മലപ്പുറം: പാവപ്പെട്ട കുടുംബത്തിൽനിന്നും ജോലിക്കുപോകുന്ന പെൺകുട്ടികളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി വിവാഹം ആലോചിച്ച ശേഷം മൊബൈൽ ഫോണിലൂടെ സംസാരിച്ചു കൂടുതൽ അടുക്കും. തുടർന്ന് നിലവിൽ കയ്യിലുള്ള സ്വർണാഭരണം മാറ്റി പുതിയ ഫാഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ടൗണിലെത്തിക്കും. ശേഷം ആഭരണങ്ങളുമായി മുങ്ങും. ലഭിക്കുന്ന പണംകൊണ്ട് മേലാറ്റൂരിൽ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ആർഭാട ജീവിതം. പ്രതി പിടിയിൽ.

മേലാറ്റൂർ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ വീടുകളിൽ ചെന്നാണ് പ്രതിയുടെ തട്ടിപ്പ്. വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ സൂത്രത്തിൽ തട്ടിയെടുത്ത മുങ്ങുകയാണ് പതിവ്.

അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിവാഹം ആലോചിച്ചശേഷം മൊബൈൽ ഫോണിലൂടെ സംസാരിച്ചു കൂടുതൽ അടുത്ത് ഇടപഴകി ആഭരണം മാറ്റി പുതിയ ഫാഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെരിന്തൽമണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് രീതി. ഇത്തരത്തിൽ ലഭിക്കുന്ന പണംകൊണ്ട് മേലാറ്റൂരിൽ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ആർഭാട ജീവിതം നയിച്ചുവരികയായിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വലയിലാക്കിയത്.

മറ്റ് പല സ്ഥലങ്ങളിലും പ്രതി സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി വിൽപ്പന നടത്തിയ ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പരാതികൾ ലഭിക്കുന്ന മുറക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന്റെ പ്രത്യേക നിർദേശപ്രകാരം, പെരിന്തൽമണ്ണ എ.എസ്‌പി ഹേമലതയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി.കെ. നാസർ, എസ്‌ഐ രമാദേവി, എസ്ഐമാരായ, സലീം, ഷാജി സി.പി.ഒ മാരായ സജീർ, കബീർ, മിഥുൻ, പ്രഭുൽ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.