ചെങ്ങന്നൂർ: തുലാമാസ പൂജാകാലത്ത് വിദ്യാരംഭനാളിൽ ശബരിമലയിലേക്കു പോകാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി മല കയറാൻ വീണ്ടുമെത്തി. പ്രതിഷേധക്കാർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു. തുലാമാസ പൂജയുടെ സമയത്ത് ഇവരെ പമ്പയിൽ തടഞ്ഞിരുന്നു. ഇന്നു ട്രെയിനിൽ ചെങ്ങന്നൂരിലെത്തി നിലയ്ക്കലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയിരുന്നെങ്കിലും പ്രതിഷേധക്കാർ തിരിച്ചറിഞ്ഞു പുറത്തിറക്കി. സന്നിധാനത്തേക്ക് ഇല്ലെന്നും പമ്പവരെ പോയാൽ മതിയെന്നും മേരി സ്വീറ്റി പറഞ്ഞു. പ്രതിഷേധത്തിനൊടുവിൽ തിരിച്ചുപോകാമെന്ന് മേരി സ്വീറ്റി അറിയിച്ചു.

മേരി സ്വീറ്റി പരസ്പരവിരുദ്ധമായാണു സംസാരിക്കുന്നതെന്നു പൊലീസ് പറയുന്നു. ദുബായ് മീഡിയ ആൻഡ് ഇവന്റ്‌സിന്റെ പ്രതിനിധിയാണെന്നും പമ്പ ഗണപതി ക്ഷേത്രത്തിൽ പോകാനാണ് എത്തിയതെന്നും മേരി പറയുന്നു. ദുബായിൽനിന്നു തലച്ചോറിലേക്കു ടെലിപ്പതി നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അതനുസരിച്ചാണ് എത്തിയതെന്നും അവർ പറയുന്നു.

നേരത്തെ തുലാമാസ പൂജാകാലത്ത് ഗൾഫ് പ്രവാസി കൂടിയായ മേരി സ്വീറ്റി സ്ത്രീയാണ് സ്വാമി അയ്യപ്പൻ റോഡ് വരെ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യം അറിഞ്ഞ പൊലീസ് സുരക്ഷാപ്രശ്നമുണ്ടെന്ന് അറിയിക്കുകയും താൽപര്യമുണ്ടെങ്കിൽ പോകാമെന്നും അറിയിച്ചു. ഭക്തർ ശരണം വിളി തുടങ്ങിയതോടെ പൊലീസ് ഇവരെ പമ്പയിലേക്ക് മടക്കി കൊണ്ടുപോകുകയായിരുന്നു.മേരി സ്വീറ്റി ശബരിമല സന്ദർശനത്തിന് എത്തിയ വിവരം അറിഞ്ഞ് അവരുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. ബിജെപി, കോൺഗ്രസ് പ്രവർത്തകരാണ് കഴക്കൂട്ടത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.

താനും അയ്യപ്പന്റെ ഭക്തയാണെന്നും 46 വയസ്സ് പിന്നിട്ടയാളാണെന്നും മേരി സ്വീറ്റി അന്നും പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹമുണ്ടെങ്കിൽ താൻ ദർശനം നടത്തും. തന്നിലുള്ള ബാഹ്യശക്തിയാണ് ഇവിടെ എത്തിച്ചത്. വിദ്യാരംഭ ദിവസമായ ഇന്നുതന്നെ അയ്യപ്പനെ കാണണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. പ്രതിഷേധമുണ്ടെങ്കിലും പരമാവധി മല കയറുമെന്നും അവർ പറഞ്ഞു.

ഇരുമുടികെട്ട് ഇല്ലാതെ എത്തിയ മേരി ട്വീറ്റിയെ മല ഇറങ്ങിവന്ന ഭക്തരും പ്രതിഷേധക്കാരും ചോദ്യം ചെയ്തു. എന്നാൽ ഇരുമുടിക്കെട്ടുമായി മല കയറാൻ ബുദ്ധിമുട്ടുണ്ടെന്നും താനും ഭക്ത തന്നെയാണെന്നും അവർ പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നാണ് പിന്നീട് അവർ പൊലീസിനൊപ്പം പമ്പയിലേക്ക് മടങ്ങിയത്. പിന്നീട് മേരി സ്വീറ്റിയുടെ കഴക്കൂട്ടത്തെ വീടിന് നേരേ ആക്രമണം നടന്നിരുന്നു. വീട് ആക്രമിച്ച കേസിൽ ഒരു ബിജെപി പ്രവർത്തകനും ഒരു കോൺഗ്രസ് പ്രവർത്തകനും അറസ്റ്റിലായിരുന്നു. കഴക്കൂട്ടം പ്രാദേശിക ബിജെപി പ്രവർത്തകനായ പ്രശാന്ത്(28) പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ മായാ ദാസ് (26) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്.

മേരി സ്വീറ്റിയുടെ മാതാപിതാക്കൾ താമസിക്കുന്ന കഴക്കൂട്ടത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത കേസിലാണ് ഇവർ പിടിയിലായത്. സംഘം ചേർന്ന് അതിക്രമിച്ചുകയറി നാശനഷ്ടം ഉണ്ടാക്കിയതിനാണ് കേസ്. ഇവർക്കൊപ്പം പ്രതിേഷേധ പ്രകടനവുമായി വീടിന് മുന്നിലേക്ക് എത്തിയ പത്ത് പേർക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരിൽ ആറ് പേർ കോൺഗ്രസ് പ്രവർത്തകരും നാല് പേർ ബിജെപിക്കാരുമാണ്.മേരി സ്വീറ്റി ശബരിമല കയറാൻ ശ്രമിച്ച ദിവസം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മാതാപിതാക്കളുടെയും വീടിന് നേരെ ആക്രമണം നടന്നത്. അന്ന് രാത്രിയിൽ വീണ്ടും ഇവരുടെ മുരുക്കുമ്പുഴയിലെ വീടിന് നേരെയും ആക്രമണം നടന്നു.