തിരുവനന്തപുരം: സമരങ്ങൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ വ്യത്യസ്തത കൊണ്ട് കൈയടി നേടി ശ്രീജിത്തിന് പിന്തുണയുമായെത്തിയ സാമൂഹ്യ മാധ്യമ കൂട്ടായ്മ. അക്ഷരാർഥത്തിൽ സോഷ്യൽ മീഡിയയിലെ ഒരു ട്രോൾ പേജ് തുറന്നത് പോലെയുള്ള പ്ലക്കാർഡുകളാണ് സമരത്തിലധികവും കണ്ടത്. 765 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സഹോദരന് നീതി ലഭിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന തനിക്ക് ലഭിച്ച പിന്തുണ കണ്ട് അക്ഷരാർഥത്തിൽ ശ്രീജിത്ത് പോലും ഞെട്ടുകയായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതിരുന്ന തന്റെയടുത്തേക്ക് ഇത്രയും പേർ എത്തുകയും ഒപ്പം നടൻ ടോവിനോ തന്നെ നേരിട്ടെത്തുകയും ചെയ്തപ്പോൾ ആവേശക്കടലായി മാറുകയായിരുന്നു സെക്രട്ടേറിയറ്റ് പരിസരം.

സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന്റെ സമരം ട്രെൻഡിങ് ആയത് മുതൽ നിരവധിപേരാണ് ഇക്കഴിഞ്ഞ രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനെത്തിയിരുന്നത്. രണ്ട് ദിവസമായി നിരവധിയാളുകളെത്തിയിരുന്നുവെങ്കിലും ഇന്ന് ഇത്രയും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുമെന്ന് സംഘാടകർ പോലും പ്രതീക്ഷിച്ചുകാണില്ല. പതിനായിരകണക്കിന് ആളുകളാണ് ഇന്ന് തലസ്ഥാന നഗരത്തിലേക്ക് ശ്രീജിത്തിനെ കാണാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് പ്രതിഷേധ കൂട്ടായ്മ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രാവിലെ ആറര മണി മുതൽ തന്നെ ശ്രീജിത്തിനെ കാണാൻ ആളുകൾ എത്തിയിരുന്നു.

ശ്രീജിത്തിന്റെ അടുതെത്തുന്നവരുടെ തിരക്ക് കാരണം കയറ് കെട്ടി ശ്രീജിത്ത് കിടന്നിരുന്ന സ്ഥലം അടച്ചിരുന്നു.ശ്രീജിത്തിനെ നേരിട്ട് കാണാനായി സ്ഥിരം അയാൾ ഇരിക്കുന്ന മരത്തിന്റെ ചുവട്ടിലേക്ക് നിരവധിപേരെത്തിയതോടെ തിരക്ക് നിയന്ത്രിക്കാനും അധികൃതർ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. വിവിധ ഫേസ്‌ബുക്ക് വാട്സാപ്പ് ഗ്രൂപ്പുകളുടെ ആഹ്വാനവും സോഷ്യൽ മീഡിയയിലെ പ്രചരണവും കണ്ടാണ് തങ്ങൾ ഈ സമരത്തിന് എത്തിയത് എന്നാണ് ഭൂരിഭാഗം സമരക്കാരും മറുനാടൻ മലയാളിയോട് പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആഹ്വാനമില്ലാതെ ഒരു സൽപ്രവർത്തിക്ക് വേണ്ടി നടത്തിയ സമരത്തെ പതിവിന് വിപരീതമായി തലസ്ഥാന നഗരവാസികൾ പുകഴ്‌ത്തുകയും അതിലുപരി സമരത്തിൽ പങ്കാളിയാവുകയും ചെയ്തു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ സാമൂഹ്യമാധ്യമ കൂട്ടായ്മകളുടെ ഭാഗമായുള്ള ചെറുപ്പക്കാരാണ് സമരത്തിൽ അണിനിരന്നത്. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അഥീതമായി മനുഷ്യത്വമാണ് ഉയർന്ന് നിൽക്കേണ്ടത് എന്നതിന്റെ തെളിവാണ് സമരത്തിലെ ജനപങ്കാളിത്തം. രാഷ്ട്രീയ പാർട്ടികൾ പോലും തങ്ങളുടെ സമര പരിപാടികളിൽ സ്ത്രീകളെ പങ്കെടുപ്പിക്കാൻ ബുദ്ധിമുട്ടുന്ന കാലത്ത് കുട്ടികളും കുടുംബവും സഹിതം സമരത്തിന് നിരവധിപേരെത്തി. ഇതും സമരത്തിൽ അപൂർവ്വമായ ഒരു കാഴ്ചയായി. ഇന്നല രാത്രി വൈകിയും ഏകദേശം ഒന്നര മണിവരെ ശ്രീജിത്തിനൊപ്പം നിരവധി സ്ത്രീകൾ സമര വേദിയിലുണ്ടായിരുന്നു.

ഇന്ന് രാവിലെ മുതൽ എത്തിയ ആളുകൾ 10 മണിയായതോട്കൂടി സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾക്കൊള്ളാനാവുന്നതിലുമധികമായതോടെ ഗതാഗതം പോലും തടസ്സപ്പെട്ടേക്കുമെന്ന അവസ്ഥയായി. വന്നവരുടെയെല്ലാം ഒപ്പ് ശേഖരണം നടത്തിയ ശേഷം ഗവർണർക്ക് സമർപ്പിക്കുന്നതിനായുള്ള നിവേദനവും തയ്യാറാക്കുന്നുണ്ട്, ഒപ്പ് ശേഖരണത്തിന് ശേഷം സമരക്കാരെ്ലലാം രക്തസാക്ഷി മമ്ഡപത്തിന്റെ മുന്നിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. അവിടെ ഉൾക്കൊള്ളാവുന്നതിലുമധികം ആളുകളെത്തിയതോടെ പറഞ്ഞ സമയത്തിലും നേരത്തെ ജാഥ തുടങ്ങേണ്ടി വന്നു സംഘാടകർക്ക്. ഒരു രകാഷ്ട്രീയപാർട്ടിയുടേയും പേര് പറഞ്ഞ പരസ്പരം തർക്കമുണ്ടാകാതിരിക്കാൻ സമരക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ശ്രീജിത്തിന് നീതി എന്നല്ലാതെ മറ്റൊരു മുദ്രാവാക്യം ആരു തന്നെ മുഴക്കിയില്ല.ഇത്രയും കാലം ശ്രീജിത്തിനെ ഒരു സാംസ്‌കാരിക നായകനോ രാഷ്ട്രീയക്കാരനോ തിരിഞ്ഞ്നോക്കാതെയിരുന്നതിലുള്ള അമർഷവും സമരത്തിന് പങ്കെടുക്കാനെത്തിയവർ പ്രകടിപ്പിച്ചു.കേരളത്തിന് പുറത്ത് നിന്ന് പടിക്കുന്ന മലയാളി വിദ്യാർത്ഥികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. നടൻ ടോവിനോ സമര വേദിയിലെത്തിയതോടെ കൂടുതൽ ആവേശമായി മാറുകയായിരുന്നു.വി എം സുധീരൻ എത്തി ശ്രീജിത്തിനെ കണ്ട് മടങ്ങിയ ശേഷമാണ് ടൊവിനോ തോമസും സ്ഥലത്തെത്തിയത്. നീല ഷർട്ടും ജീൻസും ധരിച്ചെത്തിയ ടൊവിനോ ശ്രീജിത്തിന് ഒപ്പമിരുന്ന കാര്യങ്ങൾ തിരക്കി. സുഹൃത്തുക്കളോടാണ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചത്.

തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം നിയമം അനുശാസിക്കുന്ന രീതിയിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ മാത്രമേ ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.ഇവിടെ
വന്നവർ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവർ കാണുകയും ചെയ്യേണ്ടവർ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ പറഞ്ഞു. നേരത്തെ നിവിൻ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു.

സമരത്തിൽ പങ്കെടുത്തവർ ജാഥയായി സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോയപ്പോൾ ശ്രീജിത്തിന് തന്നെ പിന്തുണയാക്കാനെത്തിയവരെ കാണാനും അവസരമൊരുക്കിയിരുന്നു. ഇത്രയും പിന്തുണയോ എന്ന രീതിയിലായിരുന്നു ശ്രീജിത്ത് ഇവരെ നോക്കി കണ്ടത്. ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന മുദ്രാവാക്യവിളികൾ ചിരിയോടെയാണ് ശ്രീജിത്ത് നോക്കി കണ്ടത്.അധികാരികൾക്കെതിരേയും പൊലീസിനെതിരേയും വലിയ രീതിയിൽ പരിഹസിക്കുന്ന മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്. എന്തായാലും 765 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് ഒറ്റയ്ക്കല്ലെന്ന് വിളിച്ച് പറയുന്നതായിരുന്നു നേതാക്കളില്ലാത്ത ഈ സമരം.

2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.

അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാർ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കപ്പലണ്ടി കച്ചവടം നടത്തിയുരുന്നു. സമരം ചെയ്യാൻ വന്നവൻ സമരം ചെയ്താൽ മതി എന്ന് പറഞ്ഞ പൊലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാൻ ശ്രീജിത്തുകൊണ്ട് വന്ന പു്‌സ്തകങ്ങൾ പൊലീസ് എ.ആർ ക്യാമ്പിൽ കൊണ്ട് പോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു. ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധിപേർ രംഗതെത്തിയിരുന്നു. എന്നാൽ വാർത്ത പുറത്ത് വന്ന് ആദ്യഘട്ടത്തിൽ സംഭവം വൈറലായെങ്കിലും പിന്നീട് ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥയായി.

വിഷതച്തിൽ ഇടപെട്ട് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ വാക്ക് വെള്ളത്തിൽ വരച്ച വരയായി മാറി. പിന്നീട് പിണറായി വിജയൻ അധികാരത്തിൽ വന്ന ശേഷം ശ്രീജിത്തിനെ ഓഫീസിൽ വിളിച്ച് വരുത്തി നഷ്ടപരിഹാര തുക ഉടനെ കിട്ടുമെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പ് നൽകിയെങ്കിലും നഷ്ടപരിഹാര തുക കിട്ടിയതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. തന്റെ ആവശ്യം സിബിഐ അന്വേഷണമാണെന്നും അത് നടപ്പിലാവാതെ സമരം അവസാനിപ്പിക്കില്ലെന്നും തീരുമാനിച്ച ശ്രീജിത് സമരം തുടർന്നു. പിന്നീട് പിസി ജോർജ് എംഎൽഎ വിഷയം നിയമസഭയുടെ ശ്രദ്ധിയിൽ കൊണ്ട് വരികയും സമര സ്ഥലത്ത് നേരിട്ടെത്തി നാരങ്ങനീർ നൽകി സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാർ തന്നെ ഓരോ തവണയും ഓരോ കടലാസ് കാണിച്ച് സിബിഐ വരുന്നു, ഉടനെ അന്വേഷിക്കാം എന്നൊക്കെ പറയുന്നെങ്കിലും ഒന്നും വന്നില്ല. എത്രയും വേഗം അത് ലഭിക്കുമെന്നാണ് 765ാം ദിവസത്തിലും ശ്രീജിത്തിന്റെ പ്രതീക്ഷ. വെയിലും മഴയും കൊണ്ട് തിരക്കേറിയ നഗരപാതയിൽ ശ്രീജിത്തിനെ കാണുന്ന ഹൃദയമുള്ള ഒരാൾക്കും സങ്കടം അടക്കാനാകില്ല.നല്ല ആരോഗ്യമുള്ള യുവാവായി സമരം തുടങ്ങിയശ്രീജിത്ത് ഇപ്പോൾ എല്ലുന്തിയ അവസ്ഥയിലാണ്.