കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിൽക്കുന്ന വേളയിൽ തന്നെയാണ് ആലപ്പുഴയിലെ ആർക്കേഡിയ ഹോട്ടലിൽ വച്ച് മറ്റൊരു പ്രമുഖ നടിക്കെതിരെ അതിക്രമ ശ്രമമുണ്ടായ വാർത്ത പുറത്തുവന്നത്. നടിയുടെ ഹോട്ടൽ മുറിയിൽ രാത്രി അതിക്രമിച്ചു കയറിയാണ് ജീവനക്കാരനായ യുവാവ് നടിയെ അപമാനിച്ചത്. ഈ കേസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

നടിക്കെതിരെയുണ്ടായ അതിക്രമത്തിന്റെ എഫ്‌ഐആറിന്റെയും നടി നൽകിയ മൊഴിയുടെ പകർപ്പുമാണ് മറുനാടന് ലഭിച്ചത്. ഈമാസം 3ാം തീയ്യതി പുലർച്ചെ 4.30തോടെയാണ് നടിക്കെതിരെ അപമാന ശ്രമമുണ്ടായത്. സംഭവത്തെ കുറിച്ച് നടി നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെയാണ്:

''ആലപ്പുഴ ആർക്കേഡിയ ഹോട്ടൽ റൂമിൽ അവിടുത്തെ ജീവനക്കാർ റൂം തുറന്ന് അകത്തു കയറുകയും ഞാൻ ഉറങ്ങി കിടന്നപ്പോൾ ഞാൻ പുതച്ചിരിക്കുന്ന ബെഡ്ഷീറ്റ് വലിച്ചു മാാറ്റുവാനും ശ്രമിച്ചു. ക്ലിന്റ് സിനിമയുടെ ഷൂട്ടിംഗിനായി ഈ മാസം രണ്ടാം തീയതി ഹോട്ടലിൽ എത്തിയതോടെയാണ് സംഭവം. രാത്രി 7.30തോടെ റൂമിൽ റെസ്റ്റു ചെയ്യുകയായിരുന്നു. വെളുപ്പിന് 4.30തോടെ കൂടി ഞാൻ ഞെട്ടിയുണർന്നപ്പോൾ റൂമിൽ ഒരാൾ നിൽക്കുന്നത് കണ്ടു. ഞാൻ പെട്ടന്ന് പേടിച്ചു പോയി. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അയാൾ ഇറങ്ങിപ്പോകുകയായിരുന്നു. അയാളെ എനിക്ക് കണ്ടാൽ തിരിച്ചറിയാൻ സാധിക്കും. ഇതേക്കുറിച്ച് താഴെയു റിസപ്ഷനിൽ പോയി പറഞ്ഞു. എന്റെ ലഗേജുമായി ഹോട്ടലിൽ ചെന്ന സമയത്ത് ലഗേജുകൾ റൂമിലെത്തിക്കാൻഡ സഹായിച്ചത് ഇയാളാണ്. ഇയാളുടെ പ്രവൃത്തിയിൽ അപ്പോൾ തന്നെ അസ്വാഭാവികത ഉള്ളതായി തോന്നിയിരുന്നു. അയാളോട് താമസ സ്ഥലമൊക്കെ അന്വേഷിച്ചിരുന്നു. നെടുമുടിയിലാണ് താമസം എന്നാണ് പറഞ്ഞത്. ഞാൻ എന്റെ റൂം താക്കോൽ വച്ച് അകത്തു നിന്നും പൂട്ടിയിരുന്നു. അയാൾ സെക്കൻഡ് കീ ഉപയോഗിച്ചായിരിക്കാം എന്റെ മുറിയിൽ കയറിയത്. ഇയാൾ എന്റെ റൂം തുറന്ന് അകത്തു കയറി എന്റെ സ്വകാര്യത നിരീക്ഷിച്ചതിൽ എനിക്ക് മാനഹാനി ഉണ്ടായിട്ടുണ്ട്. പകരം അറ്റാക്ക് ചെയ്തിരുന്നെങ്കിൽ എന്റെ അവസ്ഥ മറ്റൊന്നായേനേ. സംഭവത്തിൽ ഞാൻ വളരെ ഭയചകിതയായിരുന്നു.''

ആർക്കേഡിയ റീജൻസിയിലെ 314ാം മുറിയിൽ വച്ചായിരുന്നും ഈ സംഭവം. ആലപ്പുഴ നെടുമുടി സ്വദേശിയായ യുവാവാണ് കേസിലെ പ്രതി. ഇയാൾ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. നടിയുടെ പരാതിയുട അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നൽകിയത്. നടിയുടെ പരാതി പ്രകാരം ഐപിസി സെക്ഷൻ 457 പ്രകാരം രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിനും, ഐപിസി 354(സി) വകുപ്പ് പ്രകാരം സ്ത്രീയുടെ സ്വകാര്യ അനുവാദം കൂടാതെ വീക്ഷിച്ച് മാനഹാനി വരുത്തി എന്നുമുള്ള വകുപ്പുകളാണ് ചുമത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ സ്വാധീനത്തെ തുടർന്ന് കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിരുന്നില്ല. കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കവേയാണ് എഫ്‌ഐആറിന്റെ വിവരങ്ങൾ അടക്കം പൊലീസ് വെളിപ്പെടുത്തിയത്. സംഭവം നടന്ന ദിവസം തന്നെ സിനിമയുടെ പ്രവർത്തകരും നടിയും രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്ത് പോയിരുന്നു. പ്രതി ഇപ്പോഴും ജയിലിൽ കഴിയുകയാണ്. നടി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഇപ്പോഴും ആലപ്പുഴയിൽ നടക്കുന്നതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസ് കോടതിയൽ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതികക് ജാമ്യം ൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരനെ ആർക്കേഡിയ റെജിൻസി തന്നെ പിന്നീട് പുറത്താക്കിയിരുന്നു. ഗസ്റ്റ് വിളിച്ചപ്പോൾ റൂം മാറിയാണ് നടിയുടെ റൂമിൽ ജീവനക്കാരൻ കയറിയതെന്നാണ് ഇതിൽ ഹോട്ടൽ അധികൃതർ നൽകിയ വിശദീകരണം. എന്നാൽ, നടിയുടെ മൊഴി പ്രകാരം പുലർച്ചെ 4.30നാണ് സംഭവം നടന്നതെന്നാണ് വ്യക്തമാക്കുന്നത്. ഇതോടെ ഹോട്ടൽ അധികൃതരുടെ വാദവും തെറ്റാണെന്നാണ് വ്യക്തമായത്.

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെടുന്നതിന് മുമ്പാണ് ഈ അനുഭവം മറ്റൊരു നടിക്ക് നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ നടി ഈ വിവരം നേരത്തെ പുറത്തു പറഞ്ഞിരുന്നില്ല. കൊച്ചിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് പുറത്തുവന്നത്.