷ് കാലത്തുണ്ടാക്കിയ നിയമം മറികടക്കാൻ 'നിങ്ങളുടെ റേഷൻ മുൻകൂട്ടി അയച്ചു തരുവാൻ അപേക്ഷ' എന്നറിയിച്ചുകൊണ്ടുള്ള വിവാഹക്ഷണക്കത്തു കണ്ടെത്തി. 69 വർഷം മുമ്പ് ഒറ്റപ്പാലത്തിനടുത്ത് നെല്ലായ കരിനാട്ടിൽ കുഞ്ഞൻ നായർ തന്റെ മരുമകൾ നാണിക്കുട്ടിയുടെ കല്യാണത്തിന് അച്ചടിച്ച വിവാഹത്തിലാണ് കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് വിരൽ ചൂണ്ടുന്ന ചരിത്രപശ്ചാത്തലമുള്ളത്. പൊൻപ്പിലായ കരിയാട്ടിൽ കുന്നത്ത് ബേബിയുടെ ഡയറിക്കുള്ളിലാണ് ഈ വിവാഹ കത്തുണ്ടായിരുന്നത്. ഇവരുടെ അമ്മയുടെ വിവാഹക്ഷണക്കത്താണിത്. കല്യാണത്തിൽ പങ്കുകൊള്ളാൻ വരുന്നവർ തങ്ങളുടെ സദ്യയുടെ വിഹിതമായ അരികൂടി എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അറിയിപ്പാണിത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് രാജ്യത്ത് അതിഭീകര ഭക്ഷ്യക്ഷാമമുണ്ടായപ്പോൾ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി ഉണ്ടാക്കിയ നിയമമായിരുന്നു ഇത്. ഒരു വിഭാഗം ഭക്ഷണമില്ലാതെ പട്ടിണി കിടക്കുമ്പോൾ സമ്പന്നവിഭാഗം ഭക്ഷ്യധൂർത്ത് നടത്തി ഭക്ഷണം പാഴാക്കി കളയാതിരിക്കാൻ വേണ്ടി കൂടിയായിരുന്നു ഈ നിയമം.

ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ അരിയുൾപ്പെടെ ധാന്യങ്ങൾ കിട്ടാതായി. ഇവ സംഭരിക്കുന്നതിനും അമിതമായി ഉപയോഗിക്കുന്നതിനും അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സദ്യ നടത്തുന്നതിനും വിവാഹധൂർത്തുകൾക്കും കർശനനിയന്ത്രണമുണ്ടായി. ഒരു വിവാഹത്തിന് പരമാവധി 25 പേർക്കു മാത്രമേ സദ്യ കൊടുക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നുള്ളൂ. കൂടുതൽ പേർക്ക് സദ്യ നൽകിയാൽ അതിന്റെ പേരിൽ കേസ്സെടുത്ത് ജയിലിൽ അടയ്ക്കാൻ കഴിയുമായിരുന്നു.

കൂടുതൽ പേർക്ക് സദ്യ നൽകണമെങ്കിൽ പങ്കെടുക്കുന്നവർ റേഷൻ മുൻകൂട്ടി കൊണ്ടുവന്ന് എല്ലാവരും ചേർന്നു പാചകം ചെയ്തു കഴിക്കണമെന്നായിരുന്നു നിയമം. നിയമത്തിന്റെ ഈ ആനുകൂല്യം ലഭിക്കാനാണ് വിവാഹക്ഷണക്കത്തുകളിൽ ''നിങ്ങളുടെ റേഷൻ മുൻകൂട്ടി അയച്ചു തരുവാൻ അപേക്ഷ'' എന്ന് ചേർത്തിരുന്നത്.

25 പേരിൽ കൂടുതൽ പേർ വിവാഹത്തിനു വരുമെന്ന് ഉറപ്പുള്ളതിനാൽ അക്കാലത്ത് വിവാഹക്ഷണക്കത്തുകളിലെ ഒരു സ്ഥിരം പ്രയോഗമാണിത്. കൂടുതൽ പേർക്ക് സദ്യ നടത്തുന്നവർ ഇത്തരത്തിൽ കത്തുകളടിച്ച് ശിക്ഷയിൽ നിന്നൊഴിവാകലാണ് പതിവ്.
പിന്നീട് 1967- ൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ അന്നത്തെ ഇ.എം.എസ്. മന്ത്രിസഭയും ഈ നിയമം കുറച്ചു കാലം പ്രാബല്യത്തിൽ വരുത്തിയിരുന്നു. അന്നത്തെ മന്ത്രി എം.എൻ. ഗോവിന്ദൻനായർ പങ്കെടുത്ത വിവാഹത്തിൽ നിയമം അനുസരിക്കാതെ നിരവധി പേർക്കു സദ്യ നടത്തിയിരുന്നു. തുടർന്ന് മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുകാർക്ക് എതിരെ നിയമനടപടി സ്വീകരിച്ച സംഭവവുമുണ്ടായിട്ടുണ്ട്.