തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പണം കണ്ടെത്താൻ വിദേശത്ത് മസാല ബോണ്ടിറക്കും. കേരള അടിസ്ഥാന സൗകര്യവികസന നിധി(കിഫ്ബി)യുടെ ഡയറക്ടർ ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ഇതിനായി അസറ്റ് മാനേജ്മെന്റ് കമ്പനി രൂപവത്കരിക്കും. വിവിധ ബാങ്കുകളിൽ നിന്ന് ആദായകരമായ വായ്പകളും എടുക്കും.

നിക്ഷേപം സ്വീകരിക്കാൻ വിദേശത്ത് അവിടത്തെ നാണ്യത്തിലല്ലാതെ, ഇന്ത്യൻ രൂപയിൽ ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. മസാലയെന്നാൽ, വിഖ്യാതമായ ഇന്ത്യൻ കറിക്കൂട്ടുതന്നെ. ലോകബാങ്ക് സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനാണ് (ഐ.എഫ്.സി.) ഇതാദ്യം പുറത്തിറക്കിയത്. രാജ്യങ്ങൾ തങ്ങളുടെ കടപ്പത്രങ്ങൾക്ക് ആ രാജ്യത്തെ ഭക്ഷണത്തിന്റെയോ സാംസ്‌കാരിക മുദ്രകളുടെയോ പേരിടുന്നത് പതിവാണ്. ചൈനയ്ക്ക് ഡിംസം (ഹോങ്കോങ്ങിലെ ഭക്ഷ്യവിഭവം) ബോണ്ടുണ്ട്. ജപ്പാനിൽ സമുറായി ബോണ്ടും. ഇതിനെ പിന്തുടർന്നാണ് ഇന്ത്യ ഇതിന് മസാല എന്ന് പേരിട്ടത്. മസാലബോണ്ടിൽ രൂപയുടെ വിനിമയ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിൽ നിക്ഷേപകന്റെ ബാധ്യതയായിരിക്കും. മറ്റ് വിദേശവായ്പകളിൽ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞാൽ വായ്പ എടുക്കുന്നവരാണ് നഷ്ടം സഹിക്കേണ്ടത്. രൂപയുടെ അടിസ്ഥാനത്തിലായതിനാൽ ഇതിന് ഉയർന്ന പലിശയും ലഭിക്കും. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ കടപ്പത്രങ്ങൾ ആകർഷകമാവുന്നത്. കേരളമിറക്കുന്ന കടപ്പത്രങ്ങൾക്ക് എത്രത്തോളം റേറ്റിങ് നേടാനാവും എന്നതാശ്രയിച്ചിരിക്കും ഈ കടപ്പത്രങ്ങളുടെ വിജയം.

കിഫ്ബി പദ്ധതികളുടെ അഞ്ചാംഘട്ടമായി 1391.96 കോടിരൂപയുടെ പദ്ധതികൾക്കും അനുമതി നൽകി. ഇതോടെ ഇതുവരെ ആകെ 17,989.11 കോടിരൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരമായി. ഈ ഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് ആയിരം ബസ് വാങ്ങാൻ 324 കോടിയും കുസാറ്റിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കാനും അവിടത്തെ ഗവേഷണ ലബോറട്ടറി നവീകരിക്കാനും 241.72 കോടിയും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുമ്പ് അനുവദിച്ച പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. മന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ, ധനകാര്യ സെക്രട്ടറി മനോജ് ജോഷി, ഡി.ബാബുപോൾ, പ്രൊഫ. സി.പി.ചന്ദ്രശേഖർ, പ്രൊഫ.സുശീൽഖന്ന തുടങ്ങിയവർ പങ്കെടുത്തു.

അഞ്ചാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പുറമേ 1011.50 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി നൽകിയ അംഗീകാരം സാധൂകരിക്കുകയും ചെയ്തു. ഇതോടെ 17,989.11 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി ഇതേവരെ അംഗീകാരം നൽകി. കൂടാതെ വെസ്റ്റേൺ കനാൽ പാതയുടെ മാഹി വളപട്ടണം റീച്ചിലിനു ഭൂമി ഏറ്റെടുക്കുന്നതിന് 650 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകാനും തീരുമാനമായി. നൂതന ധന സമാഹരണ മാർഗങ്ങൾ വഴി കിഫ്ബി പദ്ധതികൾക്ക് ധനസമാഹരണം നടത്തുന്നതിനാണ്് 100 ശതമാനം സർക്കാർ ഉടമസ്ഥതയിൽ അസറ്റ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കുന്നത്. വിവിധ ബാങ്കുകളിൽനിന്ന് ആദായകരമായ ലോണുകൾ എടുക്കുന്നതിനും യോഗം അനുമതി നൽകി.

കേരളം വലിയ സാമ്പത്തിക ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് പണം കണ്ടെത്താൻ പുതിയ മാർഗ്ഗങ്ങളിലേക്ക് കേരളം പോകുന്നത്. വികസനത്തിന് കടം എടുത്തു മാത്രമേ മുന്നോട്ട് പോകാനാകൂവെന്നതാണ് നിലവിലെ അവസ്ഥ.