കൊല്ലം: കല്യാണ വീരന്മാർ വിലസുന്ന നാട്ടിൽ ഇതാ ഒരു കള്ളൻ കല്യാണ വീരന്റെ കഥ. കൊല്ലം മൈനാഗപ്പള്ളി പള്ളിവിള വടക്കതിൽ നാസർ ഖാദർ കുട്ടി(48)യാണ് മോഷണവും നാടുനീളെ അവിഹിതവുമായി വിലസിയ കല്യാണ വീരൻ. കൊല്ലത്തുള്ള ഭാര്യയും പ്രായ പൂർത്തിയായ രണ്ട് മക്കളും അറിയാതെ മലപ്പുറം പെരിന്തൽമണ്ണയിൽ പുതിയ വിവാഹം കഴിച്ച സംഭവത്തിൽ വനിത സെല്ലിൽ പരാതി നിലനിൽക്കവെയാണ് പീഡന കേസിലാണ് നാസർ അറസ്റ്റിലായത്. കൊച്ചിയിൽ സുഹൃത്തിന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിറുത്തി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ഒരു സകലകലാ വല്ലഭൻ തന്നെയാണ്.

കൊലപാതക കേസിൽ പ്രതിയായി ജയിലിൽ പോയത് മുതലാണ് നാസറിന്റെ കഥ തുടരുന്നത്. 1995 ൽ കൊല്ലം മൈനാഗപ്പള്ളിയിൽ ഡി.വൈ .എഫ്.ഐ നേതാവ് നാസിമിനെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞ് വരവെ കുത്തി കൊലപ്പെടുത്തിയ കേസാണ് നാസറിന്റെ ക്രിമിനൽ പുസ്തകത്തിലെ ആദ്യ സംഭവം. ഇതിന് ശേഷം ജയിലിൽ നിന്നിറങ്ങിയ നാസർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ വീണ്ടും പഴയതു പോലെയായി.

അഞ്ച് വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയാണ് അന്യ മതസ്ഥനായ സുഹൃത്തിന്റെ വീട്ടിൽ നിത്യ സന്ദർശകനാകുന്നതും അതു വഴി സുഹൃത്തിന്റെ സഹോദരിയുമായി അടുപ്പത്തിലാകുന്നതും, ഈ അടുപ്പം വിവാഹത്തിൽ കലാശിച്ചതും. യുവത്വത്തിന്റെ ചോരത്തിളപ്പിൽ ഒരു കൊലപാതക കേസിൽ പ്രതിയായത് വലിയ കുറ്റമായി സുഹൃത്ത് കാണാതിരുന്നതിന്റെ ദുരന്ത ഫലം ഏറ്റുവാങ്ങിയതാകട്ടെ സഹോദരിയും. ദാമ്പത്യം മുന്നോട്ട് നീങ്ങവേ, നാസർ കേരളത്തിൽ നൂറോളം മോഷണ കേസുകളിൽ പ്രതിയായി. കുടുംബം പുലർത്താനായിരുന്നില്ല ഈ മോഷണ പരമ്പര. ദിവസങ്ങളോളം പല ബിസിനസുകളുടെയും പേരിൽ ഊരു ചുറ്റാറുണ്ടായിരുന്ന നാസർ മോഷണ മുതൽ ഉപയോഗിച്ചു പലയിടത്തും അവിഹിതമായി കല്യാണം കൂടുകയായിരുന്നു. നാടു നീളെ നടന്ന് അവിഹിത ബന്ധം സ്ഥാപിച്ചു നാസർ.

സഹോദരന്റെ സമ്മർദ്ദത്തിന് വഴങ്ങി ക്രിമിനലായ സുഹൃത്തിന് താലി ചാർത്താൻ തല നീട്ടി കൊടുത്ത ദുര്യോഗത്തിൽ സ്വയം ശപിച്ച്, സ്വന്തമായി അദ്ധ്വാനിച്ചാണ് നാസറിന്റെ ഭാര്യ രണ്ട് മക്കളെ വളർത്തിയതും അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയതും. ഇതിനിടെ പലയിടത്തും കറങ്ങി തിരിഞ്ഞ നാസർ മാനസാന്തരവും പശ്ചാത്തപവുമായി ഒരു നാൾ കൊല്ലത്തെ വീട്ടിലെത്തി. താൻ ഇനി പുതിയ ഒരു മനുഷ്യനാകാൻ തീരുമാനിച്ചെന്ന പ്രതിജ്ഞയുമായി കുടുംബത്തിന്റെ ക്ഷേമത്തിനായി പുതിയ ചില ബിസിനസുകൾ ആസൂത്രണം ചെയ്തു. പൂക്കാരന്റെ വേഷം കെട്ടിയായിരുന്നു ഇത്തവണ രംഗത്തെത്തിയത്.

ചെടികളുടെയും പൂക്കളുടെയും ബിസിനസായിരുന്നു ഇത്. വീടുകൾ തോറും കൊണ്ടു നടന്ന് വിൽക്കാൻ ഭാര്യയെ ജാമ്യം നിറുത്തി ഒരു മിനി വാൻ തരപ്പെടുത്തി. ഒരാൾ നന്നാവുന്നെങ്കിൽ അത് നാടിനും നല്ലതായിരിക്കുമെന്ന് വിശ്വസിച്ച ഭാര്യ തന്റെയും മക്കളുടെയും ഉപജീവന മാർഗമായ കൊച്ചു കച്ചവടത്തിലൂടെ സ്വരുകൂട്ടിയ തുകയും നാസറിന് കൈമാറി.ഇ തിനിടെ നാസറിന്റെ ഒരു സഹായവും ഇല്ലാതെ മകളുടെ വിവാഹം നടന്നു.ആ മകൾ ഇപ്പോൾ മാന്യമായ കുടുംബ ജീവിതം നയിക്കുന്നു.

വളരെ വൈകിയാണ് നാസറിന്റെ പൂക്കാരൻ വേഷം സ്ത്രീകളെ വശീകരിക്കാനുള്ള അടവ് മാത്രമാണെന്ന് ഭാര്യയും മക്കളുമറിയുന്നത്. മുന്തിയ ഇനം പൂക്കൾ പോയിട്ട് ഒരു ചെമ്പരത്തി പൂവിനെ കുറിച്ച് ചോദിച്ചാൽ പോലും ഒന്നും അറിയാത്ത നാസറിന്റെ പുതിയ സംരംഭത്തിൽ ഭാര്യയ്ക്ക് അന്നേ സംശയം ഉണ്ടായിരുന്നു.പൂക്കളും ചെടികളുമായി അധികം ഇടപഴകുന്നത് സ്ത്രീകളായതിനാൽ അവരെ വലയിൽ വീഴ്‌ത്താനാണ് നാസർ ഈ ബിസിനസ് തിരഞ്ഞെടുത്തത്.

ഇതിനിടെ നാസർ ഫിറ്റ്‌നെസ് സെന്ററിൽ സ്ഥിരമായി പോകാൻ തുടങ്ങി.ശരീര സൗന്ദര്യത്തിൽ ശ്രദ്ധിച്ചു തുടങ്ങിയതോടെ, ഇനി വല്ല കല്യാണത്തിനും പരിപാടിയുണ്ടോ എന്ന് തമാശയ്ക്ക് ഭാര്യ ചോദിച്ചത് നാസർ ചിരിച്ചു തള്ളി. പക്ഷേ, അത് അധികം കഴിയാതെ അറം പറ്റിയതു പോലെ ആയി. പെരിന്തൽമണ്ണയിൽ ഒരു നാൽപ്പതുകാരിയെ നാസർ വിവാഹം കഴിച്ചെന്ന വിവരം ഭാര്യയുടെ കാതിലെത്തി. പുതിയ പെണ്ണിനെ ഫോണിൽ വിളിച്ചു നാസറാണ് പുതിയാപ്പിള എന്ന് സ്ഥിരീകരിച്ചു. അതോടെ ഭാര്യയും മക്കളും ഒരു കാര്യം തീരുമാനിച്ചു.ഇനി ഈ ചതി ആർക്കും സംഭവിക്കരുത്.

അങ്ങനെയാണ് ഭാര്യ കൊല്ലം വനിത സെല്ലിൽ നാസറിനെതിരെ പരാതി നൽകിയത്.വിവിധ സ്ഥലങ്ങളിലായുള്ള കേസുകളും അനധികൃത ബന്ധങ്ങളും തന്നെ ജാമ്യം നിറുത്തി വൻ തുക വായ്പയെടുത്ത് കബളിപ്പിച്ചതും ഭാര്യ നാസറിനെതിരെ മൊഴിയായി നൽകി.ഇതോടെ ആൾ ഒളിവിൽ പോയി.ഒളിച്ചോട്ടത്തിന് മറ്റൊരു കാരണവുമുണ്ടായി. അടുത്ത സുഹൃത്തിന്റെ രണ്ടേ മുക്കാൽ പവന്റെ സ്വർണ്ണമാലയുമായി കടന്നു.

പെരിന്തൽമണ്ണയിൽ ബന്ധപ്പെട്ടപ്പോൾ നാസർ സഹോദരി എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയും അവരുടെ മറ്റ് ബന്ധുക്കളുമായി വന്ന് വിവാഹം ആലോചിച്ചു ഉറപ്പിച്ചെന്നാണ് അറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലവും മതം മാറിയുള്ള വിവാഹവും ഒക്കെയായി മൈനാഗപ്പള്ളിയിലെ സ്വന്തം കുടുംബക്കാരുമായി ഏറെ നാൾ അകന്നു കഴിയുകയായിരുന്ന നാസർ സ്വന്തം വീട്ടുകാരുമായി പെട്ടെന്ന് അടുത്തു. മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ടാം കെട്ടുകാരിയെ ഭാര്യയാക്കാൻ സ്വന്തം കുടുംബത്തിന്റെ പിൻബലം നാസറിന് കിട്ടി. പെരുന്തൽമണ്ണയിൽ കൂടെ പോയത് സ്വന്തം സഹോദരി അല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. തട്ടിപ്പുകാരായ ആരെയോ സഹോദരി വേഷം കെട്ടിച്ചതാവാം. ഇതിനിടെ ചവറ ഇടപ്പള്ളിക്കോട്ടയിലും നാസർ ഒരു കല്യാണം കൂടി നടത്തിയെന്നാണ് വിവരം.

രണ്ട് കല്യാണങ്ങളുടെയും മധുവിധു നാളുകൾക്കിടെയാണ് കൊച്ചിയിൽ സുഹൃത്തുമൊത്ത് മറ്റൊരു സുഹൃത്തിന്റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതും കൂട്ടു പ്രതി പിടിയാലയതിനെ തുടർന്ന് നിവൃത്തിയില്ലാതെ പൊലീസിന് മുന്നിൽ കീഴടങ്ങിയതും.