- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ ഫൗണ്ടനെ ശിവലിംഗമായി ചിത്രീകരിക്കുന്നതെന്ന് മസ്ജിദ് അധികൃതർ; ഭൂമിക്കടിയിലെ മുറികളിലും സർവേ നടത്തിയെന്നും താക്കോൽ ലഭിക്കാതിരുന്ന മുറികളുടെ പൂട്ടുകൾ പൊളിച്ചെന്നും വെളിപ്പെടുത്തൽ; ആരോപണവുമായി അജയ് മിശ്രയും; ഗ്യാൻവാപി മസ്ജിദിൽ വിവാദം തുടരുമ്പോൾ
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന വിവാദം പുതിയ തലത്തിലേക്ക്. താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പുറത്തായ സർവേ കമ്മിഷണർ അജയ് മിശ്ര രംഗത്ത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് അജയ് മിശ്ര ദേശീയ മാധ്യമത്തോടു പറഞ്ഞു. വാരാണസി ജില്ലാ കോടതി അജയ് മിശ്രയെ ചൊവ്വാഴ്ച സർവേ കമ്മിഷണർ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. സർവേ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.
'ഞാൻ തെറ്റുകാരനല്ല. ചീഫ് അഡ്വക്കേറ്റ് കമ്മിഷണർ വിശാൽ സിങ് എന്നെ വഞ്ചിച്ചു. ആളുകളെ വിശ്വാസത്തിലെടുക്കുന്ന എന്റെ പ്രകൃതം അയാൾ മുതലെടുത്തു. ഞാനും വിശാലും ഒരുമിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. എനിക്കെതിരെ ഗൂഢാലോചന നടത്തിയത് ഞാൻ അറിഞ്ഞില്ല. എനിക്ക് വളരെ ദുഃഖമുണ്ട്. എങ്കിലും സർവേയെക്കുറിച്ചു കൂടുതലൊന്നും പറയാനില്ല.' - അജയ് മിശ്ര പറഞ്ഞു. ചീഫ് അഡ്വക്കേറ്റ് കമ്മിഷണർ വിശാൽ സിങ് സമർപ്പിച്ച പരാതിയെ തുടർന്നാണ് അജയ് മിശ്രയെ പുറത്താക്കിയത്.
സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ വിശാൽ സിങ്, അജയ് നിയമിച്ച വിഡിയോഗ്രഫറാണ് മാധ്യമങ്ങൾക്ക് വാർത്ത നൽകിയതെന്ന് ആരോപിച്ചു. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചതിനെ അഭിഭാഷകരും ചോദ്യം ചെയ്തിരുന്നു.
ഗ്യാൻവാപി പള്ളി പരിസരത്തു ശിവലിംഗം കണ്ടെത്തിയെന്നും ഇതു മറച്ചുവച്ച നിലയിലായിരുന്നുവെന്നും ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഈ സ്ഥലം സീൽ ചെയ്യാനും ഇവിടേക്ക് കടക്കുന്നതിൽനിന്ന് ആളുകളെ വിലക്കാനും വാരാണസി കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.
ഗ്യാൻവാപി മസ്ജിദിൽ വിഡിയോ സർവേക്ക് നിയോഗിക്കപ്പെട്ട അഡ്വക്കറ്റ് കമീഷണറാണ് അജയ് മിശ്ര. സർവേയുമായി സഹകരിക്കാത്തതിനാലാണ് നീ്ക്കിയ നടപടിയെന്ന് അസിസ്റ്റന്റ് അഡ്വക്കറ്റ് കമീഷണർ അജയ് പ്രതാപ് സിങ് പറഞ്ഞു. മൂന്നു കമീഷണർമാരെയാണ് സർവേക്കായി നിയോഗിച്ചിരുന്നത്. ഇനി മറ്റ് രണ്ട് കമീഷണർമാർ ചേർന്ന് സർവേ റിപ്പോർട്ട് സമർപ്പിക്കാനും ഇതിനായി രണ്ടുദിവസം കൂടി അനുവദിക്കുന്നതായും കോടതി വ്യക്തമാക്കി. മൂന്നു ദിവസത്തെ സർവേ തിങ്കളാഴ്ചയാണ് പൂർത്തിയായത്.
ചൊവ്വാഴ്ചയാണ് റിപ്പോർട്ട് നൽകേണ്ടിയിരുന്നത്. ഇതിനിടെ റിപ്പോർട്ട് നൽകാൻ രണ്ടുദിവസംകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌പെഷൽ അഡ്വക്കറ്റ് കമീഷണർ വിശാൽ സിങ് സിവിൽ ജഡ്ജി രവികുമാർ ദിവാകറിന് അപേക്ഷ നൽകുകയായിരുന്നു. തുടർന്നാണ് സമയം നീട്ടി നൽകിയത്. എന്നാൽ, സർവേ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതിനാണ് അജയ് മിശ്രയെ കോടതി നീക്കം ചെയ്തതെന്ന് 'ലൈവ് ലോ' വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇതാണ് വിവാദമായത്.
ഭൂമിക്കടിയിലെ മുറികളിലും സർവേ നടത്തിയെന്നും താക്കോൽ ലഭിക്കാതിരുന്ന മുറികളുടെ പൂട്ടുകൾ പൊളിച്ചെന്നും അസിസ്റ്റന്റ് അഡ്വക്കറ്റ് കമീഷണർ അജയ് പ്രതാപ് സിങ് പറഞ്ഞു. ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ ഫൗണ്ടനെയാണ് ശിവലിംഗമായി ചിത്രീകരിക്കുന്നതെന്ന് മസ്ജിദ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് സിവിൽ ജഡ്ജി രവികുമാർ ദിവാകർ മസ്ജിദിന്റെ ഒരുഭാഗം മുദ്രവെക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനിടെ ഗ്യാൻവാപി മസ്ജിദിൽ പുതിയ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹരജിക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്.
അതിനിടെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ സർവെയ്ക്കിടെ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകി സുപ്രീംകോടതിയും ഇടപെടൽ നടത്തി. കേസ് ഇനി വ്യാഴാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക. അതുവരെ ശിവലിംഗം സംരക്ഷിക്കണം, എന്നാൽ പള്ളിയിൽ നിയന്ത്രണമേർപ്പെടുത്തി മുസ്‌ളീങ്ങൾക്ക് നിസ്‌കാരത്തിന് തടസമുണ്ടാകരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രദേശം സീൽ ചെയ്യാനും ജനങ്ങളുടെ പ്രവേശനം വിലക്കാനും മെയ് 16ന് വാരണാസി സിവിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ശിവലിംഗത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവിലെ ഭാഗം മാത്രമേ നിലനിർത്തൂവെന്നും സുപ്രീംകോടതി അറിയിച്ചു. പ്രശ്നത്തിൽ യുപി സർക്കാരിനും ഹർജിക്കാർക്കും കോടതി നോട്ടീസയച്ചു. സ്ഥലത്ത് സർവെ നടത്താൻ വാരണാസി കോടതി നൽകിയ നിർദ്ദേശത്തെ സുപ്രീംകോടതി തടഞ്ഞില്ല.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്തുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി 1991ൽ വാരണാസി കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു. ഹർജിക്കാരും സ്ഥലത്തെ പൂജാരിയും ഗ്യാൻവാപി പള്ളിക്കുള്ളിൽ ആരാധനയ്ക്ക് അനുമതി ചോദിച്ചിരുന്നു.
അയോദ്ധ്യ വിധിക്ക് പിന്നാലെ വിജയ് ശങ്കർ റസ്തൊഗി എന്ന അഭിഭാഷകൻ ഗ്യാൻവാപി പള്ളിയുടെ നിർമ്മാണത്തിൽ പ്രശ്നമുണ്ടെന്ന് കാട്ടി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സർവെ പള്ളിയിൽ വേണമെന്ന് കാണിച്ച് ഹർജിയും നൽകി.
മറുനാടന് മലയാളി ബ്യൂറോ